തൊടുപുഴ: നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ട ബ്രാഹ്മിന്‍സ് ഫുഡ്സ് ഗ്രൂപ്പ് ചെയര്‍മാന്‍ മണക്കാട് പുതുക്കുളത്ത് ഇല്ലത്ത് വി. വിഷ്ണു നമ്പൂതിരിയെ അവസാനമായി ഒരു നോക്കു കാണാന്‍ പ്രമുഖരടക്കം നിരവധി പേരാണെത്തിയത്. മരണ വിവരം അറിഞ്ഞപ്പോള്‍ തന്നെ നിരവധി പേരാണ് വീട്ടിലേക്കും ആശുപത്രിയിലേക്കും എത്തിയത്.
ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ്, തൊടുപുഴ എംഎല്‍എ പി.ജെ. ജോസഫ്, മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍, നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി ക്ഷണിതാവ് എസ്. രാമനുണ്ണി, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ്, തപസ്യ സംസ്ഥാന പ്രസിഡന്റ പ്രൊഫ. പി.ജി. ഹരിദാസ്, ആര്‍എസ്എസ് വിഭാഗ് സംഘചാലക് കെ.എന്‍. രാജു, ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, സംസ്ഥാന സമിതി അംഗം പി.പി. സാനു, മേഖലാ ജനറല്‍ സെക്രട്ടറി ബിനു ജെ.കൈമള്‍, ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി. നാരായണന്‍, ജന്മഭൂമി പത്രാധിപര്‍ കെ.എന്‍.ആര്‍. നമ്പൂതിരി തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
സഹായം തേടി എത്തുന്നവരെ വെറും കൈയോടെ മടക്കി അയക്കാത്ത അദ്ദേഹത്തിന്റെ നന്മനിറഞ്ഞ മനസ് ജനപ്രവാഹത്തില്‍ വ്യക്തമായിരുന്നു. മൂന്നരപ്പതിറ്റാണ്ടുകൊണ്ട് അദ്ദേഹം പടുത്തുയര്‍ത്തിയ സംരംഭത്തില്‍ അവസാന സമയം വരെ സജീവമായിരുന്നു. ആഴ്ചയില്‍ മൂന്ന് ദിവസം ഡയാലിസിസ് ചെയ്യാനായി പോകേണ്ടി വന്നിരുന്നങ്കിലും സമയം കിട്ടുമ്പോഴെല്ലാം ബിസിനസ് കാര്യങ്ങളില്‍ ശ്രദ്ധിച്ചിരുന്നു. മുമ്പും നിരവധി തവണ ആശുപത്രി വാസം അനുഭവിച്ചിട്ടുള്ള വിഷ്ണു നമ്പൂതിരി ഭേദപ്പെട്ട് ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. ഇത്തവണയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആ പ്രതീക്ഷയിലായിരുന്നു എല്ലാവരും. എന്നാല്‍ പെട്ടെന്നുണ്ടായ വിയോഗം കുടുംബക്കാര്‍ക്കും ഒപ്പം കമ്പനിയിലെ സഹപ്രവര്‍ത്തകര്‍ക്കും വലിയ ആഘാതമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: