തിരുവനന്തപുരം: ജി. ശക്തിധരന്റെ കള്ളപ്രചരണങ്ങള്‍ക്ക് മറുപടി പറയാന്‍ സിപിഎമ്മില്ല. ആരോപണങ്ങള്‍ക്ക് സത്യവുമായി യാതൊരു ബന്ധവുമില്ല. വിവാദം സ്വയം എരിഞ്ഞടങ്ങിക്കൊള്ളുമെന്ന് കൈതോലപ്പായയിലെ പണം കടത്തലുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.
സിപിഎമ്മിനും സര്‍ക്കാരിനും എതിരേ വന്‍തോതില്‍ കള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. കള്ളമാണെന്ന് ഉറപ്പുള്ള കാര്യം വിളിച്ച് പറയുക വാര്‍ത്തയാക്കുക ചര്‍ച്ച ചെയ്യുക ഇതാണ് ഇപ്പോള്‍ നടക്കുന്നത്. പുതിയ വിവാദം വരുന്നത് വരെ അതുവരെയുള്ള നുണകള്‍ പൊടിപ്പും തൊങ്ങലും വെച്ച് പറയുന്നു. മാധ്യമ പ്രവര്‍ത്തനത്തിന്റെ നിലവാര തകര്‍ച്ചക്ക് എതിരെ കോടതി പോലും നിലപാടെടുക്കുന്നു.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങള്‍ മറയ്‌ക്കാന്‍ അന്യ സംസ്ഥാന മാഫിയയെ ഇറക്കുകയാണ്. എസ്എഫ്‌ഐക്കെതിരെ മാധ്യമ വേട്ട നടക്കുന്നു. ആര്‍ഷോക്ക് എതിരായ വാര്‍ത്ത പിന്‍വലിക്കേണ്ടിവന്നു. ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിച്ച് സംഘടനക്ക് എതിരെ ഉപയോഗിക്കുകയാണ്. സിപിഎമ്മിനും സര്‍ക്കാരിനും എതിരെ പ്രചാരണത്തിന് ഇവന്റ് മാനേജ്‌മെന്റ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സെനറ്റ് തെരഞെടുപ്പില്‍ പോപ്പുലര്‍ ഫ്രണ്ടിന് കോണ്‍ഗ്രസിന്റെ വോട്ട് കിട്ടി ഇത് കൂട്ട് കെട്ടിന്റെ തുടക്കമാണ്.
ഏക സിവില്‍ കോഡ് ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനുള്ള മുന്നൊരുക്കമാണ്. ഏകീകൃത സിവില്‍ കോഡിനെ ശക്തമായി എതിര്‍ക്കും. സിപിഎം സെമിനാര്‍ സംഘടിപ്പിക്കും. വര്‍ഗീയ വാദികളല്ലാത്ത എല്ലാവരെയും ഇതിനായി സംഘടിപ്പിക്കും. സിവില്‍ കോഡില്‍ കോണ്‍ഗ്രസിന്റെ നിലപാട് വിചിത്രമാണ്. ഹൈബി ഈഡന്റെ തലസ്ഥാന മാറ്റ ആവശ്യത്തിന് പ്രസക്തിയില്ലെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: