ചേര്‍ത്തല: കേരളാ ബാങ്കിലെ പണയസ്വര്‍ണം മോഷണംപോയ കേസില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കേസെടുത്ത ദിവസം രാത്രി മുതല്‍ പോലീസ് ഏരിയാ മാനേജര്‍ മീരാമാത്യുവിനെതേടി വിവിധ ഇടങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ഒളിവിലാണെന്നാണ് പോലീസ് നിഗമനം.
ചേര്‍ത്തല, പട്ടണക്കാട്, അര്‍ത്തുങ്കല്‍ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവിടങ്ങളില സ്റ്റേഷന് ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് അന്വേഷണം നടത്തുന്നത്. ഓരോ സംഘവും അതാതു പരിധിയിലെ കേരളാബാങ്ക് ശാഖാ മാനേജര്‍മാരുടെ മൊഴിയെടുത്തു. നാലു ശാഖകളിലെ മാനേജര്‍മാരാണ് സ്വര്‍ണം നഷ്ടപ്പെട്ടതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്.
നേരത്തെ ബാങ്കുതലത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് കേരളാബാങ്കിന്റെ ഏരിയാ മാനേജര്‍ മീരാമാത്യുവിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡുചെയ്തിരുന്നു. ഇവരെ പ്രതിയാക്കി പോലീസ് മൂന്നു സ്റ്റേഷനുകളിലായി നാല് കേസുകളെടുത്തിട്ടുണ്ട്. ചേര്‍ത്തലയിലെ നടക്കാവ് ശാഖ, പ്രധാന ശാഖ, പട്ടണക്കാട്, അര്‍ത്തുങ്കല്‍ എന്നിവിടങ്ങളില്‍ നിന്നാണ് സ്വര്‍ണം മോഷണം പോയത്. ബാങ്കില്‍ സ്വര്‍ണപണയ ഉരുപ്പടികള്‍ പരിശോധിക്കുന്നതിന്റെ ചുമതല ഏരിയാ മാനേജര്‍ക്കാണ്. ഇത്തരത്തില്‍ പരിശോധനക്കിടെ സ്വര്‍ണം നഷ്ടപെട്ടതായാണ് ശാഖാമാനേജര്‍മാരുടെ പരാതി.
ഇതിനിടെ മീരാമാത്യു തിങ്കളാഴ്ച ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്കി. നാല് കേസുകളിലും വെവ്വേറെയായി ചേര്‍ത്തലയിലെ അഭിഭാഷകനായ എം.എം. നിയാസ് വഴിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി ഇന്ന് കോടതി ഹര്‍ജി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: