ആലപ്പുഴ: പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പേ ആലപ്പുഴ നഗരസഭ ശതാബ്ദി മന്ദിരത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണു. ഇന്നലെ വൈകിട്ടോടെയാണ് മന്ദിരത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണത്. കെട്ടിട അവശിഷ്ടങ്ങള്‍ പതിച്ച് സമീപത്ത് നിന്ന മരവും ഒടിഞ്ഞുവീണു. മരം വീണ് സമീപ റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ച് മാറ്റുകയായിരുന്നു. നിര്‍മ്മാണ ഘട്ടത്തില്‍ അഴിമതി ആരോപണങ്ങള്‍ നേരിട്ടിരുന്ന കെട്ടിടമാണ് തകര്‍ന്നത്.
കഴിഞ്ഞ യുഡിഎഫ് ഭരണ കാലയിളവിലായിരുന്നു മന്ദിരത്തിന്റെ നിര്‍മ്മാണം. 10.4 കോടി ചെലവിട്ടായിരുന്നു കളക്ടേറ്റിന് സമീപം കെട്ടിടം നിര്‍മ്മിച്ചത്. നിലവില്‍ ഉദ്ഘാടനത്തിന് ശേഷം പണികള്‍ ബാക്കിയുണ്ടായിരുന്നു. അതു കൊണ്ട് കെട്ടിടം തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ല. വാക്സിനേഷന് കേന്ദ്രമായി മാത്രമാണ് ഇതുവരെ കെട്ടിടം ഉപയോഗിച്ചത്. ഇതിനിടെ കെട്ടിടം ചോര്‍ന്നൊലിച്ചിരുന്നു.
കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിള്ളലുകളും വ്യക്തമായിരുന്നു. ഇന്റീരീയര്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഭരണ സമിതി പ്രഖ്യാപിച്ചിരിക്കെയാണ് കെട്ടിടം തകര്‍ന്നത്. പണി പൂര്‍ത്തിയാകും മുന്‍പ് തന്നെ കെട്ടിടത്തിന്റെ ഉദ്ഘാടനം മുന്‍ ഭരണ സമിതി നടത്തിയതും വിവാദമായിരുന്നു.
കെട്ടിടം ഇത്രയും വേഗം തകരാനുള്ള കാരണം അഴിമതിയാണെന്നാണ് ആക്ഷേപം ഉയരുന്നത്. നഗരസഭാ ഓഫീസ് പ്രവര്‍ത്തനം ഇങ്ങോട്ടേക്ക് മാറ്റിയതിന് ശേഷമാണ് കെട്ടിടം തകര്‍ന്നതെങ്കില്‍ വന്‍ ദുരന്തത്തിന് കാരണമാകുമായിരുന്നു. കെട്ടിടത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: