കോഴിക്കോട്: ആറ് പതിറ്റാണ്ടിലേറെക്കാലത്തെ രേഖാചിത്ര രചനകളിലൂടെ മലയാളിയുടെ വായനാ സംസ്‌കാരത്തെ സമ്പുഷ്ടമാക്കുകയും വായനക്കാരുടെ സൗന്ദര്യബോധത്തെ പുതുക്കിപ്പണിയുകയും ചെയ്ത അതുല്യ കലാകാരനായിരുന്നു ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെന്ന് അനുസ്മരണ സന്ദേശത്തില്‍ തപസ്യ കലാസാഹിത്യവേദി അഭിപ്രായപ്പെട്ടു.
നീണ്ട ഒരു കാലഘട്ടത്തില്‍ മലയാളിയുടെ വായനാഭിരുചി നിര്‍ണയിച്ച നിരവധി നോവലുകള്‍ക്കുവേണ്ടി വരച്ച രേഖാചിത്രങ്ങളിലൂടെ സ്വന്തമായ ഒരു കലാലോകം തന്നെ സൃഷ്ടിക്കാന്‍ കഴിഞ്ഞ കലാകാരനായിരുന്നു നമ്പൂതിരിയെന്ന് തപസ്യ സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ.പി.ജി. ഹരിദാസും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രനും പറഞ്ഞു.
എഴുത്തുകാരന്റെ സൃഷ്ടിയായ കഥാപാത്രങ്ങള്‍ക്ക് പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കിയ നമ്പൂതിരിയുടെ രേഖാചിത്രങ്ങള്‍ വായനക്കാരറിയാതെ അവരുടെ മനസ്സുകളില്‍ ചേക്കേറി. ചുരുക്കം ചില വരകളിലൂടെ കഥാപാത്രങ്ങളുടെ ഭാവങ്ങള്‍ ആവിഷ്‌കരിക്കുകയും, അതിലൂടെ കഥാസന്ദര്‍ഭങ്ങളെ ശരിയായി വ്യാഖ്യാനിക്കുകയും ചെയ്തയാളാണ് നമ്പൂതിരി. ശില്‍പ്പി എന്ന നിലയിലും എഴുത്തുകാരന്‍ എന്ന നിലയിലും തനതായ ശൈലിയിലൂടെ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി.
തപസ്യ കലാസാഹിത്യ വേദിയുമായി അടുത്തബന്ധം സ്ഥാപിക്കുകയും, പല സന്ദര്‍ഭങ്ങളിലും സഹകരിക്കുകയും ചെയ്തിട്ടുള്ളയാളായിരുന്നു. വിഖ്യാത ചിത്രകാരന്‍ ജാമിനി റോയിയുടെ ജന്മശതാബ്ദിയില്‍ തപസ്യ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തതും, ചിത്രരചനാ മത്സരത്തിന്റെ സമ്മാനദാനം നിര്‍വഹിച്ചതും നമ്പൂതിരിയായിരുന്നു എന്നത് ഊഷ്മളമായ ഓര്‍മയാണ്. തപസ്യയുടെ നിരവധി പരിപാടികള്‍ക്ക് അദ്ദേഹം സാന്നിധ്യം കൊണ്ടും അനുഗ്രഹം കൊണ്ടും ശോഭ ചൊരിഞ്ഞിരുന്നു. വരയുടെ ആ പരമശിവന് തപസ്യ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു.
















