പാലാ: റബ്ബര്‍ ഉത്പാദനരംഗത്തെ വര്‍ദ്ധിച്ച ചെലവ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. സംസ്ഥാനത്തെ കാര്‍ഷിക മേഖലയിലെ പ്രധാന വരുമാന സ്രോതസെന്ന സ്ഥാനത്ത് നിന്ന് റബ്ബര്‍ കൃഷി ക്രമേണ പിന്തള്ളപ്പെടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. റബ്ബര്‍ ബോര്‍ഡ് പല ക്രിയാത്മക പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നുണ്ടെങ്കിലും ചെറുകിട കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിയില്‍, പ്രത്യേകിച്ച് തിരുവിതാംകൂര്‍-മലബാര്‍ മേഖലയില്‍ മുഖ്യപങ്ക് വഹിച്ചിരുന്നത് സ്വാഭാവിക റബ്ബര്‍ കൃഷിയും അതിനിന്നുള്ള വരുമാനത്തെയും ആശ്രയിച്ചായിരുന്നു. ചെറുതും വലുതുമായ നിരവധി വ്യവസായങ്ങളും തൊഴിലവസരങ്ങളും ഇത് കേരളത്തിന് നേടിത്തന്നു. ഹരിതവനം പോലെ റബ്ബര്‍ മരങ്ങള്‍ വളരുന്നതിന് അനുകൂല കാലാവസ്ഥയും വര്‍ധിച്ച ഉത്പാദനവും കേരളത്തെ റബ്ബര്‍ കര്‍ഷകരുടെ പ്രിയപ്പെട്ട ഇടമാക്കി.
നഴ്‌സറികള്‍ ഗവേഷണം വഴി സൃഷ്ടിച്ച ഉദ്പാദനക്ഷമത കൂടിയ ഒട്ട് തൈകള്‍ തോട്ടങ്ങള്‍ കീഴടക്കിയതോടെ റബ്ബര്‍ കൃഷി കൂടുതല്‍ വരുമാനവും ലാഭവും തരുന്ന, പ്രധാന കൃഷിയായി. കൂടുതല്‍ കര്‍ഷകര്‍ റബ്ബര്‍ കൃഷിയിലേയ്‌ക്ക് മാറുകയും ചെയ്തു. നാണ്യവിളകളും നെല്‍കൃഷിയും വരെ ഉപേക്ഷിച്ച് റബ്ബറിനെ ആശ്രയിച്ച മലയാളികളിന്ന് വരുമാനനഷ്ടം മൂലം റബ്ബര്‍ കൃഷി ഉപേക്ഷിക്കുകയാണ്. നീണ്ട ഏഴ്, എട്ട് പതിറ്റാണ്ടുകാലം മധ്യകേരളത്തിന്റെ സാമ്പത്തിക സുവര്‍ണകാലത്തിന് അടിത്തറയിട്ട റബ്ബര്‍ കൃഷിയുടെ പ്രതാപം അസ്തമിക്കുയാണോയെന്ന സംശയങ്ങളും കര്‍ഷകര്‍ക്കിടയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഉത്പാദനച്ചെലവും കൂലിച്ചെലവും വര്‍ധിക്കുകയും വിലത്തകര്‍ച്ച നേരിടുകയും ചെയ്തതോടെ റബ്ബര്‍ കൃഷി നഷ്ടമായതായി കര്‍ഷകര്‍ പറയുന്നു.
പുതുതലമുറ വിദ്യാഭ്യാസവും തൊഴിലും തേടി കേരളം വിടുന്നതും കൃഷി ഉപേക്ഷിക്കുന്നതും റബ്ബറിന് തിരിച്ചടിയായി. ഉത്പാദനം കഴിഞ്ഞ് തടി വെട്ടിയിറങ്ങുന്ന തോട്ടങ്ങളെല്ലാം റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകള്‍ വാങ്ങി വില്ലകള്‍ നിര്‍മ്മിച്ചും ചെറു പ്ലോട്ടുകളാക്കി മറിച്ചുവിറ്റും വന്‍ ലാഭമുണ്ടാക്കാവുന്ന കച്ചവടമാക്കി. 1950ല്‍ റബ്ബര്‍ കൃഷി ചെയ്തിരുന്ന സ്ഥലവിസ്തൃതി 50,000 ഹെക്ടറും ഉത്പാദനം 15000 ടണ്ണുമായിരുന്നു. അധ്വാനശീലരായ കര്‍ഷകരുടെ കഠിന പ്രയത്‌നവും മൂലധന നിക്ഷേപവും സര്‍ക്കാരിന്റെയും റബ്ബര്‍ ബോര്‍ഡിന്റെയും സംയുക്തശ്രമവും റബ്ബര്‍ കൃഷി മേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാക്കി.
2012-13 ല്‍ ഉത്പാദനം 9.50 ലക്ഷം ടണ്ണും കൃഷി ഭൂമിയുടെ വിസ്തീര്‍ണ്ണം ഏഴു ലക്ഷം ഹെക്ടറും കര്‍ഷകരുടെ എണ്ണം 10 ലക്ഷത്തിലേറെയുമായി മുന്നേറി. വന്‍കിട എസ്റ്റേറ്റ് മേഖല എന്ന സങ്കല്‍പ്പത്തില്‍ നിന്ന് അര ഹെക്ടറിലും താഴെ ചെറുകിട കര്‍ഷക സംരംഭകരുടെ പ്രതീഷ എന്നനിലയിലേയ്‌ക്ക് റബ്ബര്‍ കൃഷി വ്യാപിച്ചു. ഇന്ത്യയില്‍ ആവശ്യമായ റബ്ബറിന്റെ സിംഹഭാഗവും ഇവിടെത്തന്നെ ഉത്പാദിപ്പിക്കുകയും മിച്ചം വരുന്നത് കയറ്റിയയച്ച് വിദേശനാണ്യം നേടുന്നതിനുമുള്ള തീവ്രയത്‌നത്തിലാണ് റബ്ബര്‍ കര്‍ഷകര്‍ ഏര്‍പ്പെട്ടിരുന്നത്. ഈ ലക്ഷ്യത്തില്‍ മുന്നേറുന്നതിനിടെയാണ് അന്തര്‍ദേശീയ തലത്തിലെ റബ്ബറിന്റെ വിലത്തകര്‍ച്ച കര്‍ഷകരെ കടുത്ത നിരാശയിലേയ്‌ക്ക് തള്ളിയത്.
കഴിഞ്ഞ ദശകങ്ങളില്‍ ഉദ്പാദനരംഗത്ത് വന്‍ കുതിച്ചുചാട്ടം സാധ്യമാക്കിയ റബ്ബര്‍ കൃഷി ഇന്ന് ഗുരുതര തകര്‍ച്ചയെയാണ് നേരിടുന്നത്. റബ്ബര്‍ത്തോട്ടങ്ങള്‍ കച്ചവട വീട് നിര്‍മാണത്തിന് വഴി മാറി. പലയിടങ്ങളിലും വില്ലകളും വമ്പന്‍ വീടുകളുമാണ് ഉയര്‍ന്ന് നില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: