തിരുവനന്തപുരം: എസ് എഫ് ഐ നേതാവ് നിഖില്‍ തോമസിന്റെ കലിംഗ സര്‍വകലാശാലയില്‍ നിന്നുളള ബികോം സര്‍ട്ടിഫിക്കറ്റ് യഥാര്‍ഥമെന്ന എസ് എഫ് ഐ സംസ്ഥാന നേതൃത്വത്തിന്റെ വാദം പൊളിച്ച് കേരള സര്‍വകലാശാല. വൈസ് ചാന്‍സലര്‍ ഡോ മോഹന്‍ കുന്നുമ്മല്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിഖില്‍ തോമസ് 2017 മുതല്‍ 2020 വരെ മൂന്ന് വര്‍ഷവും കായംകുളം എംഎസ്എം കോളേജില്‍ പഠിച്ചിരുന്നുവെന്നും പരീക്ഷയെഴുതിയിരുന്നുവെന്നും വ്യക്തമാക്കി.
നിഖിലിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ രജിസ്ട്രാറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കലിംഗ സര്‍വകലാശാലയോടും പരിശോധിക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. പരീക്ഷയെഴുതണമെങ്കില്‍ 75 ശതമാനം ഹാജരുണ്ടാകണമെന്നും ഇന്റേണല്‍ മാര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും 2018-19 വര്‍ഷത്തില്‍ സര്‍വകലാശാല യൂണിയന് ജോയിന്റ് സെക്രട്ടറിയായിരുന്നുവെന്നും ഡോ മോഹന്‍ കുന്നുമ്മല്‍ വെളിപ്പെടുത്തി.
കലിംഗയില്‍ ഫസ്റ്റ് ക്ലാസില്‍ പാസായെന്നാണ് സര്‍വകലാശാലയില്‍ സമര്‍പ്പിച്ച രേഖ. എന്നാല്‍ കായംകുളം എം എസ് എം കോളേജില്‍ പഠിച്ച കാലത്ത് പല പേപ്പറുകളും നിഖില്‍ തോമസിന് കിട്ടിയിട്ടില്ല.
കലിംഗയില്‍ സെമസ്റ്റര്‍ രീതിയിലാണ് പഠനം. ബികോം, ബികോം ഹോണേര്‍സ് എന്നിങ്ങനെ രണ്ട് വിഷയമാണ് അവിടെയുള്ളതെന്ന് വെബ്സൈറ്റിലുണ്ട്. ബാങ്കിങ് ഫിനാന്‍സ് ബികോം ഹോണേര്‍സ് കോഴ്സാണ്. എന്നാല്‍ ബികോം ബാങ്കിങ് ഫിനാന്‍സ് എന്ന രേഖയാണ് ഹാജരാക്കിയിട്ടുളളത്. ഇതിലൊക്കെ വ്യക്തത വേണം. കേരള സര്‍വകലാശാലയില്‍ പരീക്ഷയെഴുതിയെന്നും തോറ്റെന്നും രേഖയുണ്ട്.
സംഭവത്തില്‍ കായംകുളം എം എസ് എം കോളേജിന് വീഴ്ചയുണ്ടായി. ആ കോളേജില്‍ മൂന്ന് വര്‍ഷം പഠിച്ച് പരാജയപ്പെട്ട വിദ്യാര്‍ത്ഥി ബികോം പാസായെന്ന രേഖ കാണിച്ചപ്പോള്‍ പരിശോധിച്ചില്ല. കോളേജ് പ്രിന്‍സിപ്പല്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. കലിംഗ സര്‍വകലാശാല സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്ന് പറഞ്ഞാല്‍ വിവരം പൊലീസിനെ അറിയിക്കും. അതല്ല കലിംഗ സര്‍വകലാശാലയുടെ ഭാഗത്താണ് തെറ്റെങ്കില്‍ വിവരം യുജിസിയെ അറിയിക്കുമെന്നും ഡോ മോഹന്‍ കുന്നുമ്മല്‍ വ്യക്തമാക്കി. എം കോം പ്രവേശനത്തിന് നിഖില്‍ തോമസ് ഹാജരാക്കിയത് ബികോം പാസായെന്ന വ്യാജ സര്‍ട്ടിഫിക്കറ്റായിരിക്കാം എന്നാണ് നിഗമനമെന്നും അദ്ദേഹം വ്യക്തമാക്കി.ഒരേ സമയം എങ്ങനെയാണ് രണ്ട് റഗുലര്‍ കോഴ്സുകള്‍ (കേരളയിലും കലിംഗയിലും) പഠിക്കാനാവുകയെന്ന് കേരള വൈസ് ചാന്‍സലര്‍ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: