അഹമ്മദാബാദ് : ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തില്‍ കനത്ത ജാഗ്രത. വ്യാഴാഴ്ച തീരം തൊടുമെന്നാണ് അറിയിച്ചിട്ടുള്ളത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഭുജ് എയര്‍പോര്‍ട്ട് വെള്ളിയാഴ്ച വരെ അടച്ചു.
കച്ചില്‍ ശക്തമായ കാറ്റോടുകൂടിയ മഴ തുടരുകയാണ്. കച്ച്, ഭുജ്, സൗരാഷ്ട്ര എന്നിവിടങ്ങളില്‍ അടിയന്തിര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകളും പൂര്‍ത്തിയായി കഴിഞ്ഞു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യവും സജ്ജമായി കഴിഞ്ഞു. ഇതുവരെ 47,000 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. സൗരാഷ്ട്ര തീരത്തും കച്ചിലും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബിപോര്‍ജോയ് നേരിട്ട് ബാധിക്കുന്ന കച്ചില്‍ നിന്നാണ് കൂടുതല്‍ ആളുകളെ ഒഴിപ്പിച്ചിരിക്കുന്നത്.
അപകട സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളില്‍ എല്ലാം സൈന്യത്തിന്റെയും ദുരന്ത നിവാരണ സേനയുടെയും വലയത്തിലാണ്. 33 എന്‍ഡിആര്‍എഫ് ടീമുകളെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗുജറാത്ത് അധികൃതരുമായി ബന്ധപ്പെട്ട് വിലയിരുത്തലുകള്‍ നടത്തി. ചുഴലിക്കാറ്റിനെ തുടര്‍ന്ന് മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളിലും കനത്ത മഴയാണ്.
പാക്കിസ്ഥാനിലും ശക്തമായ മഴ തുടരുന്നുണ്ട്. ഗുജറാത്ത് തീരം തൊട്ടശേഷം കറാച്ചി തീരത്തേയ്ക്ക് നീങ്ങുമെന്നാണ് വിലയിരുത്തല്‍. ചുഴലിക്കാറ്റ് തീരം തൊടുന്നത് കറാച്ചിയില്‍ വലിയ നാശ നഷ്ടങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. തുടര്‍ന്ന് 65,000 പേരെയാണ് മാറ്റപ്പാര്പ്പിച്ചിരിക്കുന്നത്. 75 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: