അമ്പലപ്പുഴ: പശുക്കളില്‍ സൈലേറിയ എന്ന അപൂര്‍വ രോഗം പടരുന്നു. ആശങ്കയോടെ ക്ഷീര കര്‍ഷകര്‍. പൂര്‍ണ ആരോഗ്യമുള്ള പശുക്കള്‍ പെട്ടെന്ന് ക്ഷീണിക്കുന്നതാണ് ഇതിന്റെ രോഗ ലക്ഷണം. എല്ലെരിച്ച് ഇവ വളരെ വേഗം ക്ഷീണിക്കുകയാണ്. ഭക്ഷണം കഴിക്കുമെങ്കിലും രോഗം ബാധിച്ച പശുക്കളില്‍ നിന്ന് പാലിന്റെ അളവ് ഗണ്യമായി കുറയുന്നത് ക്ഷീര കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ദിനം പ്രതി ലഭിച്ചുകൊണ്ടിരുന്ന പാലിന്റെ അളവ് പകുതിയില്‍ താഴെയാകുന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്.
ഏകദേശം മൂന്നു മാസം മുന്‍പ് ചിലയിടങ്ങളില്‍ ചെറിയ രീതിയിലാരംഭിച്ച സൈലേറിയ എന്ന രോഗം ഇപ്പോള്‍ പല സ്ഥലത്തും വ്യാപകമായിരിക്കുകയാണ്.പശുക്കളുടെ രക്തസാമ്പിള്‍ പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് മൃഗ സംരക്ഷണ വകുപ്പ് ഈ രോഗം സ്ഥിരീകരിച്ചത്. രോഗം മൂര്‍ഛിച്ചാല്‍ വീണു പോകുന്ന പശുക്കള്‍ക്ക് മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. കൃത്യമായ മരുന്നുകള്‍ ലഭ്യമാക്കാന്‍ മൃഗ സംരക്ഷണ വകുപ്പിനും കഴിയുന്നില്ലെന്നാണ് പല ക്ഷീരകര്‍ഷകരും പറയുന്നത്.പാലിന്റെ അളവ് ഗണ്യമായി കുറയുന്നതിനാല്‍ കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് സംഭവിക്കുന്നത്.
കാലിത്തീറ്റ വിലയില്‍ വന്‍ വര്‍ധനവുണ്ടായതു മൂലം നടുവൊടിഞ്ഞ ക്ഷീര കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് പശുക്കളില്‍ ബാധിച്ചിരിക്കുന്ന ഈ അപൂര്‍വ രോഗം. 50 കിലോയുള്ള കാലിത്തീറ്റക്ക് 35 രൂപ വര്‍ധിച്ച് ഇപ്പോള്‍ 1,555 രൂപയായി വില.ഒന്നര മാസത്തിനുള്ളില്‍ കാലിത്തീറ്റക്കുണ്ടായ ഈ വര്‍ധനവിനിടെയാണ് ഇടിത്തീയായി പശുക്കളില്‍ സൈലേറിയ രോഗം പടരുന്നത്. കോവിഡിനു ശേഷം പശുക്കളില്‍ വ്യാപകമായി കുളമ്പ് രോഗം പടര്‍ന്നിരുന്നു. ഈ രോഗം ബാധിച്ച് നിരവധി പശുക്കള്‍ ചത്തത് ക്ഷീര മേഖലയെ തളര്‍ത്തിയിരുന്നു.ഇതില്‍ നിന്ന് കരകയറിയ ക്ഷീര കര്‍ഷകര്‍ക്കാണ് ഇപ്പോള്‍ കൂനിന്മേല് കുരു പോലെ അടുത്ത പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. മൃഗ സംരക്ഷണ വകുപ്പ് ഇതില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തണമെന്നാണ് ക്ഷീര കര്‍ഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: