ഹരിപ്പാട്: വാഹന അപകട കേസില്‍ അകപ്പെട്ട് നാട്ടില്‍ വരാന്‍ കഴിയാതെ ദുരിതത്തില്‍ ആയിരിക്കുകയാണ് കരുവാറ്റ സ്വദേശി രമണന്‍. 28 വര്‍ഷത്തോളമായി ഖത്തറില്‍ ഡ്രൈവിങ് വിസയില്‍ ഹൗസ് ഡ്രൈവര്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് സംഭവം.
രമണന്‍ രണ്ടു വര്‍ഷം മുമ്പ് വാഹന പാര്‍ക്കിങ്ങിനിടെ അബദ്ധത്തില്‍ വണ്ടി പിറകോട്ടു പോകുകയും വീട്ടുജോലിക്കാരി ആയിരുന്ന ഫിലിപ്പീനിയുടെ കാലില്‍ സാരമായ പരിക്ക് പറ്റുകയും ചെയ്തു. കേസായി, പൊല്ലാപ്പായി ജോലിയും പോയി. സ്‌പോണ്‍സര്‍ അവിടുന്ന് പറഞ്ഞു വിട്ടു. കുറച്ചു ദിവസം കഴിഞ്ഞു വേറെ ഒരു ജോലിയില്‍ ആയിരുന്ന ഇദ്ദേഹത്തെ പോലീസ് പിടിച്ചു കൊണ്ടുപോവുകയും ഇക്കാമ പരിശോധിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പേരില്‍ കേസ് ഉണ്ടെന്നും കേസ് തീര്‍ത്തിട്ട് വന്നാല്‍ മതിയെന്നും പറഞ്ഞു രണ്ടു ദിവസം ജയിലില്‍ കിടത്തി അവിടെ നിന്നും പറഞ്ഞു വിട്ടു.
കേസില്‍ നല്ലൊരു തുക നഷ്ടപരിഹാരമായി ഫിലിപ്പീനിക്ക് കോടതി വിധിച്ചിട്ടുണ്ടെങ്കിലും നിലവില്‍ അത് വാങ്ങാന്‍ അപകടം സംഭവിച്ച ജോലിക്കാരി സ്ഥലത്ത് ഇല്ലാത്തതു കാരണം ഇദ്ദേഹം മൂന്ന് വര്‍ഷമായി നാട്ടില്‍ പോകാന്‍ സാധിക്കാതെ, വിസയും തീര്‍ന്ന്, അസുഖ ബാധിതനായി ഖത്തറിലെ അസിസിയയില്‍ കഴിയുകയാണ്. ഉടമയുടെയും റൂമില്‍ കഴിയുന്നവരുടെയും സന്മനസ്സിലാണ് വാടകയും ഭക്ഷണവും. വക്കീലന്മാരെയൊക്കെ ബന്ധപ്പെട്ടു കേസിന്റെ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നുണ്ട്. വീട്ടില്‍ കുടുംബത്തോടൊപ്പം കഴിയേണ്ട ഈ പ്രായത്തില്‍ ഖത്തറില്‍ വേദനകള്‍ കടിച്ചമര്‍ത്തി കഴിയേണ്ടിവരുന്ന ഈ 69കാരനെ സഹായിക്കാന്‍ ആരെങ്കിലും എത്തണമെന്നാണ് പ്രാര്‍ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: