മുംബൈ: 2014ലും 2017ലും 2019ലും ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ ഔദ്യോഗികമായി തീരുമാനിച്ച എന്‍സിപി അവസാന നിമിഷം പിന്മാറിയത് ശരത് പവാറിന്റെ ഇരട്ടത്താപ്പ് രാഷ്ട്രീയം മൂലം ആയിരുന്നുവെന്ന് വെളിപ്പെടുത്തി മരുമകന് അജിത് പവാര്‍. ഇനിയെങ്കിലും രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കാന്‍ ശരത് പവാറിനോട് ആവശ്യപ്പെട്ട് അജിത് പവാര്‍.
എന്‍സിപി നേതാവ് ശരത് പവാറും മരുമകനും ബിജെപി-ഷിന്‍ഡെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയുമായ അജിത് പവാറും തമ്മിലുള്ള പോര് തുറന്ന യുദ്ധമാവുകയാണ്.. ശരത് പവാറിനോട് ഇനിയെങ്കിലും അവസരവാദരാഷ്ട്രീയം നിര്‍ത്തി രാഷ്ട്രീയത്തില്‍ നിന്നു തന്നെ വിരമിക്കാന്‍ അജിത് പവാര്‍ ബാന്ദ്രയില്‍ നടന്ന മുംബൈ എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ യോഗത്തില്‍ ആവശ്യപ്പെട്ടു.
2014ലും 2017ലും 2019ലും ബിജെപിയുമായി സഖ്യസര്‍ക്കാര്‍ ഉണ്ടാക്കാന്‍ എന്‍സിപി തീരുമാനിച്ചെങ്കിലും അവസാന നിമിഷങ്ങളില്‍ എല്ലാം അട്ടിമറിച്ചത് ശരത് പവാറാണെന്നും അജിത് പവാര്‍ ആവശ്യപ്പെട്ടു. “2014ല്‍ എന്‍സിപി ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്ന് തീരുമാനിച്ചിരുന്നു. അന്ന് ശരത് പവാര്‍ അതിനെതിരായി പിന്നീട് തീരുമാനമെടുത്തു. 2017ല്‍ വീണ്ടും ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ശിവസേനയുമായി ചേരാന്‍ ശരത് പവാറിന് ഇഷ്ടമില്ലായിരുന്നു. 2019ല്‍ വീണ്ടും ബിജെപിയുമായി സഖ്യമുണ്ടാക്കി സര്‍ക്കാരുണ്ടാക്കാമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം ശരത് പവാര്‍ ഇരട്ടത്താപ്പിന്റെ കളി നടത്തുകയായിരുന്നു. അങ്ങിനെയാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായതും മഹാ വികാസ് അഘാഡി സര്‍ക്കാര്‍ ഉണ്ടായതും. ” – അജിത് പവാര്‍ പറഞ്ഞു.
2014ല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ എന്‍സിപി ബിജെപിയുമായി കൈകോര്‍ത്ത് സര്‍ക്കാരിന് പുറത്ത് നിന്നും പിന്തുണ നല്‍കാമെന്ന് തീരുമാനിച്ചിരുന്നത്. എന്‍സിപി-ബിജെപി സഖ്യത്തിനുള്ള നിര്‍ദേശം അന്ന് കേന്ദ്രമന്ത്രിയായിരുന്ന നിതിന്‍ ഗാഡ്കരി നിര്‍ദേശിച്ചിരുന്നതുമാണ്. ബിജെപിയ്ക്ക് പുറത്ത് നിന്നും പിന്തുണ നല്‍കുമെന്ന് പ്രഫുല്‍ പട്ടേല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 2014ല്‍ ദേവേന്ദ്ര ഫഡ് നാവിസ് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ വാങ്കഡേ സ്റ്റേഡിയില്‍ത്തില്‍ പോകാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നതുമാണ്. ആ ചടങ്ങില്‍ പങ്കെടുക്കാനല്ലെങ്കില്‍ ഞങ്ങലോട് അവിടേക്ക് പോകാന്‍ ആവശ്യപ്പെടേണ്ടതില്ലായിരുന്നു. നിങ്ങള്‍ തന്നെ ഇതിനെക്കുറിച്ച് ചിന്തിക്കണം ശരത് പവാറിന്റെ രാഷ്ട്രീയ കുതന്ത്രങ്ങളുടെ മുഖംമൂടി വലിച്ചുകീറിക്കൊണ്ട് അജിത് പവാര്‍ പറഞ്ഞു.
“2017ല്‍ വര്‍ഷ ബംഗ്ലാവില്‍ നടന്ന യോഗത്തില്‍ വീണ്ടും ബിജെപിയുമായി കൈകോര്‍ക്കാന്‍ എന്‍സിപി തീരുമാനിച്ചിരുന്നതാണ്. പക്ഷെ അദ്ദേഹം പിന്നീട് ശിവസേനയ്ക്കൊപ്പം നില്ക്കാന് തീരുമാനിച്ചു. ബിജെപിയുമായുള്ള യോഗത്തില്‍ അന്ന് ഛഗന്‍ ഭുജ്ബല്‍, ജയന്ത് പാട്ടീല്‍ എന്നിവരാണ് എന്‍സിപിയുടെ സീനിയര്‍ നേതാക്കളുടെ നിര്‍ദേശപ്രകാരം പങ്കെടുത്തത്. അന്ന് കാബിനറ്റ് മന്ത്രിസ്ഥാനവും മറ്റും തീരുമാനിച്ചതാണെങ്കിലും അവസാന നിമിഷം എന്‍സിപി പിന്മാറി.ശിവസേന വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന് പറഞ്ഞാണ് അന്ന് ശരത് പവാര്‍ പിന്മാറിയത്”- അജിത് പവാര്‍ വിമര്‍ശിച്ചു.
“പക്ഷെ 2019ല്‍ ശിവസേനയുമായി കൈകോര്‍ക്കാന്‍ അദ്ദേഹം ഞങ്ങളോട് ആവശ്യപ്പെട്ടു. 2017ല്‍ ശിവസേനയെ വര്‍ഗ്ഗീയ പാര്‍ട്ടിയെന്ന് വിളിച്ച ശരത്പ വാറിന് രണ്ട് വര്‍ഷം കഴിഞ്ഞ് 2019ല്‍ എന്ത് മാറ്റമാണുണ്ടായത്. ശിവസേനയുമായി സൗഹൃദവും സഖ്യവും ഉണ്ടാക്കാന്‍ എന്ത് അത്ഭുതമാണ് ഉണ്ടായത് “- അജിത് പവാര്‍ ചോദിച്ചു,.
പ്രതികരിക്കാൻ ഇവിടെ എഴുതുക: