അഹമ്മദാബാദ് : ബിപോര്‍ജോയ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഗുജറാത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ മൂന്ന് മരണം. കനത്ത കാറ്റില്‍ മതില്‍ ഇടിഞ്ഞു വീണാണ് ഭൂജില്‍ രണ്ട് കുട്ടികള്‍ മരിച്ചത്. രാജ്‌കോട്ടില്‍ ബൈക്കില്‍ മരം വീണുമാണ് യുവതി മരിച്ചത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കച്ചിലും ഭൂജിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയികിരിക്കുകയാണ്.
ശക്തമായി കാറ്റും മഴയും മൂലം കച്ചിലും ദ്വാരകയിലുമായി 12,000 പേരെ ഒഴിപ്പിക്കാനുള്ള നീക്കത്തിലാണ്. ചുഴലിക്കാറ്റ് ബുധനാഴ്ച രാവിലെ വടക്ക് ദിശ സഞ്ചരിച്ച് പിന്നീട് ദിശ മാറി സൗരാഷ്‌ട്ര ആന്‍ഡ് കച്ച് അതിനോട് ചേര്‍ന്നുള്ള പാകിസ്ഥാന്‍ തീരത്ത്, മണ്ഡവിക്കും (ഗുജറാത്ത്) കറാച്ചിക്കും ഇടയില്‍ ജൂണ്‍ 15ന് പരമാവധി 150 കി.മീ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. വ്യാഴാഴ്ച വൈകിട്ടോടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഗുജറാത്തിലെ ജാഖു പോര്‍ട്ടിനു സമീപമായിരിക്കും കര തൊടുക. 150 കിലോമീറ്റര്‍ വേഗതയിലാകും ചുഴലിക്കാറ്റ് കരതൊടുകയെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്.
അപകട മേഖലകളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് 67 ട്രെയിനുകള്‍ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തിയിരുന്നു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്.
ബിപോര്‍ജോയ് ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കാറ്റും മഴയും രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് വിദേശ പൗരന്മാരെ ഒഴിപ്പിച്ചു. ഗുജറാത്ത് തീരത്തെ കീ സിംഗപ്പൂര്‍ റിഗ്ഗില്‍ നിന്നാണ് ഒഴിപ്പിക്കല്‍ നടന്നത്. വിദേശികള്‍ ഉള്‍പ്പെടെയുള്ള അമ്പതുപേരെ കരയ്‌ക്ക് എത്തിച്ചു. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖാപിച്ചിട്ടുണ്ട്. കേരള- കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: