ദുബായ് : രാജ്യത്തെ മയക്കുമരുന്ന് കഞ്ചാവ് മാഫിയകൾക്കെതിരെയുള്ള പോരാട്ടം ശക്തമായി തുടരുകയാണെന്ന് ദുബായ് പോലീസ്. ദുബായ് പോലീസിന്റെ ആന്റി നാർക്കോട്ടിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോകത്തെ 43 രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിച്ച് 190 മയക്കുമരുന്ന് സംഘത്തിലെ കുറ്റവാളികളെ അറസ്റ്റ് ചെയ്തെന്നും ഇതിനു പുറമെ പതിനയ്യായിരം കിലോയ്‌ക്ക് മുകളിൽ മയക്കുമരുന്ന് ലഹരി വസ്തുക്കൾ പിടികൂടാനായിയെന്നും ദുബായ് പോലീസിന്റെ കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽമാരി പറഞ്ഞു. ലോക മയക്കുമരുന്ന് ലഹരി വിരുദ്ധ ദിനമായ ജൂൺ 26 നാണ് അദ്ദേഹം ഈ റിപ്പോർട്ട് പുറത്തുവിട്ടത്.
സ്വദേശത്തും വിദേശത്തുമായി 653 മയക്കുമരുന്ന് ലഹരി കടത്തുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളാണ് ദുബായ് പോലീസ് വിവിധ രാജ്യങ്ങളിലെ പോലീസിന് കൈമാറിയതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ തന്റെ സുപ്രധാന ബിസിനസ് ഹബ്ബായി മാറിയ ദുബായ് മയക്കുമരുന്ന് മാഫിയകൾക്കെതിരെ കർശന നടപടികളാണ് സ്വീകരിച്ചു വരുന്നത്. കഴിഞ്ഞ വർഷം മയക്കുമരുന്ന് ലഹരിവസ്തുക്കൾ കടത്തുന്നവരെ പിടികൂടിയവരുടെ എണ്ണത്തിൽ 36.2 ശതമാനം വർധനവാണ് ദുബായ് പോലീസ് രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. അതി നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ക്രിമിനലുകളുടെ നീക്കങ്ങൾ നിരീക്ഷിച്ചു കൊണ്ടാണ് നാർക്കോട്ടിക് സെല്ലിന്റെ പ്രവർത്തനം മുന്നോട്ട് പോകുന്നത്. ഇതിനു പുറമെ യുഎഇയുടെ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാന്റെ മാർഗനിർദേശങ്ങളും പൂർണ്ണ പിന്തുണയുമാണ് ഈ വിപത്തിനെ ചെറുക്കുന്നതിൽ സഹായകരമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
യുവാക്കൾക്കിടയിൽ ബോധവൽക്കരണം ശക്തമാക്കും
മയക്കുമരുന്നുകളുടെയും മറ്റ് ലഹരി വസ്തുക്കളുടെയും അപകടങ്ങളെക്കുറിച്ച് യുവാക്കളെ ബോധവത്കരിക്കുന്നതിൽ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ആന്റി നാർക്കോട്ടിക്‌സുമായി സംയോജിച്ച് പ്രവർത്തിക്കുന്ന ഹേമയ ഇന്റർനാഷണൽ സെന്ററിന്റെ പങ്കും അൽ മാരി എടുത്തുപറഞ്ഞു. ഹേമയ 210 സർക്കാർ, സ്വകാര്യ സ്കൂളുകളിൽ 79,716 വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ കാമ്പെയ്‌നുകൾ നടത്തിയെന്നും 9,262 വിദ്യാർത്ഥികൾക്ക് വേണ്ടി കായിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമെ 10,444 വിദ്യാർത്ഥികൾക്ക് സൈനിക പ്രവർത്തനങ്ങളിൽ പങ്കാളികളാക്കിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവാക്കളെ മയക്കുമരുന്ന് ലഹരി ഉപയോഗത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനൊപ്പം പിടികൂടിയാൽ ലഭിക്കാവുന്ന കടുത്ത ശിക്ഷാ നടപടികളെക്കുറിച്ചും ബോധവത്കരണം നൽകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: