ദാശൂരോപാഖ്യാനം
നീ അറിയുക, അസത്തിന്റെ ഉയര്‍ച്ചയുടെ ആരംഭമായി അതിവിസ്താരമാര്‍ന്നിരിക്കുന്നതായ, ഓര്‍ത്താല്‍ അവസ്തുമയമായ, സംസാരസ്ഥാനമാണു ഞാന്‍ പറഞ്ഞത്. പരമമായീടുന്ന ആകാശത്തില്‍നിന്നുളവായ സങ്കല്പനത്തിനെത്തന്നെ സ്വോത്ഥനെന്നു ഞാന്‍ പറഞ്ഞു. അതു താനേ ഉണ്ടാകുന്നു, താനേതന്നെ ലയിക്കുന്നു. ഈ കാണുന്ന ജഗത്തൊക്കെയും സന്മതേ! ഹൃദയത്തില്‍ ഓര്‍ക്കുക, നീ അതിന്റെ സ്വരൂപംതന്നെ. സങ്കല്പമുള്ളപ്പോള്‍ ഈ ജഗത്തുണ്ട്, സങ്കല്പമില്ലെങ്കില്‍ ഈ ജഗത്തില്ലാതെയാകുന്നു. അതിന്റെ അംഗങ്ങളാണ് വിഷ്ണു, ബ്രഹ്മാവ്, രുദ്രന്‍ എന്നിവരെന്നും ശങ്കയില്ലാതെ ഗ്രഹിക്കുക. അത് പ്രതിഭാസസംബന്ധമായി പിന്തുടര്‍ന്നുവരുന്ന മാത്രകളില്‍ ബ്രഹ്മത്വമാര്‍ന്നുകൊള്ളുന്നെന്നും ഓര്‍ക്കുക.
ശൂന്യമായ ആകാശത്തില്‍ ഈ സങ്കല്പം തന്നെയാണ് ത്രിജഗത്പുരത്തെ സൃഷ്ടിച്ചത്. പതിന്നാലു ലോകങ്ങളെ പ്രധാനവഴികളെന്നു പറഞ്ഞിട്ട് നന്ദനോദ്യാനം മുതലായവകളെ വനോപവനങ്ങളെന്നും ഞാന്‍ പറഞ്ഞു. നല്ല ക്രീഡാശിഖിരങ്ങള്‍ മന്ദരം, മേരു മുതലായവതന്നെയാകുന്നു. ചൂടും തണുപ്പുമായി കത്തുന്ന രണ്ടു ദീപങ്ങള്‍ സൂര്യനും ചന്ദ്രനുമാണെന്നറിയുക. മുത്തുമണികളാല്‍ നല്ല വെളുപ്പുള്ള ഏഴുതടാകങ്ങളുണ്ടെന്നു ഞാന്‍ പറഞ്ഞത് നദികളാല്‍ ശോഭതേടുന്ന സമുദ്രങ്ങളെയാകുന്നു. ഔര്‍വാനലാംബോരുഹങ്ങളായീടുന്ന, സര്‍വദാ ശോഭിപ്പതായ അവകളില്‍ സങ്കല്പഭൂപന്‍ ജഗത്രയമാം പുരത്തില്‍ പലവക ദേഹഗേഹങ്ങളെ തനിക്കേറ്റം വിനോദിക്കാനായി ഉണ്ടാക്കി. ഊര്‍ദ്ധ്വഭാഗങ്ങളില്‍ ദേവഗേഹങ്ങളെയും മനുഷ്യനാഗാദികളായ ഗേഹങ്ങളെ യഥാക്രമം മദ്ധ്യത്തിലും കീഴിലും ചേര്‍ത്തു. പ്രാണയന്ത്രപ്രവാഹത്താല്‍ ചലിപ്പവയാണ് മാംസമൃന്മയഗേഹങ്ങളെന്നും ഓര്‍ക്കുക. നല്ല ചര്‍മ്മലേപനംകൊണ്ട് അസ്ഥിവൃക്ഷങ്ങളെ മനോജ്ഞങ്ങളാക്കി. നല്ലവണ്ണം കറുത്ത പുല്ലുകൊണ്ടു മേഞ്ഞത് കേശങ്ങളാണെന്നോര്‍ക്കുക. ചെവികള്‍, കണ്ണുകള്‍, മൂക്ക് ഇവകളാണ് നവദ്വാരങ്ങള്‍. ചെവി, മൂക്ക്, താലു ഇവകള്‍ വാതായനങ്ങളാണ്. കൈകാലുകള്‍ ദേഹഗേഹങ്ങള്‍ക്കുള്ള പ്രധാനവഴികളാണ്. പഞ്ചേന്ദ്രിയങ്ങളെ ദീപങ്ങളാണെന്നു ഞാന്‍ പറഞ്ഞതും ധരിക്കുക. നോക്കുമ്പോള്‍ ഭയപ്പെട്ടുപോകുന്ന പിശാചുക്കള്‍ അഹങ്കാരങ്ങളാകുന്നു. അസ്സത്തില്‍നിന്നുളവാകുന്ന അഹങ്കാരങ്ങളോടൊത്ത് സങ്കല്പഭൂവരന്‍ ഗാത്രഗേഹത്തിനുള്ളില്‍ കൗതുകത്തോടെ സര്‍വദാ നര്‍ത്തനംചെയ്തീടുന്നു. അഭ്യുദയം ക്ഷണം പ്രാപിച്ചുകൊള്ളുന്നു, ദീപംപോലെ ക്ഷിപ്രം ശമിച്ചുകൊള്ളുന്നു. ഗോത്രഗേഹങ്ങളില്‍ സങ്കല്പമെന്നുള്ളത് കടലില്‍ തിരപോലെയാണ്. മേലിലുണ്ടാകുന്ന ദേഹങ്ങളായീടുന്ന ആലയങ്ങള്‍ക്ക് താന്‍ നിരന്തരം പോകും.
ചിന്തിക്ക, സങ്കല്പഭൂപന്‍ ചമയ്‌ക്കുന്നത് അന്തരമില്ല, ക്ഷണാല്‍ നശിച്ചുപോകും. അസ്സങ്കല്പമാത്രേണ ക്ഷിപ്രം നശിച്ചുപോയീടുന്നു. അന്തമില്ലാത്ത ദുഃഖത്തിനായിട്ടു ലോകത്തെ ചമച്ചുകൊള്ളുന്നു. ഉത്തമം, മദ്ധ്യമം, അധമമെന്നുള്ള മൂന്നു വപുസ്സുകള്‍ സത്വം, രജസ്സ്, തമസ്സുകളാകുന്നു. ഈ ത്രിലോകത്തിനു കാരണങ്ങളാണവ. ശങ്കയുണ്ടാകേണ്ട, തമോരൂപസങ്കല്പം എല്ലായ്‌പ്പോഴും പ്രാകൃതചേഷ്ടയാല്‍ വളരെ കൃപണത്വമാര്‍ന്നിട്ട് കൃമികീടതയെ പ്രാപിക്കുന്നു. നന്ദന! സത്യസ്വരൂപമായ സങ്കല്പം അത്യുത്തമമായ ധര്‍മ്മവും ജ്ഞാനവും കൈക്കൊണ്ട്, സമീപകൈവല്യമായി സദാ ചക്രവര്‍ത്തിക്കു സമം വിളങ്ങുന്നു. രാജസ്വരൂപമാകുന്ന സങ്കല്പം എപ്പോഴും ജഗത്‌വ്യാപാരമാര്‍ന്നുകൊണ്ട് പുത്രദാരാദിയില്‍ വലിയ സക്തിയോടുകൂടി സംസാരത്തില്‍ വര്‍ത്തിച്ചിടുന്നു. ഈ മൂന്നു രൂപവും വിട്ട് സങ്കല്പം ക്ഷയിച്ചുകൊള്ളുംവിധത്തില്‍ ഉത്തമമായ പരംപദം പ്രാപിച്ചുകൊള്ളുന്നു. ശിഷ്ടബുദ്ധേ! സര്‍വദൃഷ്ടികളെയും ദൂരെവെച്ച് ചേതസ്സിനെ ചേതസ്സാ നീക്കി നീ ഉള്ളിലും പുറത്തുമുള്ള സങ്കല്പമെല്ലാം ക്ഷയിപ്പിച്ചുകൊള്ളുക. അത്യന്തം ദാരുണമായ തപസ്സ് ആയിരം വര്‍ഷം ചെയ്താലും പാതാളദേശത്തു വാണാലും ഏതും നിനക്കു പ്രയോജനമില്ല. സങ്കല്പനാശമൊന്നല്ലാതെ സദ്ഗതിലഭിക്കുവാന്‍ ഉപായമില്ലെന്ന് സംശയമില്ലാതെ അറിയുക. ഏതും വികാരമില്ലാതെ കണ്ടുള്ളതും ബാധയില്ലാത്തതും പാരം പവിത്രമായി സൗഖ്യമായുള്ള സങ്കല്പനാശത്തിനായി നീ നല്ലവണ്ണം വേലചെയ്യണം. സര്‍വഭാവങ്ങളും സങ്കല്പതന്തുവില്‍ കോര്‍ത്തിരിക്കുന്നതെന്നു ഓര്‍ത്തുകൊള്ളുക. തന്തു അറ്റുപോകില്‍ സര്‍വഭാവങ്ങളും ഹന്ത! പോയീടുന്നതെങ്ങെന്നറിഞ്ഞീടാ.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: