വാഷിങ്ടണ്‍ : ഒരു ദിവസത്തേയ്ക്കുള്ള ഓക്സിജന്‍ മാത്രം ശേഷിക്കേ അറ്റ്ലാന്റിക് സമുദ്രത്തില്‍ കനേഡിയന്‍ ഭാഗത്ത് കാണാതായ അന്തര്‍വാഹിനിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. അഞ്ച് പേരാണ് ഈ അന്തര്‍വാഹിനിക്കുള്ളില്‍ അകപ്പെട്ടിരിക്കുന്നത്. ഇതില്‍ ഇന്ത്യയിലേക്ക് നമീബിയയില്‍ നിന്നും ചീറ്റപ്പുലികളെ എത്തിക്കാന്‍ നിര്‍ണായക പങ്കുവഹിച്ച കോടീശ്വരന് ഹാമിഷ് ഹാര്‍ഡിങ്ങും ഉള്‍പ്പെടുന്നുണ്ട്.
ഹാര്‍ഡിങ്ങിനെക്കൂടാതെ, ഫ്രഞ്ച് മുങ്ങല്‍ വിദഗ്ധന്‍ പോള്‍- ഹെന്റി നര്‍ജിയോലെറ്റ്, ഓഷ്യന്‍ഗേറ്റ് എക്സ്പെഡിഷന്‍സ് സ്ഥാപകന്‍ സ്റ്റോക്ക്ടണ്‍ റഷ്, പാക്കിസ്ഥാന് വ്യവസായി ഷഹ്സാദ ദാവൂദ്, മകന് സുലൈമാന്‍ എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്. അഞ്ച് പേര്‍ക്കായി നാല് ദിവസത്തേയ്ക്കുള്ള ഓക്സിജനാണ് അന്തര്‍വാഹിനിയില്‍ ശേഖരിച്ച് വെച്ചിട്ടുള്ളത്. ഇനി ഒരു ദിവസത്തേയ്ക്കുള്ള ഓക്സിജന്‍ മാത്രമാണ് അന്തര്‍വാഹിനിയില്‍ ശേഷിക്കുന്നത്. അതുകൊണ്ടുതന്നെ അതിലുള്ളവരെ കണ്ടെത്തുന്നതിനായി പ്രാര്‍ത്ഥനയിലാണ് ലോകം.
സമുദ്രാന്തര്‍ ഭാഗത്തായാണ് ഇവര്‍ക്കായി തെരച്ചില്‍ നടത്തുന്നത്. ഇതുവരെ ഏകദേശം ഇരുപത്തി ആറായിരം ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് തെരച്ചില്‍ നടത്തി. കനേഡിയന്‍ നാവികസേനയ്ക്കൊപ്പം അമേരിക്കന്‍ കോസ്റ്റ്ഗാര്‍ഡും തെരച്ചിലിനായി രംഗത്തുണ്ട്. ചൊവ്വാഴ്ച വൈകിട്ടോടെ ഡീപ് എനര്‍ജി എന്ന മറ്റൊരു കപ്പല്‍ക്കൂടി അറ്റ്ലാന്റിക്കില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് വിമാനങ്ങളും നിരീക്ഷണ പറക്കല്‍ നടത്തുന്നുണ്ട്.
അതിനിടെ ജലത്തിനടിയില്‍ നിന്നും ശബ്ദ തരംഗങ്ങള്‍ ലഭിച്ചതായും സൂചനയുണ്ട്. ശബ്ദതരംഗങ്ങള്‍ തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്ന സോനാര്‍ ഉപകരണങ്ങള്‍ ചില ശബ്ദ തരംഗങ്ങള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. രക്ഷാ ദൗത്യത്തിന്റെ ഭാഗമായിട്ടുള്ള പി 3 എയര്‍ക്രാഫ്റ്റ് വിന്യസിച്ച സോനാര്‍ ആണ് ശബ്ദ തരംഗങ്ങള്‍ പിടിച്ചെടുത്തിരിക്കുന്നത്. ഇത് യുഎസ് വിദഗ്ധര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
ആദ്യം ശബ്ദ തരംഗങ്ങള്‍ പിടിച്ചെടുത്ത് നാല് മണിക്കൂറിന് ശേഷമാണ് അടുത്തത് ലഭിച്ചത്. പിന്നീട് അര മണിക്കൂറിന്റെ ഇടവേളകളിലാണ് ശബ്ദം കേട്ടുകൊണ്ടിരുന്നത്.ടൈറ്റന് കാണാതായ സ്ഥലത്തു നിന്നാണ് ഈ ശബ്ദ തരംഗങ്ങള്‍ ലഭിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്.
ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ടൈറ്റനെ കാണാതാവുന്നത്. കാനഡയില്‍ നിന്നുമാണ് ടാറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണുന്നതിനായി സഞ്ചാരികളുമായി മുങ്ങിക്കപ്പല്‍ യാത്രതിരിച്ചത്. അന്തര്‍വാഹിനി കാണാതായ വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത് ബിബിസിയാണ്. എന്നാല്‍ എപ്പോഴാണ് അന്തര്‍വാഹിനി കാണാതായതെന്നത് സംബന്ധിച്ച് വ്യക്തതയില്ല എന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യാത്രയുടെ സംഘാടകര്‍ യുഎസ് കമ്പനിയായ ഓഷന്‍ഗേറ്റ് എക്സ്പഡീഷന്‍സാണ്. വളരെ സാഹസികമായ സമുദ്രാന്തര്‍ ഭാഗമടക്കം സന്ദര്‍ശിച്ചു കൊണ്ടുള്ള അനേകം യാത്രകളും പരിപാടികളും സാധാരണയായി ഓഷന്‍ഗേറ്റ് സംഘടിപ്പിക്കാറുണ്ട്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള ഈ യാത്രയ്ക്ക് ഓരോ യാത്രക്കാരില്‍ നിന്ന് രണ്ടുകോടി രൂപയാണ് കമ്പനി ഈടാക്കിയത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഓക്സിജന്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഉണ്ടെങ്കിലും പുറത്തുനിന്ന് മാത്രമേ ടൈറ്റന് തുറക്കാന്‍ സാധിക്കൂ. അതുകൊണ്ടുതന്നെ അകത്തുള്ള യാത്രക്കാര്‍ക്ക് ഒരിക്കലും സ്വയം രക്ഷപ്പെടാന്‍ സാധിക്കില്ല. 30 മണിക്കൂര്‍ നേരത്തെ ഓക്സിജന്‍ മാത്രമാണ് ഇനി ടൈറ്റനില്‍ അവശേഷിക്കുന്നതെന്നാണ് വിവരം. മോശം കലാവസ്ഥയുള്ളതും തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: