ശബരിമല: ശബരിമലയിലെ ഭണ്ഡാരത്തില് ഇട്ട 11 ഗ്രാം സ്വര്‍ണ്ണവള മോഷ്ടിച്ച ദേവസ്വം ജീവനക്കാരനെ സന്നിധാനത്തിലെ പൊലീസ് തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തു. ഇതരസംസ്ഥാനത്തുനിന്നുള്ള അയ്യപ്പഭക്തന് ശബരിമല ശാസ്താവിന് നല്കിയ വളയാണ് റെജികുമാര്‍ (51) എന്ന ദേവസ്വം ജീവനക്കാരന് മോഷ്ടിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരനായ കോട്ടയം സ്വദേശി റെജികുമാര്‍ ഏറ്റുമാനൂര്‍ വാസുദേവ ക്ഷേത്രത്തിലെ ജീവനക്കാരനാണ്. മാസപൂജയ്ക്ക് പണം എണ്ണിത്തിട്ടപ്പെടുത്താനാണ് ഇയാള്‍ ശബരിമല ഡ്യൂട്ടിക്കെത്തിയത്. മിഥുനമാസ പൂജയ്ക്ക് നട തുറന്നപ്പോഴാണ് സംഭവം.
അന്യസംസ്ഥാനത്ത് നിന്നുള്ള ഭക്തന് വഴിപാടായി നല്കിയ വള അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തിയ ശേഷം ജുവല്ലറി ബോക്സില്‍ വള തിരികെ വെച്ച് ഒരു ദേവസ്വം ഉദ്യോഗസ്ഥന് അത് ഭണ്ഡാരത്തില് നിക്ഷേപിച്ചിരുന്നു. എന്നാല്‍ വഴിപാട് സ്വര്‍ണ്ണത്തിന്റെ വിശദാംശങ്ങള്‍ എഴുതുന്ന രജിസ്റ്ററില്‍ ഈ വള കണക്കില്പെടുത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ പരാതി നല്‍കുകയായിരുന്നു.
വിജിലന്‍സ് എസ് ഐ ബിജു രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പിന്നീട് പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അപ്പോഴാണ് ഭണ്ഡാരത്തില് നിന്നും റെജികുമാര്‍ വള മോഷ്ടിക്കുന്നത് വെളിച്ചത്തായത്.
ആ സമയത്ത് ഭണ്ഡാരത്തിനടുത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന റെജി കുമാര്‍ ഈ വള ഭണ്ഡാരത്തില് നിന്നെടുക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ റെജികുമാര്‍ ജുവല്ലറി ബോക്സില്‍ നിന്നും വളയെടുത്ത ശേഷം കാലി ജുല്ലവ്വറി ബോക്സ് വേസ്റ്റ് ബിന്നില്‍ ഇടുന്നത് കാണാം.. പിന്നീട് അയാള്‍ ആ ബോക്സ് തന്നെ അവിടെ നിന്നും എടുത്തുമാറ്റുന്നതും കണ്ടു. പൊലീസ് ഇയാളുടെ മുറിയില്‍ നടത്തിയ പരിശോധനയില്‍ കാലി ബോക്സ് കട്ടിലിന്റെ കീഴില്‍ നിന്നും കണ്ടെടുത്തു. ഇതിനുള്ളില്‍ ഭക്തന് നല്കി 11 ഗ്രാം വളയും ഉണ്ടായിരുന്നു. രാത്രി സന്നിധാനത്തെ പൊലീസ് റെജികുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: