ന്യൂദല്‍ഹി: 2025 ഓടെ 20 ശതമാനം എത്തനോള്‍ കലര്‍ന്ന പെട്രോള്‍ ഇ20 ഇന്ത്യയിലുടനീളം ലഭ്യമാകുമെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി . ഇന്ത്യന്‍ വാണിജ്യ ചേംബറിന്റെ യോഗത്തെ അഭിസംബോധന ചെയ്യവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്ത് ആദ്യത്തെ ഇ 20 പ്രത്യേക ഇന്ധന വില്പന കേന്ദ്രം ഫെബ്രുവരിയില്‍ തുറന്നു. അതിനുശേഷം ഇതിനകം 600 ഇത്തരം വില്പന കേന്ദ്രങ്ങള്‍ തുറന്നു.
പെട്രോളില്‍ എത്തനോള്‍ കലര്‍ത്തുന്നത് 2013-14ല്‍ 38 കോടി ലിറ്ററായിരുന്നത് 2021-22ല്‍ 433 കോടി ലിറ്ററായി ഉയര്‍ന്നതായി മന്ത്രി അറിയിച്ചു. ജൈവ ഇന്ധനങ്ങള്‍ വില്‍ക്കുന്ന കേന്ദ്രങ്ങളുടെ എണ്ണം 2016-17ല്‍ മുപ്പതിനായിരത്തില്‍ നിന്ന് 67,640 ആയി വര്‍ദ്ധിച്ചതായും ഹര്‍ദീപ് സിംഗ് പുരി വെളിപ്പെടുത്തി.
കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ എല്ലാ മേഖലയിലും ഇന്ത്യ വളര്‍ച്ച നേടിയതായി മന്ത്രി പറഞ്ഞു. ലോകത്തിലെ മൂന്നാമത്തെ വലിയ ഊര്‍ജ്ജ ഉപഭോക്താവ്, മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവ്, മൂന്നാമത്തെ വലിയ എല്‍പിജി ഉപഭോക്താവ് എന്നീ നിലകളില്‍ രാജ്യം ഇപ്പോള്‍ നില്ക്കുന്നതിനാല് വളര്‍ച്ച-ഊര്‍ജ്ജ പരസ്പരബന്ധം പ്രകടമായി ദൃശ്യമാണെന്ന് ഹര്‍ദീപ് പുരി പറഞ്ഞു.
നാലാമത്തെ വലിയ ദ്രവീകൃത പ്രകൃതി വാതക ഇറക്കുമതി രാജ്യം, എണ്ണ ശുദ്ധീകരണത്തില്‍ നാലാമത്തെ വലിയ രാജ്യം, ലോകത്തെ നാലാമത്തെ വലിയ ഓട്ടോമൊബൈല്‍ വിപണി എന്നിങ്ങനെയാണ് ഇന്ത്യയുടെ സ്ഥാനമെന്ന് ഹര്‍ദീപ് സിംഗ് പുരി വെളിപ്പെടുത്തി. ഇന്ത്യയുടെ വളര്‍ച്ച ലോകമെമ്പാടും വിസ്മയവും ആത്മവിശ്വാസവും ഉണര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: