തലവടി: സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ പാഴായി, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിലാവ് പദ്ധതി വന്‍ ബാദ്ധ്യതയായി മാറുന്നു. വഴിവിളക്കുകള്‍ പ്രകാശിക്കാത്തത് പതിവായതോടെ വെട്ടിലായിരിക്കുകയാണ് ജനപ്രതിനിധികള്‍. നിലാവ് പദ്ധതിയുടെ ഭാഗമായി മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലും എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പദ്ധതി നടപ്പിലായാല്‍ 90 ശതമാനം വരെ കുറഞ്ഞ വൈദ്യുതി മതിയെന്നാണ് കണക്ക്. എല്‍ഇഡിയുടെ കൂടുതല്‍ കാലത്തെ സുരക്ഷ, അറ്റകുറ്റപ്പണി തുടങ്ങിയവ വഴി പണം ലാഭിക്കുന്ന പദ്ധതിക്ക് കെഎസ്ഇബി മേല്‍നോട്ടം വഹിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം.
ഏഴ് വര്‍ഷത്തെ സുരക്ഷയും തകരാര്‍ വന്നാല്‍ സൗജന്യമായി മാറ്റി സ്ഥാപിക്കുകയും അറ്റകുറ്റപ്പണികള്‍ എന്നിവയ്‌ക്കായി പദ്ധതി പ്രകാരം തദ്ദേശസ്ഥാപനങ്ങള്‍ കെഎസ്ഇബിയുമായി കരാര്‍ വയ്‌ക്കുകയും ചെയ്യണം. എന്നാല്‍ തലവടി അടക്കമുള്ള തദ്ദേശസ്ഥാപനങ്ങളില്‍ പദ്ധതി തുടങ്ങിയതോടെ പ്രതിസന്ധിയും ആരംഭിച്ചു. നേരത്തെ വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിക്കുന്ന ബള്‍ബുകള്‍ മാസങ്ങള്‍ പ്രകാശിക്കുമായിരുന്നു. എന്നാല്‍ നിലാവ് പദ്ധതി പ്രകാരം സ്ഥാപിച്ച എല്‍ഇഡി ലൈറ്റുകള്‍ ദിവസങ്ങള്‍ക്കുളില്‍ മിഴിപൂട്ടുകയാണ്. വാര്‍ഡ് പ്രതിനിധികള്‍ ഇതോടെ വെട്ടിലായി.
ജനങ്ങള്‍ പരാതിയുമായി എത്തുന്നത് ഇവരുടെ പക്കലാണ്. പഞ്ചായത്ത് രേഖകളില്‍ അറ്റകുറ്റപണികള്‍ കെഎസ്ഇബി ചെയ്യുമെന്നാണ് പറയുന്നത്. എന്നാല്‍ കെഎസ്ഇബി ഇത് അംഗീകരിക്കുന്നില്ല. ഇതോടെ ബഹുഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിലും ഗ്രാമീണറോഡുകള്‍ ഇരുട്ടിലായി കഴിഞ്ഞു. മഴക്കാലമായതോടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. നിലവിലെ സാഹചര്യത്തില്‍ നിലാവ് പദ്ധതി സാമൂഹ്യവിരുദ്ധര്‍ക്കാണ് ഗുണകരമായിരിക്കുന്നത്.
സര്‍ക്കാരിനും ഭരണകക്ഷിക്കും താല്‍പ്പര്യമുള്ള കമ്പനിക്കാണ് എല്‍ഇഡി ബള്‍ബുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും കരാര്‍ നല്‍കിയിരിക്കുന്നതെന്നും, ഗുണനിലവാരം കുറഞ്ഞ സാമഗ്രികള്‍ നല്‍കി അവര്‍ക്ക് നേട്ടമുണ്ടാക്കാന്‍ ഒത്താശ ചെയ്യുകയാണെന്നുമാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: