മാവേലിക്കര: കൊലപാതക കേസില്‍ ശിക്ഷ വിധിച്ച ശേഷം ഒളിവില്‍ പോയ പ്രതി 27 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. മാങ്കാംകുഴി കുഴിപ്പറമ്പില്‍ തെക്കേതില്‍ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ (61) കൊലചെയ്യപ്പട്ട കേസില്‍ ഹൈകോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോയ അറുന്നൂറ്റിമംഗലം ബിജു ഭവനത്തില്‍(പുത്തന്‍വേലില്‍ ഹൗസ്)നിന്നും എറണാകുളം പോത്താനിക്കാട്, പല്ലാരിമംഗലം പഞ്ചായത്തില്‍ അടിവാട് എന്ന സ്ഥലത്ത് കാടുവെട്ടിവിളെ എന്ന വിലാസത്തില്‍ മിനി രാജു എന്ന വ്യാജ പേരില്‍ താമസിച്ചു അച്ചാമ്മ(റെജി)യാണ് മാവേലിക്കര പോലീസിന്റെ പിടിയിലായത്.
1990 ഫെബ്രുവരി 21 നാണ് മാങ്കാംകുഴി കുഴിപ്പറമ്പില്‍ തെക്കേതില്‍ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ വീടിനുള്ളില്‍ കൊലചെയ്യപ്പട്ട നിലയില്‍ കാണപ്പെട്ടത്. മറിയാമ്മയുടെ മൂന്നര പവന്റെ താലിമാല അപഹരിച്ച പ്രതി ചെവി അറുത്തു മാറ്റിയാണ്. ഒരു കാതില്‍ നിന്നും കമ്മല്‍ ഊരി എടുത്തത്. മറിയാമ്മയുടെ കൈകളിലും, പുറത്തുമായി ഒന്‍പതോളം കുത്തുകളേറ്റിരുന്നു. അന്വേഷണത്തില്‍ റെജി അറസ്റ്റിലാകുകയായിരുന്നു.1993ല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി റെജിയെ വറുതെ വിട്ടു. എന്നാല്‍ പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീലില്‍ 1996 സെപ്തംബര്‍ 11ന് ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ചു.
വിധി വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ റെജി ഒളിവില്‍ പോയി. കുറ്റവാളിയെ പിടികൂടികൂടണമെന്ന് മാവേലിക്കര അഡീഷണല്‍ ഡിസ്ട്രിക്ട് & സെഷന്‍സ് കോടതി- 2 ജഡ്ജി കെ.എന്‍. അജിത് കുമാര്‍ പുറപ്പെടുവിച്ച വാറന്റിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിര്‍ദ്ദേശപ്രകാരം ചെങ്ങന്നൂര്‍ ഡിവൈഎസ്പി. എം.കെ.ബിനുകുമാറിന്റെ നേതൃത്വത്തില്‍ മാവേലിക്കര പോലീസ് നടത്തിയ അന്വേഷണമാണ് പ്രതി എറണാകുളത്തുണ്ടെന്ന്് കണ്ടെത്തിയത്.
ഹൈക്കോടതി വിധി വന്നശേഷം ഒളിവില്‍ പോയ റെജി കോട്ടയം ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ മിനി എന്ന പേരില്‍ വീട്ടുജോലി ചെയ്തിരുന്നു. ഈ കാലയളവില്‍ തമിഴ്നാട് തക്കല സ്വദേശിയുമായി പരിചയത്തിലായി 1999ല്‍ ഇവര്‍ വിവാഹിതരാകുകയും ചെയ്തു. പിന്നീട് അടിവാട് എന്ന സ്ഥലത്ത് മിനി രാജു എന്ന പേരില്‍ കുടുംബസമേതം താമസിച്ചു വരികയായിരുന്നു. അഞ്ചു വര്‍ഷമായി അടിവാട് ഒരു തുണിക്കടയില്‍ സെയില്‍സ് ഗേളായി ജോലിനോക്കുകയായിരുന്നു. മാവേലിക്കര പോലീസ് ഇന്‍സ്‌പെക്ടര്‍ സി. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റെജിയെ തിങ്കളാഴ്ച മാവേലിക്കര അഡീഷണല്‍ ഡിസ്ട്രിക്ട് & സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: