തിരുവനന്തപുരം: പൊതു സിവില്‍കോഡ് മത വിഷയമല്ല, മതേതര വിഷയമാണെന്ന് എഴുത്തുകാരനും രാഷ്ട്രീയ നിരൂപകനുമായ ഹമീദ് ചേന്ദമംഗലൂര്‍. പൊതു സിവില്‍കോഡ് എന്നത് ലിംഗ സമത്വത്തിന്റെയും ലിംഗ നീതിയുടെയും വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
ഇടതു-വലതു മുന്നണികള്‍ ഇതിനെ എതിര്‍ക്കുന്നതിന് പിന്നില്‍ വോട്ടുബാങ്ക് രാഷ്ട്രീയമാണ്. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും പൊതു സിവില്‍കോഡിനെ എതിര്‍ക്കുന്നതിനുള്ള പ്രധാന കാരണം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മത ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തി മുന്നോട്ടുപോകണം എന്നതുകൊണ്ടാണ്. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും ഒരിക്കലും പൊതു സിവില്‍ കോഡിനെ എതിര്‍ക്കാന്‍ പാടില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതു സിവില്‍കോഡിനെ എതിര്‍ക്കുന്നതിന് പിന്നില്‍ വോട്ടുബാങ്ക് രാഷ്ട്രീയമാണ്. കേരളത്തില്‍ കോണ്‍ഗ്രസിനെക്കാള്‍ മുസ്ലിങ്ങളോട് അനുഭാവം പുലര്‍ത്തുന്നത് തങ്ങളാണെന്ന് ബോധ്യപ്പെടുത്താന്‍ സിപിഎം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ യുഡിഎഫിനൊപ്പം നില്ക്കുന്ന മുസ്ലിം ലീഗ് തങ്ങള്‍ക്കൊപ്പം എത്തിയാല്‍ കൊള്ളാമെന്ന നിലപാടും സിപിഎമ്മിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ സിപിഎമ്മിന് ഇനി പ്രതീക്ഷയുള്ള ഏക സംസ്ഥാനം കേരളമാണ്. സംസ്ഥാനത്തെ ജനസംഖ്യയില്‍ 27 ശതമാനം വരുന്ന മുസ്ലിം സമുദായത്തിന്റെ നല്ലൊരു വിഭാഗത്തെ കൂടെ നിര്‍ത്തിയാല്‍ രാഷ്ട്രീയ കെട്ടുറപ്പുണ്ടാകുമെന്നതും പൊതു സിവില്കോഡിനോടുള്ള എതിര്‍പ്പിന് പിന്നിലുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്ലിം മതസംഘടനകളെയും രാഷ്ട്രീയ പാര്‍ട്ടികളെയും ഇടതിനും വലതിനും ഭയമാണെന്നും ഹമീദ് ചേന്ദമംഗലൂര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: