മണികണ്ഠന് കുറുപ്പത്ത്
കാഞ്ഞാണി: പ്ലസ് വണ്‍ പ്രവേശനോത്സവത്തിനെത്തിയ വിദ്യാര്‍ത്ഥികളെയും അതിഥികളെയും സ്വീകരിച്ചത് മനുഷ്യരല്ല, റോസാപ്പൂവുമായി ഒരു റോബോട്ടാണ്. ആശ്ചര്യമേകാന് റോബോട്ടിനെ നിര്‍മിച്ച് കാത്തുനിന്നത് മുതിര്‍ന്ന ക്ലാസിലെ വിദ്യാര്‍ത്ഥികളും. അരിമ്പൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ് വണ്‍ പ്രവേശനോത്സവമാണ് പുതുമ കൊണ്ട് വ്യത്യസ്തമായത്.
വിദ്യാലയത്തിലേക്ക് പഠനത്തിനായി പടികടന്നെത്തുന്ന പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് പുതുമയുള്ള സ്വീകരണം നല്‍കാനായിട്ടാണ് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ റോബോട്ടിനെ നിര്‍മിച്ചത്. പ്ലസ് വണ്‍ പ്രവേശനോത്സവത്തിനായി സ്കൂളിലെത്തിയ വിദ്യാര്‍ത്ഥികളെ പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് റോബോട്ടിനെ കൊണ്ട് വരവേറ്റത്. കടന്നുവന്ന ഓരോരുത്തര്‍ക്കും റോബോട്ട് പ്രത്യേകം റോസാപ്പൂക്കള്‍ അടുത്തേക്ക് സഞ്ചരിച്ചെത്തി നല്കി. സ്കൂളിലെ വരാന്തയില്‍ റോബോട്ട് തലങ്ങും വിലങ്ങും സഞ്ചരിച്ചു. ചടങ്ങിന് എത്തിയ വിശിഷ്ടാതിഥികള്‍ക്കും റോബോട്ട് പൂക്കള്‍ നല്കി.
അധ്യയനത്തിന്റെ ആദ്യദിനം തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക ഉല്ലാസവും അറിവും സമ്മാനിക്കാന്‍ ഉതകും വിധമാണ് റോബട്ടിനെ സജ്ജമാക്കിയിരുന്നത്. അധ്യാപിക സ്മിത, ആല്വിന്, സെബി എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളായ ബെനഡിക്ട് പോള്‍, ബെവിന്‍ ജോണ്‍, കെ.എസ്. സച്ചിന്, അഭിനവ്, രോഹിത്, ദ്രുപദ്, അക്ഷയ്കുമാര്‍, ഫിഡല്‍ എന്നിവരാണ് റോബോട്ട് നിര്‍മിച്ചത്. പ്രവേശനോത്സവം സ്കൂള്‍ മാനേജര്‍ ഫാ. റോയ് ജോസഫ് വടക്കന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ നീതി ഡേവിസ് അധ്യക്ഷയായി. സൈബോട്ട് എന്നാണ് റോബോട്ടിന് വിദ്യാര്‍ത്ഥികള്‍ നല്കിയ പേര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: