കൊല്ലം: ‘ജന്മഭൂമി’ കൊല്ലത്ത് സംഘടിപ്പിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്, അശോകചക്ര അനുസ്മരണ പ്രഭാഷണ പരിപാടി അഭിമാനമെന്ന് സന്ദീപ് ഉണ്ണികൃഷ്ണന്റെ അച്ഛനമ്മമാരായ ഉണ്ണികൃഷ്ണനും ധനലക്ഷ്മിയും.അനുസ്മരണ പരിപാടിയില്‍ ഓണ്‍ലൈനായി പങ്കെടുത്ത് നല്കിയ സന്ദേശത്തിലാണ് ‘ജന്മഭൂമി’ക്ക് നന്ദിപറഞ്ഞ് അച്ഛനമ്മമാരുടെ പ്രതികരണം. ‘സന്ദീപ് ഉണ്ണികൃഷ്ണന്റെ പേരില്‍ വാര്‍ഷിക പ്രഭാഷണ പരിപാടി നടത്തുന്ന ജന്മഭൂമിക്ക് നന്ദി, ഇത് അഭിമാനമാണ്, എല്ലാ അനുഗ്രഹങ്ങളും. പങ്കെടുക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷെ, വരാന്‍ സാധിച്ചില്ല. വളരെ നന്ദി.
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് അനുസ്മരണ പരിപാടി നടത്തുന്നത് സംബന്ധിച്ച് സന്ദീപിന്റെ അച്ഛനും അമ്മയുമായി ബന്ധപ്പെട്ടപ്പോള്‍, കേരളത്തില്‍ ഇത്തരത്തില്‍ സന്ദീപ് ഉണ്ണികൃഷ്ണന് അനുസ്മരണം നടക്കുമോ, നടന്നാല്‍ ആളുകള്‍ പങ്കെടുക്കുമോ, പരിപാടി തീരുംവരെ സദസില്‍ ഇരിക്കുമോ, ഇടയ്ക്ക് ഇറങ്ങിപോകില്ലെ, തുടങ്ങി നിരവധി ആശങ്കകളാണ് രണ്ടുപേരും പങ്കുവച്ചത്. മലയാളികളുടെ അഭിമാനമായ ഈ ധീര സൈനികനെ സ്മരിക്കുന്ന ഒരു പരിപാടിയും ഇതുവരെ കേരളത്തില്‍ നടക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം.
ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ സന്ദീപ് ഉണ്ണികൃഷ്ണനൊപ്പം പരിശീലനം നേടിയ കേണല്‍ എസ്. ഡിന്നിയായിരുന്നു സംഘാടകസമിതി ചെയര്മാന്. അദ്ദേഹമാണ് സന്ദീപിന്റെ അച്ഛനമ്മമാരുമായി ബന്ധപ്പെട്ടത്. വളരെ താത്പര്യത്തോടെ, ആരോഗ്യ പ്രശ്നങ്ങള്‍ ബുദ്ധിമുട്ടിച്ചില്ലെങ്കില്‍ പരിപാടിയിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ബെംഗളൂരുവില്‍ നിന്ന് ഇത്രദൂരം യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് ആ ആഗ്രഹത്തിന് വിലങ്ങുതടിയായി. എങ്കിലും ഓണ്‍ലൈനിലൂടെ സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: