കുന്നംകുളം: തിപ്പിലശ്ശേരി പട്ടരുപടിയില്‍ സിപിഎം തിപ്പിലശ്ശേരി ബ്ലോക്ക് ഡിവിഷന് അംഗത്തിന്റെ നേതൃത്വത്തില്‍ സൈനികന്റെ വീട്ടിലേക്കുള്ള വഴിയടച്ചു. കുലപ്പറമ്പില്‍ വീട്ടില്‍ ഹരിദാസന്റെ വീട്ടിലേക്കുള്ള വഴിയാണ് കരിങ്കല്ല് നിരത്തി അടച്ചത്.
ഹരിദാസന്റെ മകന് ഹരീഷ് വ്യോമസേനയിലെ ഫ്ളൈറ്റ് ലഫ്റ്റനന്റായി സേവനമനുഷ്ഠിക്കുകയാണ്. കഴിഞ്ഞ ഒന്നരമാസമായി സൈനികന്റെ കാര്‍ പുറത്തിറക്കാനാകാതെ ദുരിതത്തിലായിരുന്നു കുടുംബം. കാര്‍ വീട്ടില്‍ നിന്ന് പുറത്തിറക്കിയാല്‍ വഴിയില്‍ കുത്തിയിരുന്ന് വഴി തടഞ്ഞും കരിങ്കല്ല് റോഡില്‍ നിരത്തിയും സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുന്ന വിവരമറിഞ്ഞ് ഹരിയാനയില്‍ നിന്നും എമര്‍ജന്‍സി ലീവില്‍ സൈനികന് കഴിഞ്ഞദിവസം നാട്ടിലെത്തി. ഹരീഷ് കഴിഞ്ഞ ദിവസം കാര്‍ വീട്ടില്‍ നിന്ന് പുറത്തെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും ബ്ലോക്ക് പഞ്ചായത്തംഗം വടക്കൂട്ടയില്‍ ശാരികയുടെ നേതൃത്വത്തില്‍ വഴിയില്‍ കുത്തിയിരുന്ന് വാഹനം തടയുകയായിരുന്നുവത്രെ. വിവരമറിഞ്ഞെത്തിയ കുന്നംകുളം പോലീസ് വിഷയത്തില്‍ ഇടപെട്ടെങ്കിലും ബ്ലോക്ക് പഞ്ചായത്തംഗം അയഞ്ഞില്ല. തുടര്‍ന്ന് സൈനികനും കുടുംബവും കുന്നംകുളം പോലീസിലും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്കി. ബ്ലോക്ക് പഞ്ചായത്തംഗത്തിനും കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കുമെതിരെ കുന്നംകുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
വഴിയില്‍ കിടന്നിരുന്ന കാര്‍ കുന്നംകുളം പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെകടര്‍ ഷക്കീര്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പുറത്തെത്തിച്ചു. വഴിയിലെ കരിങ്കല്ലുകള്‍ പോലീസ് തന്നെ നീക്കിയാണ് കാര്‍ പുറത്തെത്തിച്ചത്. വഴിയുമായി ബന്ധപ്പെട്ട കേസ് ഒന്നരവര്‍ഷമായി കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. രാജ്യത്തിന് കാവല്‍ നില്ക്കുന്ന സൈനികന്റെ കുടുംബം സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട് ജീവിക്കേണ്ടി വരുന്നത് ദയനീയമായ അവസ്ഥയാണെന്നും ജനപ്രതിനിധി തന്നെ വഴിയടയ്ക്കാന് സകല നിയമങ്ങളെയും വെല്ലുവിളിച്ച് മുന്നില്‍ നില്‍ക്കുന്നത് തിരുത്തപ്പെടേണ്ട തെറ്റാണെന്നും സൈനികന്റെ അച്ഛന് ഹരിദാസന് പ്രതികരിച്ചു.
ഒന്നരമാസമായി വീട്ടില്‍ കുടുങ്ങിയ വാഹനം പോലീസ് ഇടപെട്ട് പുറത്തെത്തിച്ചെങ്കിലും തങ്ങളുടെ വാഹനം ഇനി വീട്ടിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ വീണ്ടും തടയുമെന്ന ഭീതിയിലാണ് ഈ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: