വി.എന്‍.എസ്.പിള്ള
ദേശീയപെന്‍ഷന്‍പദ്ധതി ആയാലും ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളുടെ പെന്‍ഷന്‍ആന്വിറ്റി ആയാലും പെന്ഷന് കിട്ടിത്തുടങ്ങുന്നതിനുമുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സേവനത്തില്‍ നിന്നും പിരിയുമ്പോള്‍ ജീവനക്കാരന് ഒരു നിക്ഷേപവും നല്‍കാതെയാണ് സര്‍ക്കാറിന്റെ പെന്ഷന് അര്‍ഹനാകുന്നത്. ആന്വിറ്റിയാകട്ടെ പണം നല്കി വാങ്ങുന്ന പെന്‍ഷനത്രേ. നമ്മുടെ രാജ്യത്ത് പെന്ഷന് ലൈഫ് ഇന്‍ഷൂറന്‍സിന്റെ നിര്‍വചനത്തില്‍ വരുന്നതാകയാല്‍ പെന്ഷന് നല്‍കാനുള്ള കടമ (ഗവണ്മെന്റ് ഒഴികെ) ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളുടേതാണ്. അതുകൊണ്ടാണ് ദേശീയ പെന്ഷന് പദ്ധതിയില്‍ അംഗത്തിന് അറുപതുവയസാകുമ്പോള്‍ ഫണ്ടുപയോഗിച്ച് ഏതെങ്കിലും ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നും ആന്വിറ്റി വാങ്ങണം എന്നു പറഞ്ഞിരിക്കുന്നത്.
ദീര്‍ഘകാലം സേവനത്തിലിരുന്നശേഷം പിരിഞ്ഞുപോകുമ്പോള്‍ ദേശീയപെന്‍ഷന്‍ പദ്ധതിയിലൂടെ ഉണ്ടാക്കിയെടുക്കുന്ന ഫണ്ട് വളരെ വലുതായിരിക്കുവാനും അതില്‍നിന്നും ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളിലൂടെ ലഭിക്കുന്ന പെന്ഷന് തുടക്കത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന പെന്ഷനേക്കാള് (ശമ്പളത്തിന്റെ പകുതി) കൂടുതല്‍ ആവാനുമിടയുണ്ട്. ഇപ്പോള്‍ ലഭിക്കുന്ന പെന്‍ഷനും ഫാമിലിപെന്‍ഷനും പെന്‍ഷന്‍കാരന്റെയും ഭാര്യയുടെയും അഥവാ ഭര്‍ത്താവിന്റെയും മരണത്തോടെ അവസാനിക്കും. എന്നാല്‍ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ പെന്ഷന് ആന്വിറ്റി നല്കുമ്പോള് പെന്ഷന്കാരന് ശ്രദ്ധാപൂര്‍വം തന്റെ ആന്വിറ്റി തെരെഞ്ഞെടുത്താല്‍ പെന്‍ഷന്‍കാരനും ജീവിതപങ്കാളിക്കും ഒരേ പെന്ഷന് ലഭിക്കുമെന്നു മാത്രമല്ല പെന്ഷന് നല്കാന് ഉപയോഗിച്ച ഫണ്ട് അവരുടെ കാലശേഷം അനന്തരാവകാശികള്‍ക്കു ലഭിക്കുകയും ചെയ്യും. ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളില്‍നിന്നും ആന്വിറ്റി പോളിസികളിലൂടെയും മണിപര്‍ച്ചേസ് ഗ്രൂപ്പ് പെന്ഷന് സ്കീമിലൂടെയും ഒറ്റത്തവണയായി പണമടച്ചും ആന്വിറ്റി വാങ്ങുമ്പോള്‍ ഏതുതരം ആന്വിറ്റിയാണ് തെരെഞ്ഞെടുക്കുന്നത് എന്നത് വളരെ സുപ്രധാനമാണ്. ഉദാഹരണത്തിനായി പെന്ഷന്കാരന് ലഭ്യമായ ഏതാനും ആന്വിറ്റി ഓപ്ഷനുകള്‍ കാണാം.
ആന്വിറ്റി ഓപ്ഷനുകള്‍
ഇവ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നു നോക്കാം. അറുപതു വയസ്സില്‍ സേവനത്തില്‍ നിന്നും വിരമിച്ച ഒരാള്‍ ഇരുപതു വര്‍ഷത്തേക്കുള്ള ആന്വിറ്റിയില്‍ തന്റെ പെന്‍ഷന്‍ഫണ്ട് നിക്ഷേപിച്ചുവെന്നിരിക്കട്ടെ ലൈഫ് ആന്വിറ്റി അഥവാ ആജീവനാന്ത ആന്വിറ്റി: ഇതില്‍ ആന്വിറ്റി ഗഡുക്കളിലുള്ള തുക താരതമ്യേന കൂടുതലാണ്. ഓരോ ഗഡുവിലും മുതലിന്റേയും പലിശയുടേയും അംശം അടങ്ങിയിട്ടുണ്ട്. പെന്‍ഷന്‍കാരന്റെ മരണത്തോടെ എല്ലാ ഇടപാടും അവസാനിക്കുന്നു. മറ്റാര്‍ക്കും മുതലോ പലിശയോ ആന്വിറ്റിയോ ലഭിക്കുന്നില്ല. ആശ്രിതരായി ആരുമില്ലാതെയിരിക്കുന്ന ഒരാള്‍ക്കുമാത്രം പറ്റിയതാണ് ലൈഫ് ആന്വിറ്റി.
ആന്വിറ്റി സേര്ട്ടന്
സുനിശ്ചിതമായ കാലത്തേക്ക് ഗാരണ്ടിയോടെയുള്ള ആന്വിറ്റിയാണിത്. ഈ ഗാരണ്ടി അഞ്ചോ പത്തോ പതിനഞ്ചോ ഇരുപതോ വര്‍ഷത്തക്കു ലഭ്യമാണ്. ഈ 20 വര്‍ഷത്തെ ഓപ്ഷന് സ്വീകരിച്ചയാള്‍ മുപ്പത്തിയൊന്‍പതു വര്‍ഷം ജീവിച്ചിരിക്കുന്നു എങ്കില്‍ ഈ 39 വര്‍ഷവും അയാള്‍ക്ക് ലൈഫ്ഇന്‍ഷൂറന്‍സ് കമ്പനിയില്‍നിന്നും പെന്‍ഷന്‍ആന്വിറ്റി ലഭിച്ചുകൊണ്ടേയിരിക്കും. അയാളുടെ മരണത്തോടെ ആന്വിറ്റി നിലയ്ക്കുകയും ചെയ്യും. നിക്ഷേപം ആര്‍ക്കും ലഭിക്കുന്നില്ല. പെന്‍ഷന്‍ആന്വിറ്റി തുടങ്ങി മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം പെന്‍ഷന്‍വാങ്ങുന്നയാള്‍ മരണപ്പെട്ടു എന്നിരിക്കട്ടെ. ഗാരണ്ടി നിലനില്‍ക്കുന്ന ശേഷിച്ച പതിനേഴു വര്‍ഷത്തേക്ക് പെന്ഷന്കാരന് നാമനിര്‍ദ്ദേശം ചെയ്തിട്ടുള്ള അയാളുടെ അനന്തരാവകാശിക്ക് ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയില്‍നിന്നും ആന്വിറ്റി ലഭിക്കുന്നതാണ്. ഗാരണ്ടി കാലാവധിക്കുശേഷം നിക്ഷേപം മടക്കികിട്ടുന്നില്ല. കാരണം ഓരോ ആന്വിറ്റി ഗഡുവിലുംകൂടി നിക്ഷേപം മടക്കിത്തന്നുകൊണ്ടാണിരിക്കുന്നത്.
ഉയരുന്ന ആന്വിറ്റി
സാധാരണയായി ആന്വിറ്റി ഗഡുക്കള്‍ തുകയില്‍ മാറ്റമില്ലാതെയാണ് തുടരുന്നത്. ഈ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കുവാനാണ് ആന്വിറ്റിയില്‍ വാര്‍ഷികവര്‍ദ്ധന (ഉദാഹരണം 3ശതമാനം. ഇതിനൊരു പരമാവധി പരിധിയുമുണ്ട്) നല്കുന്ന രീതി. ജീവിതപങ്കാളിക്കുകൂടി ആന്വിറ്റി ഉറപ്പുവരുത്താവുന്ന ജോയ്ന്റ് ലൈഫ് ഓപ്ഷനുകളും നിലവിലുണ്ട്. ഇതില്‍ രണ്ടാമത്തെയാള്‍ക്ക് (ജീവിതപങ്കാളിക്ക്) 50 ശതമാനം പെന്‍ഷനും അതേ പെന്‍ഷനും നല്കുവാനുതകുന്ന ഓപ്ഷനുകളും നിലവിലുണ്ട്.
മൂലധനം മടക്കിനല്‍കുന്ന ആന്വിറ്റി
പെന്ഷന് വാങ്ങുന്നയാള്‍ ജീവിച്ചിരിക്കുമ്പോള്‍ (എത്ര കാലമാണെങ്കിലും) ആന്വിറ്റി നല്‍കുക, അതിനുശേഷം നിക്ഷേപത്തുക നാമനിര്‍ദ്ദശം ചെയ്യപ്പെട്ടിരിക്കുന്ന അനന്തരാവകാശിക്കു നല്‍കുക ഇതാണുരീതി. ആന്വിറ്റി ഈ ഓപ്ഷന്‍പ്രകാരം എടുക്കുമ്പോള്‍ നിക്ഷേപം ആര്‍ക്കാണ് മടക്കിനല്‍കേണ്ടത് എന്നു കാണിക്കുന്ന നോമിനേഷന് നിര്‍ബന്ധമായും ചെയ്യണ്ടതാണ്. കേന്ദ്രസംസ്ഥാന സേവനത്തില്‍ നിന്നും വിരമിച്ച ജീവനക്കാരന്റെയും ജീവിതപങ്കാളിയുടേയും കാലശേഷം ഒരുരൂപപോലും അനന്തരാവകാശിക്കു ലഭിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളാകട്ടെ നിക്ഷേപം മടക്കിക്കൊടുക്കുകവഴി ഒരു വലിയ സാമൂഹ്യസേവനമാണ് നിര്‍വഹിക്കുന്നത്.
ആന്വിറ്റി തുടങ്ങുന്ന പ്രായം കൂടുന്നതിനനുസരിച്ച് ഗഡുക്കളിലെ തുക കൂടുന്നു. ഒരേ നിക്ഷേപത്തിന് അമ്പതുവയസ്സില്‍ തുടങ്ങുന്ന ആന്വിറ്റിയേക്കാള്‍ കൂടുതല്‍ തുക അറുപതുവയസ്സില്‍ തുടങ്ങുന്ന ആന്വിറ്റിയില്‍ ലഭിക്കും. ഇതേപോലെ അറുപത്തൊന്നു വയസ്സില്‍ തുടങ്ങുന്ന ആന്വിറ്റിയില്‍ ഇതിലും കൂടുതലായിരിക്കും ഓരോ ഗഡുവിലും ലഭിക്കുന്ന തുക. ആന്വിറ്റി ഗഡുക്കള്‍ മാസംപ്രതി വാങ്ങണമെന്നില്ല. ത്രൈമാസികമായോ, അര്ദ്ധവാര്ഷികമായോ, വാര്‍ഷികമായോ വാങ്ങാവുന്നതാണ്. ആന്വിറ്റി ഗഡുക്കളുടെ ആവൃത്തി കുറയുന്തോറും ഗഡുവിലെ തുകയും കൂടുന്നു. ആന്വിറ്റിപദ്ധതിയിലേക്ക് എന്ന് പണം നിക്ഷേപിച്ചാലും ആന്വിറ്റി പെന്‍ഷന്‍കാരനില്‍(ആന്വിറ്റന്റ്) നിക്ഷിപ്തമാകുന്ന തീയതിയില്‍ നിലവിലുള്ള നിരക്കുകളനുസരിച്ചാകും ആന്വിറ്റി ഗഡുക്കള്‍ കണക്കാക്കുന്നത്. ആന്വിറ്റിയില്‍ ഗാരണ്ടികള്‍ കൂടുന്തോറും ഗഡുക്കളിലെ തുക കുറഞ്ഞുവരുന്നു. നിശ്ചിത കാലവിളംബത്തോടെ ലഭിക്കുന്ന ആന്വിറ്റിയില്‍ അതിന്റെയൊരു ഭാഗം കമ്മ്യൂട്ട് ചെയ്യുവാനും സൗകര്യമുണ്ട്.
(അവസാനിച്ചു)
(ലേഖകന്‍ ‘പെന്ഷന്&ആന്വിറ്റി’ യുടെ(ഭാഷാഇന്സ്റ്റിട്യൂട്ട്) ഗ്രന്ഥകര്‍ത്താവാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: