ബെംഗളൂരു: സാഫ് കപ്പ് ഫൈനലില്‍ ഇന്ത്യ ഇന്ന് കുവൈറ്റിനെതിരെ പോരടിക്കും. രാത്രി 7.30 മുതല്‍ ബെംഗളൂരുവിലെ കണ്ഠീവര സ്റ്റേഡിയത്തിലാണ് മത്സരം. ജയിച്ചാല്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് കിരീടം നിലനിര്‍ത്താം.
കരുത്തരാണ് കുവൈറ്റ് ഫുട്ബോള്‍ ടീം. ഇത്തവണത്തെ സാഫിന്റെ ക്ഷണപ്രകാരമെത്തിയ രണ്ട് ടീമുകളിലൊന്നാണ് കുവൈറ്റ്. മറ്റൊന്ന് ലെബനന് ആയിരുന്നു. കരുത്തരായ കുവൈറ്റിനെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍പ്പിക്കാന്‍ അവസരം ലഭിച്ചതാണ്. 95 ശതമാനം സമയവും ലീഡ് ചെയ്ത് നിന്നശേഷം ഇന്ത്യ സമനില വഴങ്ങുകയായിരുന്നു. അതും സെല്‍ഫ് ഗോളില്‍.
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മികവിന്റെ പാതയിലാണ് ഇന്ത്യന്‍ ഫുട്ബോള്‍. ക്രൊയേഷ്യന്‍ പരിശീലകന് ഇഗര്‍ സ്റ്റിമാച്ചിന് കീഴില്‍ വിജയങ്ങള്‍ വാരിക്കുട്ടുന്ന ഇന്ത്യ അടുത്തിടെ പ്രഖ്യാപിച്ച ഫിഫ റാങ്കിങ്ങില്‍ 100-ാം റാങ്കിലേക്ക് കുതിച്ചിരുന്നു. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ 100-ാം റാങ്കിലെത്തിയത്.
കളിക്ക് മുന്നോടിയായി ഇന്നലെ ഇന്ത്യയുടെ സഹപരിശീലകന്‍ മഹേഷ് ഗൗളിയും പ്രതിരോധ താരം സന്ദേശ് ജിങ്കാനും മാധ്യമങ്ങളെ കണ്ടിരുന്നു. ഏറെ ആത്മവിശ്വാസത്തോടെയാണ് ഇരുവരും മാധ്യമങ്ങളെ സമീപിച്ചത്. എല്ലാവരും ഒറ്റക്കെട്ടായാണ് മത്സരത്തെ സമീപിക്കുന്നത്. കഴിഞ്ഞ കളിയില്‍ തന്റെ അഭാവമുണ്ടായിരുന്നു. മെഹ്താബ് സിങ്ങും അന്‍വര്‍ അലിയും പ്രതിരോധത്തില്‍ കാര്യങ്ങള്‍ നന്നായി നിറവേറ്റി. ഒരുമയോടെ മുന്നേറുന്ന ഞങ്ങള്‍ ഇക്കുറി ചാമ്പ്യന്‍ഷിപ്പിന് അര്‍ഹതയുള്ളവരാണെന്ന് ജിങ്കാന് പറഞ്ഞു.
ഇതുവരെ സാഫ് കപ്പ് നടന്നത് 13 തവണ. 12 തവണയും ഇന്ത്യ ഫൈനലിലെത്തി. എട്ട് തവണ ചാമ്പ്യന്മാരായി. രണ്ട് വര്‍ഷം മുമ്പ് നടന്ന പതിപ്പില്‍ ഇന്ത്യ തന്നെയാണ് കിരീടം നേടിയത്. ഇത്തവണ ഏറ്റവും കരുത്തരായ ടീമാണ് ഇന്ത്യയ്ക്ക് ഫൈനലില്‍ എതിരിടേണ്ടത്. അടുത്തകാലത്ത് മികച്ച നേട്ടങ്ങളാണ് കുവൈറ്റും കൈവരിച്ചിട്ടുള്ളത്. ജനുവരിയില്‍ യുഎഇ ക്കെതിരെ തോറ്റതിന് ശേഷം ടീം പരാജയമറിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: