കാക്ദ്വീപ്: സി പി എമ്മുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നിടത്തോളം കാലം പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ഒരു സഹായവും പ്രതീക്ഷിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. കാക്ദ്വീപില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
പല സംസ്ഥാനങ്ങളും കോണ്‍ഗ്രസ് ഭരിച്ചു. ബംഗാളില്‍ സിപിഎമ്മിന്റെ ഏറ്റവും വലിയ സഖ്യകക്ഷിയാണ് കോണ്‍ഗ്രസ്. അവര്‍ ബിജെപിയുടെയും സഖ്യകക്ഷിയാണെന്ന് മമത കുറ്റപ്പെടുത്തി.
ഈ മാസം 23ന് ബിഹാറിലെ പട്നയില്‍ പ്രതിപക്ഷകക്ഷികളുടെ യോഗം നടക്കാനിരിക്കെയാണ് മമതയുടെ പ്രഖ്യാപനം.മമത ബാനര്‍ജിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ പാര്‍ട്ടികളിലെ മുഖ്യമന്ത്രിമാരും ഒരാഴ്ചയ്ക്കകം കൂടിക്കാഴ്ച നടത്തുമെന്നാണ് കരുതുന്നത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി വിരുദ്ധ സഖ്യം രൂപീകരിക്കുകയാണ് ലക്ഷ്യം. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ അത്തരമൊരു സഖ്യം ഉണ്ടാകില്ലെന്ന് മമത ബാനര്‍ജി വ്യക്തമാക്കി.
പശ്ചിമ ബംഗാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൃണമൂലിനും ബി.ജെ.പിക്കും എതിരെ കോണ്‍ഗ്രസും സിപിഎമ്മും സഖ്യത്തില്‍ മത്സരിക്കുകയാണ്. സിപിഎം 48,646 സ്ഥാനാര്‍ത്ഥികളെയും കോണ്‍ഗ്രസ് 17,750 സ്ഥാനാര്‍ത്ഥികളെയുമാണ് മത്സരിപ്പിച്ചത്. 56,321 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ ബിജെപിയേക്കാള്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികളെയാണ് സിപിഎം-കോണ്‍ഗ്രസ് സഖ്യം നിര്‍ത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: