ഭാരതീയ സംസ്‌കാരത്തിന്റെ അമൂല്യ സംഭാവനകള്‍ ലോകം ഒന്നടങ്കം ആഹ്ലാദത്തോടെ ഏറ്റെടുക്കുന്നതിന്റെ അസുലഭമായ കാഴ്ചകള്‍ക്കാണ് ഒന്‍പതാമത് അന്താരാഷ്‌ട്ര യോഗ ദിനത്തില്‍ മാനവരാശി സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കിലെ ഐക്യരാഷ്‌ട്രസഭാ ആസ്ഥാനത്ത് സംഘടിപ്പിച്ച യോഗ ദിനാചരണം ഒന്‍പതു വര്‍ഷങ്ങളായി തുടരുന്ന ഈ മുന്നേറ്റത്തിന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്തിരിക്കുകയാണ്. ലോകത്തെ 180 രാജ്യങ്ങളില്‍നിന്നുള്ളവര്‍ പങ്കെടുത്ത യോഗ പ്രദര്‍ശനം ഗിന്നസ് ബുക്കിലും സ്ഥാനം പിടിച്ചിരിക്കുന്നു. ബോളിവുഡ് താരങ്ങള്‍, ഐക്യരാഷ്‌ട്രസഭയുടെ ഉദ്യോഗസ്ഥര്‍, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ എന്നിങ്ങനെ ലോകത്തിന്റെ ഒരു പരിഛേദം തന്നെയാണ് ന്യൂയോര്‍ക്കില്‍ അണിനിരന്നത്. യുഎന്‍ സെക്രട്ടറി ജനറലായ അന്റോണിയോ ഗുട്ടറസ് വീഡിയോ കോണ്‍ഫറന്‍സിങ് വഴി പരിപാടിയുടെ ഭാഗമായി. 2014 ല്‍ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഐക്യരാഷ്‌ട്രസഭ അന്താരാഷ്‌ട്ര യോഗ ദിനം ആചരിക്കാന്‍ തീരുമാനിച്ചത്. യുഎസിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം രാജ്യങ്ങളുടെ പിന്തുണ ഈ പ്രമേയത്തിന് ലഭിച്ചത് അന്ന് പലരെയും അമ്പരപ്പിക്കുകയുണ്ടായി. ഇതിനുശേഷം ഓരോ വര്‍ഷവും മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും ഭരണസംവിധാനങ്ങളുടെയുമൊക്കെ അതിര്‍വരമ്പുകള്‍ മറികടന്ന് ലോകം യോഗ ദിനം ആചരിക്കുകയാണ്. കോടിക്കണക്കിനാളുകളുകളാണ് വര്‍ഷംതോറും ഇതില്‍ പങ്കുകൊള്ളുന്നത്. അവരുടെ എണ്ണം പല മടങ്ങായി വര്‍ധിച്ചുകൊണ്ടിരിക്കുകയുമാണ്.
ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ച ഒന്‍പതാമത് അന്താരാഷ്‌ട്ര യോഗ ദിനാചരണത്തിന്റെ മുഖ്യ ആകര്‍ഷണ കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയായിരുന്നു. യുഎന്‍ ആസ്ഥാനത്തു നടന്ന പരിപാടിയിലേക്ക് യുഎന്‍ പൊതുസഭയുടെ അധ്യക്ഷന്‍ സാബ കൊറൊസിയും, യുഎന്നിലെ ഭാരതത്തിന്റെ സ്ഥിരം പ്രതിനിധി രുചിര കാംബോജും, ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസും ചേര്‍ന്ന് പ്രധാനമന്ത്രി മോദിയെ ആനയിച്ചത് മാറിയകാലത്ത് ഭാരതത്തിന് കൈവന്നിരിക്കുന്ന പ്രസക്തിക്ക് തെളിവാണ്. പ്രധാനമന്ത്രിയോടൊപ്പമാണ് നാം ഇന്ന് യോഗ ചെയ്യുന്നതെന്നും, ഐക്യരാഷ്‌ട്രസഭയുടെ സാംസ്‌കാരിക വൈവിധ്യത്തില്‍ അലിഞ്ഞുചേരുന്നതാണ് അന്താരാഷ്‌ട്ര യോഗ ദിനമെന്ന ആശയമെന്നും രുചിര കാംബോജ് പറഞ്ഞത് വലിയ കരഘോഷത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. യോഗയ്‌ക്ക് നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ മാറ്റാന്‍ മാത്രമല്ല, മാനസികവും ബുദ്ധിപരമായും നമ്മെ ഉണര്‍ത്താനും കഴിയുമെന്ന് പറഞ്ഞ കൊറോസി താന്‍ യോഗയുടെ ഒരു ആരാധകനാണെന്ന് കൂട്ടിച്ചേര്‍ക്കാനും മറന്നില്ല. നമ്മുടെ ഇന്നത്തെ ലോകത്തിന് സമനിലയും ആത്മനിയന്ത്രണവും ആവശ്യമാണ്. ഇത് നേടിയെടുക്കാനുള്ള മാര്‍ഗമാണ് യോഗ എന്നുകൂടി കൊറോസി പ്രഖ്യാപിക്കുകയുണ്ടായി. മാനവരാശിക്കുവേണ്ടി നിലകൊള്ളാന്‍ ആഹ്വാനം ചെയ്യുന്നതാണ് ഈ പരിപാടിയെന്നും, ന്യൂയോര്‍ക്ക് നഗരത്തെ പ്രതിനിധീകരിച്ച് ഇതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്നും മേയര്‍ എറിക് ആഡംസ് പറഞ്ഞതും വലിയ പ്രാധാന്യമര്‍ഹിക്കുന്നു. ഇന്നത്തെ ലോകത്ത് മറ്റേതെങ്കിലും രാജ്യത്തെക്കുറിച്ചോ സംസ്‌കാരത്തെക്കുറിച്ചോ ആരെങ്കിലും ഇങ്ങനെയൊക്കെ പറയുമെന്ന് കരുതാനാവില്ല.
വസുധൈവ കുടുംബകം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷത്തെ അന്താരാഷ്‌ട്ര യോഗ ദിനം ആചരിക്കപ്പെട്ടത്. ഈ ആശയത്തിന്റെ പ്രാധാന്യത്തിന് അടിവരയിടുന്ന പ്രസംഗമാണ് പ്രധാനമന്ത്രി മോദി ന്യൂയോര്‍ക്കില്‍ നടത്തിയത്. ‘ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി’ എന്ന നമ്മുടെ അഭിലാഷം തന്നെയാണ് വസുധൈവ കുടുംബകം പ്രതിനിധീകരിക്കുന്നതെന്നും, മാനവരാശിയുടെ ഐക്യത്തിനും ലോകസമാധാനത്തിനും വഴികാട്ടാന്‍ ഇതിന് കഴിയുമെന്നും മോദി പറഞ്ഞത് പുതിയ കാലത്തിന്റെ സന്ദേശമായി ലോകമെമ്പാടുമുള്ള വിവേകമതികള്‍ ഉള്‍ക്കൊള്ളുമെന്നുറപ്പാണ്. അന്താരാഷ്‌ട്ര യോഗ ദിനാചരണത്തിന് ഐക്യരാഷ്‌ട്ര സഭയുടെ അംഗീകാരം ലഭിച്ചതിനെയും, അതിന് കാരണക്കാരനായ നരേന്ദ്ര മോദിയെയും അംഗീകരിക്കുന്നതിനു പകരം വിമര്‍ശിക്കാനും പരിഹസിക്കാനുമാണ് ഭാരതത്തിലെ സങ്കുചിത ബുദ്ധികളായ ചിലര്‍ ശ്രമിച്ചത്. യോഗ ദിനാചരണത്തിന്റെ ഒന്‍പത് വര്‍ഷം പിന്നിടുമ്പോള്‍ വിമര്‍ശകര്‍ക്കും മനംമാറ്റമുണ്ടായിരിക്കുന്നു. തങ്ങളാണ് യോഗയുടെ വക്താക്കളെന്ന അവകാശവാദവുമായി ചിലര്‍ രംഗത്തുവരുന്നത് ഒരേസമയം കൗതുകകരവും പരിഹാസ്യവുമായ കാര്യമാണ്. എന്നാല്‍ ഭാരതം തുടങ്ങിയിട്ടേയുള്ളൂ എന്ന് ഇവരറിയുന്നുണ്ടോ! ലോകോത്തരമായ ഒരു സംസ്‌കാരത്തിന്റെ സിദ്ധിവിശേഷങ്ങള്‍ മാനവരാശി ഒന്നൊന്നായി അറിയാന്‍ പോവുകയാണ്. ഈ ആഗോളദൗത്യത്തിന്റെ വിജയത്തുടക്കമാണ് ഈ വര്‍ഷം ഭാരതത്തിലും യുഎന്‍ ആസ്ഥാനത്തും ലോകമെമ്പാടും നടന്ന യോഗ ദിനാചരണം എന്നു തീര്‍ത്തുപറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: