ഈശ്വര അയ്യര്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള ആദ്യ അംഗം. പട്ടം താണുപിള്ളയെ 10,944 വോട്ടിന് തോല്പിച്ച സ്വതന്ത്രാംഗം. അന്നുമുതല്‍ കേള്‍ക്കുന്നതാണ് ഹൈക്കോടതിയുടെ ബഞ്ച് തലസ്ഥാനത്ത് വേണമെന്നത്. അതിനുശേഷം പല അംഗങ്ങള്‍ തിരുവനന്തപുരത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തി. നേര്‍ച്ചപോലെ എല്ലാ അംഗങ്ങളും ഹൈക്കോടതി ബഞ്ചിനായി ശബ്ദിച്ചിട്ടുണ്ട്. അന്നേ കേട്ടതാണ് കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലാക്കണമെന്നത്. കാസര്‍ഗോഡ് നിന്നൊരാള്‍ തലസ്ഥാനത്തെത്തണമെങ്കില്‍ കേരളത്തിന്റെ തെക്കേ അറ്റത്തെത്തണം. അതു വലിയ സമയനഷ്ടം. യാത്രാചെലവും താങ്ങാനാവുന്നതല്ല. ഹൈക്കോടതി ബഞ്ച് എന്ന ആശയംപോലെ തന്നെ കേരളത്തിന്റെ തലസ്ഥാനം കൊച്ചി വേണമെന്ന മോഹവും പൂവണിഞ്ഞില്ല.
തലസ്ഥാനം കൊച്ചി വേണമെന്ന ആവശ്യം ശക്തിപ്പെട്ടത് കൊച്ചിക്കാരനായ മുന്‍ ഗുജറാത്ത് ഗവര്‍ണര്‍ കെ.കെ.വിശ്വനാഥന്‍, എറണാകുളത്തെ ലോക്‌സഭാംഗം ഹെന്റി ഓസ്റ്റിന്‍ എന്നിവരിലൂടെയാണ്. ഇരുവര്‍ക്കും നിക്ഷിപ്തതാല്പര്യമായിരുന്നു. അഭിഭാഷകനായിരുന്ന വിശ്വനാഥന്‍ മട്ടാഞ്ചേരിയില്‍ നിന്നുള്ള ആദ്യ നിയമസഭാംഗമായിരുന്നു. പിന്നീടാണ് ഗവര്‍ണറും എസ്എന്‍ഡിപി യോഗം പ്രസിഡന്റുമാകുന്നത്. ഇതിനിടയിലാണ് തലസ്ഥാനം കൊച്ചിയാകണെന്ന മോഹം അദ്ദേഹത്തില്‍ മൊട്ടിടുന്നത്.
മുന്‍കേന്ദ്രമന്ത്രിയും എറണാകുളത്തെ ലോക്‌സഭാംഗവുമായിരുന്ന ഹെന്റി ഓസ്റ്റില്‍ മൂന്നാംജയത്തിന് വേണ്ടിയാണ് കൊച്ചി തലസ്ഥാനമാകണമെന്ന ആവശ്യം മുന്നോട്ടുവയ്‌ക്കുന്നത്. ആദ്യം വിശ്വനാഥമേനോനെയും കെ.എന്‍.രവീന്ദ്രനാഥിനേയും തോല്‍പ്പിച്ച് ജയിച്ച ഹെന്റിക്ക്, പക്ഷേ സേവ്യര്‍ അറയ്‌ക്കലിനോട് അടിയറവ് പറയേണ്ടിവന്നു. രൂപംകൊള്ളാത്ത നിയമസഭയിലേക്ക് 1965 ല്‍ തെരഞ്ഞെടുക്കപ്പെട്ട ഹെന്റി ടി.കെ. ദിവാകരനെ തോല്പിച്ച് ‘ജയന്റ് കില്ലറാ’യി.
കൊച്ചിക്കുവേണ്ടി ഹെന്റി ചെയ്തുകൂട്ടിയ നേട്ടങ്ങളുടെ നൂറിലൊന്നുപോലും ചെയ്യാത്ത നേതാവാണല്ലൊ ഹൈബി ഈഡന്‍. മൂന്നാം തവണയും ലോക്‌സഭയിലെത്താന്‍ ഹൈബിയുടെ നമ്പരാണ് കൊച്ചിയിലേക്ക് മാറ്റണം, കേരളത്തിന്റെ തലസ്ഥാനമെന്ന സ്വകാര്യ ബില്‍. പോയവണ്ടിക്ക് കൈകാണിച്ച് ഇളിഭ്യനാകുന്ന മെമ്പറാണോ ഹൈബി ഈഡന്‍ എന്ന ചോദ്യമാണ് പരക്കെ.
കഴിഞ്ഞ മാര്‍ച്ചിലാണ് ഹൈബി ഈഡന്‍ സ്വകാര്യ ബില്‍ ലോക്‌സഭയില്‍ നല്‍കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഭിപ്രായം തേടി സംസ്ഥാനത്തിന് കത്തും നല്‍കി. ഹൈബി ഈഡന്റെ ആവശ്യം നിരര്‍ത്ഥകമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അത് സ്വകാര്യബില്ലാണെന്നും കോണ്‍ഗ്രസിന്റെ അഭിപ്രായമല്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കിയതോടെ എംപി വെട്ടിലുമായി.
തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹൈബി ഈഡന്‍ എംപിയുടെ സ്വകാര്യ ബില്ലിനെയും തുടര്‍ വിവാദങ്ങളെയും രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ആരോപണങ്ങളില്‍നിന്നു രക്ഷനേടാന്‍ ഭരണ–പ്രതിപക്ഷങ്ങള്‍ ഒത്തുകളിക്കുകയാണെന്നു ചൂണ്ടിക്കാട്ടി മുരളീധരന്‍ രംഗത്തെത്തി. കൈതോലപ്പായയില്‍ സ്വര്‍ണം കടത്തിയതടക്കമുള്ള ഗുരുതര വിഷയങ്ങളില്‍നിന്ന് ഒളിച്ചോടാനുള്ള തന്ത്രം മാത്രമാണിത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ആരോപണം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസും ഇതിനു കൂട്ടുനില്‍ക്കുകയാണ്. സഹകരണ ഗൂഢാലോചനയില്‍ മാധ്യമങ്ങള്‍ വീണുപോകരുതെന്നും കേന്ദ്രമന്ത്രി പറയുന്നു.
തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഹൈബി ഈഡന്‍ എംപിയെ പരിഹസിച്ച് സിപിഎം നേതാക്കള്‍ രംഗത്തെത്തി. സ്വബോധമുള്ളവര്‍ പറയുന്നതല്ല ഹൈബിയുടെ ആവശ്യമെന്ന് എം.എം. മണി പരിഹസിച്ചു. പറഞ്ഞയാളെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കണമെന്നും മണിക്കഭിപ്രായമുണ്ട്.
”സംസ്ഥാന സര്‍ക്കാര്‍ ഇതിനോടു യോജിക്കുന്നില്ല എന്നത് ഇതിനകം വ്യക്തമായതാണ്. അപ്രായോഗികവും അപക്വവുമായ സമീപനമാണ് ഇക്കാര്യത്തില്‍ ഹൈബിയില്‍നിന്ന് ഉണ്ടായത്. തിരുവനന്തപുരത്തുനിന്നുള്ള കോണ്‍ഗ്രസ് പ്രതിനിധി ശശിതരൂരും പ്രതിപക്ഷ നേതാവും ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കണം. അവിടേയും ഇവിടേയും തൊടാതെയുള്ള സംസാരം മതിയാക്കി തരൂര്‍ നയം വ്യക്തമാക്കണം”- മന്ത്രി വി.ശിവന്‍കുട്ടി ആവശ്യപ്പെട്ടു.
ഹൈബിയുടെ ആവശ്യത്തിനെതിരെ കോണ്‍ഗ്രസില്‍ത്തന്നെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്യാതെ ഇത്തരമൊരു സ്വകാര്യബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതില്‍ ഹൈബിയെ അതൃപ്തി അറിയിച്ചതായും, ബില്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതായും എംപിമാരായ ശശിതരൂര്‍, കെ.മുരളീധരന്‍, അടൂര്‍പ്രകാശ് എന്നിവരും ഹൈബിയുടെ ആവശ്യത്തെ തിരസ്‌കരിക്കുകയാണ്. യുവമോര്‍ച്ച തലസ്ഥാനത്ത് പ്രകടനം നടത്തി ആവശ്യത്തെ തള്ളിക്കളഞ്ഞു. സോഷ്യല്‍ മീഡിയയിലും ഹൈബി ഈഡനെതിരെ പൊങ്കാല ഇടുകയാണ്. അതിലൊന്നില്‍ ഇങ്ങിനെ പറയുന്നു…
”വേണമെങ്കില്‍ കൊണ്ടുപോയ്‌ക്കോ . പോണപോക്കില്‍ സെക്രട്ടറിയേറ്റും, അസംബ്ലി മന്ദിരം, രാജ്ഭവന്‍, പോലീസ് ഹെഡ് ക്വാര്‍ട്ടസ്, ക്ലിഫ് ഹൗസ് ഇതൊക്കെ കൂടെ കൊണ്ടു പൊയ്‌ക്കോ. സഹികെട്ട് കിടക്കുകയാണ്. മോദിക്കെതിരെ ഒന്ന് കിന്ദാവാ വിളിക്കണമെങ്കില്‍ നാടടക്കം ഇവിടെ വന്ന് രാജ്ഭവന്‍ മാര്‍ച്ച്. വളയുന്നത് രാജ്ഭവനാണെങ്കിലും വലയുന്നത് ജനം. ക്ലിഫ് ഹൗസ് കൊണ്ട് അങ്ങനത്തെ ദോഷങ്ങള്‍ ഇല്ല. കാരണം ഏമാന്‍ അതിനുള്ള ഏര്‍പ്പാട് ഒരുക്കിയിട്ടുണ്ട്. അകത്തേയക്കും പുറത്തേയ്‌ക്കും ഏമാന്‍ പോകുമ്പോള്‍ ജനം ബന്ദിയാകും. സെക്രട്ടറിയേറ്റും, അസംബ്ലി മന്ദിരം, പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഇതൊക്കെ മാറ്റിയാല്‍ ഇങ്ക്വിലാബ് വിളി കൊച്ചിയിലായിക്കൊള്ളും. തലസ്ഥാത്താനത്ത് പിന്നെ പത്മനാഭനും, മാധവരായരും മാത്രം!
തല സ്ഥാനം തെറ്റിയാല്‍ വാര്‍ത്ത ഉണ്ടാക്കാന്‍ ഇങ്ങനെ പലതും തോന്നും. നാളെ കോട്ടയത്തെ എംപിക്കും, കോഴിക്കോട്ടത്തെ എംപിക്കും ഇങ്ങനെ തോന്നാം. മോദിക്ക് മുന്നില്‍ 20 എംപിമാരും ഇതിനുവേണ്ടി സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കണം. ഒരു മഴവന്നാല്‍ തോടേത് റോഡേത് എന്നറിയാത്ത നഗരം ശരിക്കും എറണാ കുളം. സ്വന്തം മണ്ഡലത്തെ നേരെയാക്കാന്‍ അവിടത്തെ കുണ്ടും കുഴിയും ഒന്നടയ്‌ക്കാന്‍ ശ്രമിക്കണം എംപി. തെരഞ്ഞടുപ്പ് അടുക്കുമ്പോള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കലല്ല എംപിയുടെ പണി. സംസ്ഥാനത്തു നിരവധി പ്രശ്‌നങ്ങളുണ്ട്. അതില്‍ ശ്രദ്ധകേന്ദ്രീകരിക്കാതെ, ഘടകകക്ഷികളോട് ആലോചിക്കാതെ സ്വകാര്യബില്‍ അവതരിപ്പിക്കാന്‍ ആരാണ് ഹൈബിഈഡന് അധികാരം നല്‍കിയത്? തല ഇരിക്കേണ്ടിടത്തു തല ഇരിക്കണം. തല ഇരിക്കുമ്പോള്‍ വാല് ആടുകയുമരുത്. കോണ്‍ഗ്രസ്സ് എറണാകുളത്തു ഒതുങ്ങി നില്‍ക്കുന്ന ഒരു പ്രാദേശിക പാര്‍ട്ടിയല്ല എന്ന മിനിമം ബോധവും ബോധ്യവുമെങ്കിലും ഹൈബിഈഡനെ പോലുള്ള എംപിമാര്‍ക്ക് വേണം. ആ അറിവില്ലെങ്കില്‍ കെപിസിസി അതുപറഞ്ഞു മനസ്സിലാക്കി കൊടുക്കണം.”- ലക്ഷ്മി സുഭാഷിന് നന്ദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: