അമ്പലപ്പുഴ: കെഎസ്ഇബിയുടെ എല്‍ടി ലൈനില്‍ നിന്നും അനധികൃതമായി വൈദ്യുതിയെടുത്ത് ആളെ അപായപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ചങ്ങനാശ്ശേരി തൃക്കൊടിത്താനം പഞ്ചായത്ത് പതിനാലാം വാര്‍ഡ് പാലത്ര വീട്ടില്‍ ശശി (52) യെയാണ് അമ്പലപ്പുഴ പോലീസ് ഇന്‍സ്പെക്ടര്‍ ദ്വിജേഷ്. എസിന്റെ നേതൃത്വത്തില്‍അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25നായിരുന്നു കേസിനാസ്പദമായ സംഭവം.
അമ്പലപ്പുഴ കരുമാടിയില്‍ ഉഷാ ഭവനത്തില്‍ അനില്‍ കുമാറിന്റെ കരുമാടിയിലുള്ള വീട്ടില്‍ രാത്രിയിലെത്തിയ പ്രതി വീട്ടില്‍ വെച്ചിരുന്ന അനില്‍കുമാറിന്റെ മോട്ടോര്‍ സൈക്കിളില്‍ ഒരു ഇരുമ്പ് കസേര വെച്ച ശേഷം അതിലും ബൈക്കിലും വയര്‍ ചുറ്റി വയറിന്റെ ഒരഗ്രം വീടിന്റെ മുന്‍വശത്തുള്ള കെഎസ്ഇബിയുടെ ലൈനില്‍ നിന്നും വൈദ്യുതി കൊടുത്തു അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കരുമാടി ജങ്ഷനില്‍ ലോട്ടറി വില്പനക്കാരനായ അനില്‍കുമാര്‍ രാവിലെ ലോട്ടറി വില്‍പ്പനക്കായി ബൈക്ക് എടുക്കുവാന്‍ നേരം വൈദ്യുതാഘാതമേറ്റ് തെറിച്ചു വീഴുകയായിരുന്നു. നാട്ടുകാര്‍ അമ്പലപ്പുഴ സ്റ്റേഷനിലും കെഎസ്ഇബിയിലും വിവരമറിയിച്ചു.
കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി വിച്ഛേദിച്ചതിനാല്‍ ദുരന്തം ഒഴിവായി. അമ്പലപ്പുഴ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അനില്‍കുമാറിന്റെ വീടിന്റെ തൊട്ടടുത്തുള്ള പിഎസ്സി കോച്ചിങ് സെന്ററിലെ സിസിടിവിയില്‍ നിന്നും ഹെല്‍മെറ്റ് ധരിച്ച് മുണ്ടും ഷര്‍ട്ടുമണിഞ്ഞ ഒരാളുടെ അവ്യക്തമായ ദൃശ്യം ലഭിച്ചു. ഇതിനെ പിന്തുടര്ന്ന് 60 ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഒടുവില്‍ ആറു ദിവസത്തെ അന്വേഷണത്തിന്റെ ഫലമായി തൃക്കൊടിത്താനത്തു നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുടെ ഭാര്യയും പരാതിക്കാരനായ അനില്‍കുമാറും തമ്മില്‍ അടുപ്പം ഉണ്ടോ എന്ന് സംശയിച്ചാണ് ഇത്ര വലിയ ക്രൂരകൃത്യം ചെയ്യാന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്ന് വിശദമായ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
പ്രതിയെ അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കി. എസ്ഐമാരായ ടോള്‍സണ്‍ പി ജോസഫ്, ആനന്ദ് വി.എല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജീവ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സിദ്ധിക്ക്, വിഷ്ണു, ജോസഫ് ജോയി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: