ബെംഗളൂരു: മലയാളി അടക്കം രണ്ടു പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി ജോക്കര്‍ ഫെലിക്സ് ഉള്‍പ്പെടെ നാലംഗ സംഘം അറസ്റ്റില്‍. ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ കമ്പനി എയ്റോണിക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒയും കോട്ടയം പനച്ചിക്കാട് കുഴിമറ്റം സ്വദേശിയുമായ ആര്. വിനുകുമാര്‍ (47), എംഡി ഡി. ഫണീന്ദ്ര സുബ്രഹ്മണ്യ (38) എന്നിവരാണ് ചൊവ്വാഴ്ച വൈകിട്ട് അമൃതഹള്ളിയിലെ കമ്പനി ഓഫീസില്‍ കൊല്ലപ്പെട്ടത്.
കുഴിമറ്റം രുഗ്മിണി വിലാസത്തില്‍ രുഗ്മിണിയമ്മയുടെയും പരേതനായ രവീന്ദ്രന് നായരുടെയും മകനാണ് വിനുകുമാര്‍. ഭാര്യ: ശ്രീജ. മക്കള്‍: അഭിനന്ദ് (ഡിഗ്രി വിദ്യാര്‍ത്ഥി), ഋഷിനന്ദ്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പില്‍.
സംഭവത്തില്‍ ബന്നാര്‍ഘട്ട റോഡിലെ ദേവര ചിക്കനഹള്ളി സ്വദേശിയും എയ്റോണിക്സ് മുന്‍ ജീവനക്കാരനുമായ ജോക്കര്‍ ഫെലിക്സ് എന്ന ശബരീഷ് (27), രൂപേന അഗ്രഹാര സ്വദേശി വിനയ് റെഡ്ഡി (23), മാരേനഹള്ളി സ്വദേശി സന്തു എന്ന സന്തോഷ് (26), ഹെബ്ബാളിലെ ജി-നെറ്റ് എന്ന ഐഎസ്പി കമ്പനി മേധാവി അരുണ്‍ കുമാര്‍ ആസാദ് എന്നിവരാണ് പിടിയിലായത്. കുനിഗലിലെ എസ്കെഎന്‍ ലോഡ്ജില്‍ നിന്നാണ് പോലീസ് ഫെലിക്സ്, വിനയ്, സന്തോഷ് എന്നിവരെ കസ്റ്റഡിയിലെടുത്തത്. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഫെലിക്സും കൂട്ടാളികളും കാറില്‍ മജസ്റ്റിക്കില്‍ എത്തിയ ശേഷം കുനിഗലിലേക്ക് വണ്ടി കയറുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നുള്ള സൂചനകള്‍ പിന്തുടര്ന്നാണ് പോലീസ് ഇവരെ പിടികൂടിയത്.
ചൊവ്വാഴ്ച്ച വൈകീട്ട് നാല് മണിയോടെയായിരുന്നു നഗരത്തെ നടുക്കിയ കൊലപാതകം. അമൃതഹള്ളി പമ്പാ എക്സ്റ്റന്‍ഷനിലെ കമ്പനി ഓഫീസില്‍ കടന്നുകയറി രണ്ടുപേരെയും ഫെലിക്സ് വെട്ടിക്കൊല്ലുകയായിരുന്നു. ആദ്യം ഫണീന്ദ്രയെയാണ് ആക്രമിച്ചത്. ഇദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ച വിനുകുമാറിനേയും വെട്ടുകയായിരുന്നു.
ഫെലിക്സ്, വിനയ്, സന്തോഷ് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് അരുണിന്റെ പങ്ക് വെളിപ്പെട്ടത്. തുടര്‍ന്ന് കെംപെഗൗഡ വിമാനത്താവളത്തില്‍ നിന്നും ഇയാളെ അറസ്റ്റ് ചെയ്തു. ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതില്‍ ഫെലിക്സിനുണ്ടായ വൈരാഗ്യം മുതലെടുത്ത് ഇരുവരേയും കൊലപ്പെടുത്താന്‍ അരുണ്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.
ജോലിയില്‍ നിന്ന് പിരിച്ചു വിട്ട ശേഷം ഫെലിക്സ് മറ്റൊരു സ്റ്റാര്‍ട്ട് അപ്പ് തുടങ്ങിയിരുന്നു. എന്നാല്‍ എയ്റോണിക്സ് എന്ന കമ്പനി ഈ സ്റ്റാര്‍ട്ട് അപ്പിന് ഭീഷണി ആണെന്ന് ഫെലിക്സ് വിശ്വസിച്ചു. അതേസമയം ജി-നെറ്റിന്റെ പ്രധാന എതിരാളികളായിരുന്നു എയ്റോണിക്സ്. ജി-നെറ്റിലെ പല ജീവനക്കാരും എയ്റോണിക്സിലേക്ക് മാറിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് അരുണിനെ നയിച്ചതെന്ന് സിറ്റി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: