പേട്ട (തിരുവനന്തപുരം): ഭിന്നശേഷിക്കാരിലുള്ള കഴിവുകള്‍ വികസിപ്പിച്ചെടുക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് ആര്‍എസ്എസ് പ്രാന്തീയ സഹസേവാ പ്രമുഖ് ജി.വി. ഗിരീഷ്. ഭിന്നശേഷിക്കാരുടെ ദേശീയ ക്ഷേമ സംഘടനയായ സക്ഷമയുടെ നേതൃത്വത്തില്‍ നടന്ന ഹെലന് കെല്ലര്‍ ജയന്തി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈകല്യത കുറവല്ല. മറ്റുള്ളവരേക്കാള്‍ ദിവ്യമായതും അപൂര്വമായിട്ടുള്ളതുമായ കഴിവുകള്‍ ഇത്തരക്കാര്‍ക്കുണ്ട്. ഇത് കണ്ടെത്തി വികസിപ്പിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യവും രാജ്യത്തിന്റെ വിജയവുമാണ്. ഇക്കാര്യത്തില്‍ ഉത്തമ മാതൃകയായ വനിതയാണ് ഹെലന് കെല്ലര്‍. 1880ല്‍ അമേരിക്കയില്‍ ജനിച്ച ഇവര്‍ തന്റെ വൈകല്യതയ്ക്കപ്പുറം ജീവിതത്തില്‍ വലിയ മുന്നേറ്റമാണ് കുറിച്ചത്. കാഴ്ചയും കേള്‍വിയും നഷ്ടപ്പെട്ട ഹെലന് അടയാളങ്ങളെ ആസ്പദമാക്കി ആശയവിനിമയം നടത്തി ജീവിതത്തിന്റെ പടവുകള്‍ കയറുകയായിരുന്നു. വിവിധ ഭാഷകള്‍ സ്വായത്തമാക്കി എഴുത്തിലും രാഷ്ട്രീയത്തിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച് ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച വനിതയായ ഹെലന് കെല്ലര്‍ ഇന്ന് ശാരീരിക വൈകല്യത കീഴടക്കിയ ദിവ്യാംഗര്‍ക്ക് മാതൃകയാണെന്നും ജി.വി. ഗിരീഷ് പറഞ്ഞു.
ഹെലന് കെല്ലറിന്റെ നൂറ്റിനാല്പത്തിമൂന്നാമത് ജയന്തി ആഘോഷമാണ് സക്ഷമ ആചരിച്ചത്. ഈഞ്ചയ്ക്കല്‍ മാനവ നഗറിലെ സക്ഷമ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നടക്കാന്‍ കഴിയാത്ത വിധം ജന്മനാ വൈകല്യത ബാധിച്ച നെയ്യാറ്റിന്‍കര ചെങ്കല്‍ സ്വദേശികളായ ഉഷ-രവികുമാര്‍ ദമ്പതികളുടെ മകള്‍ ആര്. രേഷ്മയ്ക്ക് വീല്‍ചെയര്‍ നല്കി.
സക്ഷമ സംസ്ഥാന പ്രചാര്‍ പ്രമുഖ് ബി.എസ്. വിനയന് ഗിരീഷിന്റെ വാക്കുകള്‍ ആംഗ്യഭാഷയില്‍ വിവര്‍ത്തനം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി അനിത നായകം, സമിതിയംഗം കെ.ആര്. രഘുനാഥന് നായര്‍, ആര്. കൃഷ്ണകുമാര്‍, ആര്. മിനി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: