കെ കെ കൃഷ്ണന് നമ്പൂതിരി
രാമായണത്തില്‍ പുഷ്പകവിമാനത്തെപ്പറ്റി പറഞ്ഞിരിക്കുന്നത് എല്ലാവര്ക്കും അറിവുള്ളതാണല്ലോ. എന്നാല്‍ വേദത്തില്‍ തന്നെ വിമാനത്തെപ്പറ്റി സൂചനയുണ്ട്. സ്വര്ഗഭൂമികളുടെ മധ്യേയുള്ള അന്തരീക്ഷത്തില്‍ ഈ വിമാനം സ്ഥിതി ചെയ്യുന്നു. ഇത് ഘൃതം കൊണ്ടു ചലിക്കുന്നതായാണ് ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്. (ഏതു തരം ഘൃതമാണെന്നതിനെപ്പറ്റി സൂചനയൊന്നുമില്ല).
വിമാന ഏഷ ദിവോമധ്യ ആസ്തേ
ആപപ്രിവാന്രോദസീ അന്തരീക്ഷം
സവിശ്വാ ചീരഭിഷ്ടേ ഘൃതാചീഃ
അന്തരാ പൂര്‍വം അപരം ച കേതും
(കൃ. യജു.)
മിത്രന്റെ (സൂര്യന്റെ) പ്രാധാന്യം
ആസത്യന രജസാ വര്‍ത്തമാനോ
നിവേശയന്നമൃതം മര്‍ത്ത്യം ച
ഹിരണ്യയേന സവിതാ രഥേനാ
ദേവോ യാതി ഭുവനാവിപശ്യന്
(കൃ.യജു.)
കൃഷ്ണ യജുര്‍വേദ സംഹിതയിലുള്ള സവിതൃദേവനെ (സൂര്യനെ) പറ്റി പറയുന്ന (സ്തുതിക്കുന്ന) ചില വരികളാണിവ. ഗൃഹസൂക്തത്തില് സൂര്യനമസ്ക്കാരത്തിന് ഉപയോഗിക്കുന്ന ആദ്യത്തെ മന്ത്രമായി ആസ്തികന്മാര് എന്നും ജപിക്കുന്നൊരു മന്ത്രമാണിത്. ഈ സൂക്തഭാഗം ചില ഭേദങ്ങളോടെ ഋഗ്വേദത്തിലുമുള്ളതാണ്. (ഋഗ്വേദത്തില്‍ ആസ്ത്യേന എന്നതിനു പകരം ‘ആകൃഷ്ണേന’ എന്നാണ്). സായണഭാഷ്യം അനുസരിച്ച് സര്‍വത്ര തമസ്സു നിറഞ്ഞ (ആകൃഷ്ണേന) രജസ്സു വ്യാപിച്ച അന്തരീക്ഷത്തില്‍ കൂടി വീണ്ടും വീണ്ടും സഞ്ചരിക്കുന്നവനായി (ആവര്ത്തമാനഃ) ദേവന്മാരേയും മനുഷ്യരേയും സ്വസ്ഥാനങ്ങളില്‍ നിയോഗിച്ചു കൊണ്ട് സവിതൃദേവന്‍ സ്വര്‍ണമയമായ രഥത്തില്‍ എല്ലാ ലോകങ്ങളേയും നോക്കിക്കൊണ്ടു വരുന്നു(ആയാതി).
സൂര്യോദയത്തില്‍ കാവ്യാത്മകമായ വര്‍ണനയാണ് ഇതില്‍ ആരംഭം മുതല്‍. (ആസ്ത്യേന) അഥവാ എല്ലാ പദാര്‍ഥങ്ങളേയും തന്നിലേക്ക് ആകര്‍ഷിക്കുന്നു. (ആകൃഷ്ണേന) രജസ്സുകൊണ്ട് അതായത് അണുക്കളെക്കൊണ്ട്, സ്വരൂപം ധരിച്ച് സ്ഥിതി ചെയ്യുന്നവനായി, (വര്‍ത്തമാനഃ) അമരങ്ങളായ ആത്മാക്കളേയും മൃത്യുവശങ്ങളായ ശരീരങ്ങളേയും സംയോജിപ്പിച്ചു കൊണ്ട്, പ്രലോഭനീയ സൗന്ദര്യത്തില്‍ (സ്വര്‍ണമയമായ രഥത്തില്‍) സദാ സഞ്ചരണ ശീലനായി (സഞ്ചരണശീലനെന്ന പ്രതീതി ഉളവാക്കിക്കൊണ്ട്) എല്ലാറ്റിനേയും പ്രസവിക്കുന്ന ഇവന് (സവിതാവ്) ലോകങ്ങളെ വീക്ഷിച്ചുകൊണ്ട് (നോക്കിക്കൊണ്ട്, രക്ഷിച്ചുകൊണ്ട്) വരുന്നു (ആയാതി).
ഇങ്ങനെ ഈ വരികള്‍ക്ക് അര്‍ഥം സ്വീകരിച്ചാല്‍ അതെത്ര വൈജ്ഞാനികവും ആശയഗംഭീരവുമായിരിക്കുമെന്ന് വായനക്കാര്‍ ഊഹിച്ചു കൊള്ളുക.
കൃഷ്ണയജുര്‍വേദ സംഹിതയിലെ ഇതേ സൂക്തത്തില്‍ തന്നെയുള്ള മറ്റൊരു വാക്യവും വളരെ ശ്രദ്ധേയമാണ്. മിത്രനെ (സൂര്യനെ) വന്ദിക്കുന്ന മന്ത്രമാണിതും.
‘മിത്രസ്യചര്ഷിണീധൃതഃ
മിത്രോ ജനാന്‍ യാതയതി പ്രജാനന്
മിത്രോ ദാധാര പൃഥ്വിവീം ഉത ദ്യാം
മിത്രഃ കൃഷ്ടീരനിമിഷാഭിചഷ്ടേ
മിത്രായ ഹവ്യം ഘൃതവദ് വിധേമ’
(കൃ. യജു)
മിത്രന് ചര്ഷിണികളെ, അതായത് ജനങ്ങളെ ധരിച്ചു (രക്ഷിച്ചു) കൊണ്ടിരിക്കുന്നു. (തന്നെയല്ല) മിത്രന്, (വൃഷ്ടിപ്രദാനം ചെയ്ത്) കൃഷി കൊണ്ട് (അന്നം വിളയിച്ച്) ഭൂമിയേയും ദ്യോവിനേയും ധരിച്ചുകൊണ്ട് അനുനിമിഷം ( സദാ) (അനുഗ്രഹദൃഷ്ടിയോടെ) നോക്കിക്കൊണ്ടിരിക്കുന്നതിനാല്‍ ആ മിത്രനായിക്കൊണ്ട് നാം ഹവിസ്സ് അര്‍പ്പിക്കുക. ഈ തരത്തിലാണ് പ്രസ്തുത മന്ത്രത്തിന്റെ സായണ വ്യാഖ്യാനം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: