ന്യൂദല്‍ഹി: രാജ്യത്തെ പഞ്ചായത്തുകള്‍ ആഗസ്ത് 15 മുതല്‍ വികസനപ്രവര്‍ത്തനങ്ങളുടെയും നികുതിസമാഹരണത്തിന്റേതുമടക്കം എല്ലാ പണമിടപാടുകളും ഡിജിറ്റലാക്കണമെന്ന് കേന്ദ്രനിര്‍ദേശം. പഞ്ചായത്തിരാജ് മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തിലാണ് നിര്‍ദേശം. ഇക്കുറി സ്വാതന്ത്ര്യദിനത്തില്‍ പഞ്ചായത്തുകളെ യുപിഐ ഉപഭോക്ത്യ പഞ്ചായത്തുകളായി പ്രഖ്യാപിക്കണം.
മുഖ്യമന്ത്രി, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങി പ്രധാനപദവികള്‍ വഹിക്കുന്നവരുടെ സാന്നിധ്യത്തില്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഇത്തരം പ്രഖ്യാപനങ്ങളുണ്ടാകണമെന്ന് കത്തില്‍ പറയുന്നു. രാജ്യത്ത് നിലവില്‍ 98 ശതമാനം പഞ്ചായത്തുകളും ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമാണ് ഉപയോഗിക്കുന്നതെന്ന് പഞ്ചായത്തിരാജ് മന്ത്രാലയം സെക്രട്ടറി സുനില്‍കുമാര്‍ പറഞ്ഞു.
ഒന്നര ലക്ഷം കോടിയോളം രൂപയാണ് പൊതുസാമ്പത്തിക മാനേജ്മെന്റ് സംവിധാനം വഴി പഞ്ചായത്തുകള്‍ വര്‍ഷം തോറും വിനിമയം ചെയ്യുന്നത്. ഇപ്പോള്‍ ഇതെല്ലാം ഡിജിറ്റലായിക്കഴിഞ്ഞു. ചെക്കും കറന്‍സിയും ഉപയോഗിക്കുന്നത് ഏതാണ്ട് പൂര്‍ണമായും നിലച്ചിട്ടുണ്ട്, സുനില്‍ കുമാര്‍ പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും ഇക്കാര്യം സംബന്ധിച്ച് ആലോചനകള്‍ക്കായി സേവനദാതാക്കളുടെയും വ്യാപാരികളുടെയും യോഗം ഇന്ന് ചേരണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ജിപേ, ഫോണ്‍പേ, പേടിഎം, ഭീം, മൊബിക്വിക്, വാട്സ്ആപ്പ് പേ, ആമസോണ്‍ പേ, ഭാരത് പേ തുടങ്ങിയ യുപിഐ പ്ലാറ്റ്ഫോമുകള് വഴിയുള്ള ഉപയോക്താക്കളുടെ പട്ടികയും മന്ത്രാലയം കൈമാറിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ മാര്ഗനിര്ദേശത്തിന് അനുസൃതമായി പഞ്ചായത്തുകള്‍ ജൂലൈ 15നകം അനുയോജ്യരായ സേവനദാതാക്കളെ തെരഞ്ഞെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: