നോയ്ഡ : പാകിസ്ഥാനില്‍ നിന്ന് നാല് മക്കളുമായി എത്തി ഇന്ത്യയിലുളള കാമുകനൊപ്പം താമസിച്ച മുസ്ലീം യുവതി പിടിയിലായ വാര്‍ത്ത ഏതാനും ദിവസം മുമ്പാണ് പുറത്തുവന്നത്. യുവതിയും ഒപ്പം പിടിയിലായ കാമുകനും കഴിഞ്ഞ ദിവസം ജാമ്യം കിട്ടിയതിനെ തുടര്‍ന്ന് പുറത്തിറങ്ങി.
ഉത്തര്‍പ്രദേശില്‍ ഗ്രേറ്റര്‍ നോയിഡയിലെ റബുപുരയിലെ വീട്ടിലെത്തിയ പാകിസ്ഥാന്‍കാരി സീമ ഹൈദറും കാമുകന് സച്ചിന് മീണയും മറ്റൊരു പ്രസ്താവന കൂടി നടത്തി. മുസ്ലീം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചെന്നും കടലാസുപണികള്‍ പൂര്‍ത്തിയാക്കി ഉടന്‍ സച്ചിന് മീണയെ വിവാഹം കഴിക്കുമെന്നും യുവതി പറഞ്ഞു.
‘സീമ എന്നത് ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പൊതുവായുള്ള പേരാണ്. അതിനാല്‍ എന്റെ ആദ്യ പേര് മാറ്റേണ്ടതില്ലെന്ന് സച്ചിന് പറഞ്ഞു. ഞാന്‍ എന്നെ സീമ എന്നോ സീമ സച്ചിന് എന്നോ വിളിക്കും. ഞങ്ങള്‍ ഞങ്ങളുടെ കുട്ടികളുടെ പേരുകള്‍ രാജ്, പ്രിയങ്ക, പരി, മുന്നി എന്നാക്കി മാറ്റി-യുവതി പറഞ്ഞു.
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഖൈര്‍പൂര്‍ ജില്ലയില്‍ താമസിച്ച് വന്ന സീമ ഹൈദര്‍ നേപ്പാള്‍ വഴി രഹസ്യമായി മേയ് 13നാണ് ഇന്ത്യയില്‍ കടന്നത്. അനുരാഗബദ്ധയായി കാമുകനെ കാണാനുളള യാത്രയ്ക്ക് വേണ്ടി പണം സ്വരൂപിച്ചത് സ്വന്തമായുണ്ടായിരുന്ന സ്ഥലം 12 ലക്ഷം രൂപയ്ക്ക് വിറ്റാണ്.
ഇന്ത്യയിലെത്തിയ സീമയെയും മക്കളെയും കൂട്ടി സച്ചിന് തന്റെ മാതാപിതാക്കള്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള റബുപുരയിലെ വാടക വീട്ടിലേക്ക് മാറി. താന്‍ ദല്‍ഹിയില്‍ നിന്നാണെന്നും സച്ചിനെ വിവാഹം കഴിച്ചതാണെന്നുമാണ് അയല്‍ക്കാരോട് സീമ പറഞ്ഞത്.ബോധപൂര്‍വ്വം ഉറുദു ഒഴിവാക്കി കൂടുതല്‍ ഹിന്ദി വാക്കുകള്‍ സംസാരിക്കുകയും ചെയ്തു.
എന്നാല്‍ , താമസിയാതെ അയല്ക്കാര്ക്ക് പന്തികേട് തോന്നിത്തുടങ്ങി. പാകിസ്ഥാന്കാരിയാണെന്ന് സംശയമായി. പൊലീസ് തിരച്ചില്‍ ആരംഭിച്ചതോടെ കാമുകീകാമുകന്മാര് ബല്ലഭ്ഗഡിലേക്ക് രക്ഷപ്പെട്ടെങ്കിലും ഈ മാസം 4 ന് അറസ്റ്റിലായി.
തന്റെ കുടുംബാംഗങ്ങള്‍ സീമയെ മക്കള്‍ക്കൊപ്പം സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് സച്ചിന് മീണ പറഞ്ഞു. സീമയ്ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അഭ്യര്‍ത്ഥിക്കുകയാണെന്നും യുവാവ് പറഞ്ഞു. പരമ്പരാഗത ഹിന്ദു രീതിയില്‍ വിവാഹം സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് 13 ന് കാഠ്മണ്ഡുവില്‍ വച്ച് തങ്ങള്‍ വിവാഹിതരായെന്നും എന്നാല്‍ അതിന്റെ രേഖകളോ സാക്ഷികളോ ഇല്ലെന്നും ദമ്പതികള്‍ പറഞ്ഞു.
ഗംഗാ സ്നാനം നടത്തി ഹിന്ദു ആചാരപ്രകാരം ഔപചാരികമായ വിവാഹ ചടങ്ങ് ഉടന്‍ നടത്തുമെന്ന് സച്ചിന്റെ മാതാപിതാക്കള്‍ പറഞ്ഞു. അവര്‍ ഒരുമിച്ച് ജീവിക്കാന്‍ താത്പര്യപ്പെടുന്ന സാഹചര്യത്തില്‍ അതിന് അനുവദിക്കണമെന്നാണ് അയല്‍ക്കാരും ഇപ്പോള്‍ പറയുന്നത്.
അതേസമയം, ഇസ്ലാമോ ഹിന്ദുമതമോ ഒരു സ്ത്രീ വിവാഹിതയായിരിക്കുമ്പോള്‍ മറ്റൊരു വിവാഹം കഴിക്കാന്‍ അനുവദിക്കുന്നില്ലെന്നും സീമയെ തിരികെ അയയ്ക്കണമെന്ന് മോദി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണെന്നുമാണ് സൗദി അറേബിയയില്‍ ജോലി ചെയ്യുന്ന സീമയുടെ ഭര്‍ത്താവ് ഗുലാം ഹൈദര്‍ വീഡിയോ സന്ദേശത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഭര്‍ത്താവ് ഫോണിലൂടെ വിവാഹമോചനം നേടിയതാണെന്നും തങ്ങള്‍ തമ്മില്‍ ഏറെക്കാലമായി ബന്ധമില്ലെന്നും സീമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: