തിരുവനന്തപുരം: സെക്യൂരിറ്റി നിയമനത്തിൽ വിമുക്ത സൈനികരെ അധിക്ഷേപിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർ. വേണ്ടത്ര ആരോഗ്യമോ ഉയരമോ ഇല്ലാത്തവരെന്ന് കോടതിയിൽ അറിയിച്ചാണ് മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതി അഭിഭാഷകന്റെ അധിക്ഷേപം.
സെക്യൂരിറ്റി നിയമനത്തിൽ വിമുക്തഭടന്മാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് എക്‌സ് സർവ്വീസ്മാൻ വെൽഫെയർ ആന്റ് റീഹാബിലിറ്റേഷൻ അസോസിയേഷൻ ഹൈക്കോടതിയിൽ നൽകിയ പരാതിയിലുള്ള വിചാരണയിലാണ് വിമുക്ത സൈനികർക്ക് നേരെ അധിക്ഷേപം ഉന്നയിച്ചത്. കരാറടിസ്ഥാനത്തിൽ സെക്യൂരിറ്റിയായി വിമുക്തഭടന്മാരെ നൽകിയിരുന്ന സർക്കാർ നിയന്ത്രണത്തിലുള്ള കെക്‌സോൺ കരാർ തുക വർദ്ധിപ്പിച്ചുവെന്നും ഇങ്ങനെ നൽകുന്ന വിമുക്തഭടന്മാർക്ക് വേണ്ടത്ര ആരോഗ്യമോ ഉയരമോ ഇല്ല. അതുകൊണ്ടുതന്നെ ആരോഗ്യപ്രവർത്തകർക്ക് സുരക്ഷിതത്വം ഉറപ്പാക്കാൻ വിമുക്ത സൈനികർക്ക് കഴിയില്ലായെന്ന നിഗമനത്തിലായിരുന്നു പരാമർശം.
അതേസമയം അഭിഭാഷകന്റെ പരാമർശം വിമുക്ത സൈനികരെ ഒന്നടങ്കം അധിക്ഷേപിച്ച നിലയിലേയ്‌ക്ക് മാറിയിരിക്കുകയാണ്. അക്രമികളെ നേരിടാനുള്ള കൃത്യമായ പരിശീലനം നേടി രാജ്യത്തിന് വേണ്ടി 15 മുതൽ 18 വർഷം വരെ സേവനം അനുഷ്ഠിച്ച ശേഷമാണ് സൈനികർ വിരമിക്കുന്നത്. ഇങ്ങനെയുള്ള വിമുക്ത സൈനികർക്ക് ആരോഗ്യവും കാര്യശേഷിയുമില്ലായെന്ന് പറഞ്ഞത് അംഗീകരിക്കാൻ കഴിയില്ല. ഒന്നുകിൽ അഭിഭാഷകന്റെ അജ്ഞ്ഞതയോ അല്ലെങ്കിൽ സ്വകാര്യ ഏജൻസി വഴി ആശുപത്രി അധികൃതർക്ക് സെക്യൂരിറ്റി തസ്തികയിലേയ്‌ക്ക് ഇഷ്ടക്കാരെ തിരുകി കയറ്റാൻ വേണ്ടി കരുതിക്കൂട്ടി പറഞ്ഞതാകാമെന്ന് എക്‌സ് സർവ്വീസ്മാൻ വെൽഫെയർ ആന്റ് റിഹാബിലിറ്റേഷൻ അസോസിയേഷൻ പ്രസിഡന്റ് രാജേഷ് കുമാർ പറഞ്ഞു.
എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും പൊതുമേഖല സ്ഥാപനങ്ങളിലും സെക്യൂരിറ്റിയായി കെക്‌സോൺ വഴി വിമുക്ത സൈനികരെയോ അവരുടെ ആശ്രിതരെയോ നിയമിക്കണമെന്ന സർക്കാർ ഉത്തരവ് വന്നത്. എന്നാൽ ഈ ഉത്തരവിനെ മറികടന്നാണ് 2016 മുതൽ എൽഡിഎഫ് സർക്കാർ സ്വകാര്യ ഏജൻസി വഴി സെക്യൂരിറ്റി നിയമനം നടത്തിയിരിക്കുന്നത്. ഡോക്ടർ വന്ദന കൊല ചെയ്യപ്പെട്ട സംഭവത്തിൽപ്പോലും മറ്റ് ജീവനക്കാർ നോക്കി നിൽക്കെ പ്രതിയോട് നേരിട്ടത് വിമുക്തഭടനായിരുന്നു.ഇത് പ്രഥമദൃഷ്ടിയാൽ വ്യക്തമായിരിക്കേ വിമുക്ത സൈനികരുടെ കഴിവിനെ അധിക്ഷേപിച്ചത് ന്യായീകരണ യോഗ്യമല്ല. സൈനികരെ സെക്യൂരിറ്റിയായി നിയമിക്കുന്നതിൽ കെക്‌സോൺ കരാർ തുക കൂടുതൽ ചോദിച്ചെന്ന പരാമർശത്തിൽ ആശുപത്രി അധികൃതർ കെക്‌സോൺ, വിമുക്ത സൈനികരുടെ സംഘടനകൾ എന്നിവരുമായി ചർച്ച നടത്തി തീരുമാനം പത്ത് ദിവസത്തിനകം അറിയിക്കണമെന്ന് ഇടക്കാല ഉത്തരവിലൂടെ കോടതി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ നാലിനാണ് ഉത്തരവ് വന്നത്. എന്നാൽ ചർച്ചയ്‌ക്ക് ആശുപത്രി അധികൃതർ തയ്യാറാകുന്നില്ലായെന്ന് രാജേഷ് കുമാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: