പാലക്കാട്: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിഹരിക്കുവാന്‍ ടൂറിസം മാത്രം മതിയെന്ന് ബിജെപി സംസ്ഥാന സഹപ്രഭാരി ഡോ. രാധാമോഹന്‍ദാസ് അഗര്‍വാള്‍ അഭിപ്രായപ്പെട്ടു. ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇന്റലക്ച്വല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സാധ്യതയെ ഇന്നും ഉപയോഗിക്കുവാനോ പുറംലോകത്തെത്തിക്കുവാനോ ഭരണാധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. പരിതാപകരമായ അവസ്ഥക്ക് പരിഹാരം കണ്ടെത്തിയെ മതിയാവൂ.
വന്‍കിട വ്യവസായങ്ങളും സംസ്ഥാനത്തില്ല. കേന്ദ്രം അനുവദിക്കുന്ന തുക പോലും യഥാസമയം വിനിയോഗിക്കുന്നില്ലെന്നത് പരിതാപകരമാണ്. വിദേശരാജ്യങ്ങളില്‍നിന്നുള്ള വരുമാന സ്രോതസ് ഇല്ലാതായാല്‍ കേരളത്തിന്റെ സ്ഥിതിയെക്കുറിച്ച് ചിന്തിക്കാന്‍പോലും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ശിശുമരണം നടക്കുന്നത് കേരളത്തിലാണെന്നത് വൈരുദ്ധ്യമാണ്. വിഷാംശം ഒഴുകുന്ന കനാല്‍ വെള്ളത്തില്‍ കുളിക്കുന്ന ജനതയാണ് സാക്ഷരകേരളം എന്നറിയപ്പെടുന്ന ഇവിടെയുള്ളത്. കുട്ടനാട്ടിലുണ്ടായ അനുഭവങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അഗര്‍വാള്‍ വ്യക്തമാക്കി. മോദി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം മൂന്നുകോടി വീടുകളാണ് ഉണ്ടാക്കിയിരുന്നതെങ്കില്‍ കഴിഞ്ഞ ഒമ്പതുവര്‍ഷത്തിനിടെ എട്ടുകോടിയായി ഉയര്‍ന്നു.
ജല്‍ജീവന്‍ മിഷന് പദ്ധതി പ്രകാരം കോടിക്കണക്കിന് വീടുകളിലാണ് കുടിവെള്ളമെത്തിച്ചത്. വ്യവസായ രംഗത്തും വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായതെന്ന് അദ്ദേഹം ഉദാഹരണസഹിതം വിശദീകരിച്ചു.
ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി സി. കൃഷ്ണകുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ്, ജില്ലാ ജന.സെക്രട്ടറി പി. വേണുഗോപാല്‍, സെക്രട്ടറി ബി. മനോജ്, അഡ്വ. എസ്. ശാന്താദേവി, മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി സിനി മനോജ് പങ്കെടുത്തു.
ഇന്നലെ അദ്ദേഹം കഞ്ചിക്കോട് ഇന്‍സ്ട്രുമെന്റേഷന്‍, എഫ്സിആര്‍ഐ, ഐടിഐ, ഫുഡ് പാര്‍ക്ക് എന്നിവ സന്ദര്‍ശിച്ചു. ഇന്ന് രാവിലെ പാലക്കാട് മണ്ഡലത്തിലെ സമ്പര്‍ക്കത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വെള്ളിനേഴി അച്യുതന്കുട്ടിയുടെ വീട് സന്ദര്‍ശിക്കും. തുടര്‍ന്ന് 3.30ന് ഒറ്റപ്പാലത്തും, 4.30ന് പട്ടാമ്പിയിലും കേന്ദ്രസര്‍ക്കാര്‍ ഗുണഭോക്താക്കളുടെ യോഗത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: