തിരുവനന്തപുരം: ഹൈദരാബാദില്‍ നിന്ന് വിമാനത്തില്‍ തലസ്ഥാനത്തു എത്തി ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം തലസ്ഥാനത്ത് നിരവധി മോഷണങ്ങള്‍ നടത്തിയ പറക്കും കള്ളന്‍ പിടിയില്‍. വിമാനത്തിലെത്തി മോഷണം നടത്തി മടങ്ങുന്ന തെലങ്കാന സ്വദേശി ഉമാപ്രസാദിനെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ നേരത്തെ പൊലീസ് സ്റ്റേഷനില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തിട്ടുണ്ടെന്ന വിവരവും ഉണ്ട്.
ഓട്ടോറിക്ഷയില്‍ നഗരത്തില്‍ കറങ്ങി മോഷണം നടത്തേണ്ട വീടുകള്‍ കണ്ടുപിടിക്കുകയാണ് ഉമാപ്രസാദിന്റെ രീതി. പൂട്ടിയിട്ട വീടുകള്‍ കണ്ടെത്തി ഗൂഗിള്‍ മാപ്പില്‍ രേഖപ്പെടുത്തും. തുടര്‍ന്ന് രാത്രിയിലാണ് മോഷണം നടത്തുക. കൈയില്‍ കരുതാറുള്ള ടൂള്‍സ് ഉപയോഗിച്ച് പ്രധാന വാതിലിന്റെയോ ജനാലയുടെയോ കമ്പി തകര്‍ത്ത് മോഷണം നടത്തുന്നതാണ് രീതി.ആന്ധ്രയില്‍ നിന്ന് വിമാനത്തില്‍ തിരുവനന്തപുരത്തെത്തി കഴിഞ്ഞാല്‍ പദ്മനാഭസ്വാമി ക്ഷേത്രദര്‍ശനമാണ് ആദ്യം ഉമാപ്രസാദ് നടത്തുക. തുടര്‍ന്നു ഒരു മാസക്കാലം മുഴുവന്‍ മോഷണത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കും. സ്വര്‍ണാഭരണങ്ങളാണ് ഇയാള്‍ ലക്ഷ്യം വയ്‌ക്കുന്നത്. മോഷണമുതല്‍ സ്വര്‍ണപ്പണയം സ്വീകരിക്കുന്നയിടങ്ങളില്‍ കൊടുത്ത് കാശാക്കുന്നതാണ് ഉമാപ്രസാദിന്റെ രീതിയെന്നും പോലീസ് കമ്മിഷണര്‍ നാഗരാജു വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: