തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മന്ത്രിമാരായ വീണാ ജോര്‍ജ്, എം.ബി. രാജേഷ്, വി. ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. എല്ലാ ജില്ലകളെയും ഹോട്ട്സ്പോട്ട് പരിധിയില്‍പ്പെടുത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ യോഗം തീരുമാനിച്ചു.
ജൂലൈ മാസത്തില്‍ പകര്‍ച്ചപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ജാഗ്രതയും ശക്തമാക്കും. കുട്ടികളില്‍ പകര്‍ച്ചപ്പനി കൂടിവരുന്ന സാഹചര്യത്തില്‍ അവബോധത്തിനായി എല്ലാ സ്കൂളുകളിലും ഇന്ന് ആരോഗ്യ അസംബ്ലി നടത്തി. സ്കൂളുകളെക്കൂടി ആരോഗ്യ വകുപ്പിന്റെ ഹോട്ട്സ്പോട്ട് പരിശോധനയില്‍ ഉള്‍പ്പെടുത്തും.
ഒരു ക്ലാസില്‍ അഞ്ചില്‍ കൂടുതല്‍ കുട്ടികള്‍ പനിബാധിച്ച് ഹാജരാകാതിരുന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. പനിയുള്ള കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കരുതെന്ന് മന്ത്രി വീണാ ജോര്‍ജ് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി ഡ്രൈ ഡേ ആചരിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
വരുന്ന ആഴ്ചകളില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ തോറും ഡ്രൈ ഡേ ആചരിക്കും. വെള്ളിയാഴ്ച സ്കൂളുകള്‍, ശനിയാഴ്ച ഓഫീസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ ഖേല്‍ക്കര്‍, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: