ന്യൂദല്‍ഹി: പാക് സൈന്യവും ചാര ഏജന്‍സികളും തട്ടിക്കൊണ്ടുപോയ ബലൂച് യുവാക്കള്‍ക്കായി ഐക്യരാഷ്ട്രസഭ ആസ്ഥാനത്തേക്ക് ലോങ് മാര്‍ച്ച് നടത്തുമെന്ന് വോയ്സ് ഫോര്‍ ബലൂച് മിസ്സിങ് പേഴ്സണ്‍സ് (വിബിഎംപി) വൈസ് ചെയര്മാന് മാമ ഖദീര്‍. കാണാതായ ചെറുപ്പക്കാരുടെ കുടുംബാംഗങ്ങളും ജനീവയിലേക്കുള്ള മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ മാമ ഖദീര്‍ പ്രഖ്യാപിച്ചു.
ആയിരക്കണക്കിന് യുവാക്കളെയാണ് ബലൂചിസ്ഥാനില്‍ നിന്ന് പാക് സൈന്യം കടത്തിക്കൊണ്ടുപോയത്. ഇവരെവിടെയെന്ന് വ്യക്തമാക്കാന്‍ പാക് ഭരണകൂടം ഇതുവരെയും തയാറായിട്ടില്ല. ലോകമാകെ അറിയേണ്ട ഒരു മനുഷ്യാവകാശപ്രശ്നം എന്ന നിലയില്‍ ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധ ക്ഷണിക്കുന്നതിനുവേണ്ടിയാണ് ലോങ് മാര്‍ച്ചെന്ന് ഖദീര്‍ വ്യക്തമാക്കി.
ജനാധിപത്യ തത്വങ്ങള്‍ മാനിക്കാന്‍ പാക് ഭരണകൂടം തയാറാകണമെന്ന് കറാച്ചി പ്രസ്ക്ലബ് ഹാളിനുമുന്നില്‍ വിഷയമുന്നയിച്ച് നിരാഹാര സമരം നടത്തിയ മാമ ഖദീര്‍ ആവശ്യപ്പെട്ടു. ഇതേ പ്രശ്നം ചൂണ്ടിക്കാട്ടി 2014 ഒക്ടോബറില്‍ ഖദീര്‍ ക്വറ്റയില്‍ നിന്ന് കറാച്ചിയിലേക്ക് 2,000 കിലോമീറ്ററിലധികം ദൂരം ലോങ് മാര്‍ച്ച് നടത്തിയിരുന്നു. ബലൂചിസ്ഥാനില്‍ നിന്ന് ആരംഭിച്ച് ഇറാന്, തുര്‍ക്കി, ഗ്രീസ്, ഇറ്റലി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ജനീവയിലെ യുഎന്‍ ഓഫീസുകളില്‍ അവസാനിക്കുന്ന ലോങ് മാര്‍ച്ചിനാണ് ഇപ്പോള്‍ രൂപം നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: