കായംകുളം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ അന്വേഷണം ഇപ്പോള്‍ പിടിലായവരിലും വിദ്യാഭ്യാസ എജന്‍സിയിലും ഒതുങ്ങിയേക്കും. കേസിലെ രണ്ടാം പ്രതി മുന്‍ എസ്എഫ്‌ഐ ഏരിയ പ്രസിഡന്റ് അബിന്‍ സി. രാജിന്റെ മൊഴി ഇത്തരത്തിലാണ്. നിഖില്‍ തോമസിന് വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു കൊടുത്തത് താന്‍ തന്നെയാണെന്ന് അബിന്‍ സമ്മതിച്ചിട്ടുണ്ട്. കോളജിന്റെ വാതില്‍ക്കല്‍ വിതരണം ചെയ്ത നോട്ടീസില്‍ നിന്നാണ് എറണാകുളത്തെ ഓറിയോണ്‍ ഏജന്‍സിയെ കുറിച്ച് വിവരം ലഭിച്ചതെന്നും പണം നല്കിയപ്പോള്‍ യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റ് ആണെന്ന് പറഞ്ഞാണ് നല്കിയതെന്നും അബിന്‍ പറയുന്നു.
നിഖില്‍ തോമസിന് അല്ലാതെ മറ്റാര്‍ക്കും. ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്കിയിട്ടില്ല. ഓറിയോണ്‍ ഏജന്‍സി ഉടമയെ ചോദ്യം ചെയ്താല്‍ മാത്രമെ അന്വേഷണം ഇനി മുന്നോട്ട് പോകുകയുള്ളു. അതിനിടെ കേസില്‍ ഒന്നാം പ്രതിയായ എസ്എഫ്‌ഐ മുന്‍ ഏരിയ സെക്രട്ടറി നിഖില്‍ തോമസിന് കലിംഗ സര്‍വകലാശാലയുടെ വ്യാജ ബികോം സര്‍ട്ടിഫിക്കറ്റ് നല്കിയ ഓറിയോണ്‍ ഏജന്‍സിയുടെ നടത്തിപ്പുകാരന്‍ എവിടെയാണെന്ന് യാതൊരു വിവരവുമില്ല. വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഇയാള്‍ അറസ്റ്റിലായതോടെ, കലൂരിലെ ഏജന്‍സി പൂട്ടി. മാള്‍ട്ടയില്‍ ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയെടുത്ത കേസില്‍ ഏജന്‍സി നടത്തിപ്പുകാരന്‍ തിരുവനന്തപുരം സ്വദേശി കഴിഞ്ഞ സപ്തംബറിലാണ് പോലീസിന്റെ പിടിയിലായത്. പുറത്തിറങ്ങിയ ശേഷം എവിടെയാണെന്ന് വിവരമില്ല. നെടുമ്പാശേരിയില്‍ തിങ്കളാഴ്ച രാത്രി പിടിയിലായ അബിനെ മാലദ്വീപ് ഭരണകൂടം അധ്യാപക ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായാണ് വിവരം. മാലദ്വീപ്, അബിന്റെ സിമ്മും വര്‍ക്ക് പെര്‍മിറ്റും റദ്ദാക്കിയിട്ടുള്ളതായിട്ടാണ് വിവരം. രണ്ടുലക്ഷം കൊടുത്തപ്പോള്‍ അബിനാണ് തനിക്ക് കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നല്കിയതെന്നാണ് നിഖില്‍ നല്കിയ മൊഴി. നിഖിലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റും ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും കണ്ടെത്തിയിരുന്നു. അതേസമയം, കേസിലെ സുപ്രധാന തെളിവായ നിഖിലിന്റെ ഫോണ്‍ കണ്ടെത്താനായിട്ടില്ല.
ഫോണ്‍ കായംകുളത്തെ ഒരു തോട്ടില്‍ ഉപേക്ഷിച്ചെന്നാണ് നിഖിലിന്റെ മൊഴി. എന്നാല്‍ ഇതുള്‍പ്പടെ നിഖില്‍ നല്കിയ മൊഴികളില്‍ പലതും പോലീസ് വിശ്വസിച്ചിട്ടില്ല. ഇയാളുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ എടുക്കാനും നീക്കം ആരംഭിച്ചിട്ടുണ്ട്. നിഖിലിനെയും അബിനെയും അന്വേഷണ സംഘം തെളിവെടുപ്പിനായി എറണാകുളത്ത് എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: