സിപിഎമ്മിനും എസ്എഫ്ഐക്കുമെതിരെ വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുമെന്നും, അവരെ കൈകാര്യം ചെയ്യുമെന്നുമുള്ള പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പരസ്യമായ ഭീഷണി ഇടതുമുന്നണി ഭരണത്തില്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ മരണമണി മുഴങ്ങുന്നു എന്നതിന്റെ തെളിവാണ്. എറണാകുളം മഹാരാജാസ് കോളജില്‍ പരീക്ഷയെഴുതാതെ എംഎ ആര്‍ക്കിയോളജി പാസ്സായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഖില നന്ദകുമാര്‍ എന്ന മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ പോലീസ് കേസെടുത്ത പശ്ചാത്തലത്തിലാണ് ഗോവിന്ദന് മുഴുവന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും ഭീഷണി മുഴക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഇതിനു മുന്‍പും കേസെടുത്തിട്ടുണ്ടെന്നും, അവരെ കൈകാര്യം ചെയ്തിട്ടുണ്ടെന്നും, ഇനിയും അത് തുടരുമെന്നുമാണ് ഗോവിന്ദന് പറയുന്നത്. എസ്എഫ്ഐ നേതാവായ ആര്‍ഷോ എഴുതാത്ത പരീക്ഷ ജയിച്ചതായുള്ള മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്നതാണ് വിവാദം. ഇതുസംബന്ധിച്ച് കോളജ് അധികൃതര്‍ നല്കിയ വിശദീകരണമടക്കം റിപ്പോര്‍ട്ടു ചെയ്യുകയാണ് അഖില ചെയ്തത്. തട്ടിപ്പ് പുറത്തായി കുടുങ്ങിയെന്ന് ഉറപ്പായതോടെ തനിക്കെതിരെ ഗൂഢാലോചന നടന്നു എന്ന പരാതിയുമായി എസ്എഫ്ഐ നേതാവ് രംഗത്തുവരികയായിരുന്നു. ഇതുസംബന്ധിച്ച് ലഭ്യമായ വിവരങ്ങള്‍ വച്ച് വാര്‍ത്ത നല്‍കിയത് ഗൂഢാലോചനയാണെങ്കില്‍ ഏഷ്യാനെറ്റിലെ അഖില മാത്രമല്ല, സിപിഎമ്മിന്റെ ‘ദേശാഭിമാനി’ ഒഴികെ മറ്റെല്ലാ മാധ്യമങ്ങളും അതു ചെയ്തിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് അഖില എന്ന വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ മാത്രം കേസെടുത്തിരിക്കുന്നത്. സിപിഎമ്മിന്റെ പ്രതികാരബുദ്ധി ഇതില്‍നിന്ന് വ്യക്തമാണ്.
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ എം.വി. ഗോവിന്ദന് നടത്തിയിട്ടുള്ളത് ഒറ്റപ്പെട്ട പ്രതികരണമല്ല. പാര്‍ട്ടിയുടെ കുടിലമായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാത്ത, അപ്രിയസത്യങ്ങള്‍ മൂടിവയ്ക്കാത്ത, പാര്‍ട്ടി നേതാക്കളുടെ താളത്തിനു തുള്ളാത്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം എല്ലായ്പ്പോഴും സ്വീകരിക്കുന്ന നയമാണ് ഗോവിന്ദന് ആവര്‍ത്തിച്ചിരിക്കുന്നത്. കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ സുരക്ഷിതരാണെന്നും, തെറ്റ് ചെയ്താല്‍ നടപടിയെടുക്കുമെന്നുമാണ് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ് പറയുന്നത്. കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ സുരക്ഷിതരായിരിക്കണമെങ്കില്‍ സിപിഎമ്മിനെയോ അതിന്റെ നേതാക്കളുടെ ചെയ്തികളെയോ വിമര്‍ശിക്കാന്‍ പാടില്ല എന്നാണ് ഈ പറയുന്നതിനര്‍ത്ഥം. മറിച്ചായാല്‍ അത് തെറ്റാണ്. അഖില നന്ദകുമാര്‍ ഈ തെറ്റ് ചെയ്തിരുന്നുവെന്നു ചുരുക്കം. മാധ്യമപ്രവര്‍ത്തകരെ മുന്‍പും ഇപ്രകാരം കൈകാര്യം ചെയ്തിട്ടുണ്ടെന്നും, ഇനിയും അതു ചെയ്യുമെന്നും ഗോവിന്ദന് പറയുന്നത് മുഴുവന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ള ഭീഷണിയാണ്. സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും അറിവോടെയും സമ്മതത്തോടെയും സഹായത്തോടെയും എസ്എഫ്ഐ നേതാക്കള്‍ ചെയ്തുകൂട്ടിയിട്ടുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. ഇത് ചെയ്ത രണ്ടുപേര്‍ മാത്രമാണ് വിദ്യയും ആര്‍ഷോയും. ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിടയുണ്ട്. ഇതുപോലുള്ള മറ്റു തട്ടിപ്പുകളെക്കുറിച്ച് അറിവു ലഭിച്ചാലും അതൊന്നും ഒരു മാധ്യമപ്രവര്‍ത്തകനും വാര്‍ത്തയാക്കരുത്. അങ്ങനെ ചെയ്താല്‍ അഖിലയുടെ ഗതി തന്നെയായിരിക്കും നിങ്ങള്‍ക്ക്. ഇതാണ് ഗോവിന്ദന്റെയും രാജേഷിന്റെയുമൊക്കെ പ്രസ്താവനകളുടെ സന്ദേശം. പാര്‍ട്ടിയുടെയും ഉന്നത വിദ്യാഭ്യാസരംഗത്തെ അതിന്റെ വൈതാളികരുടെയും ഒത്താശയോടെ വലിയ തട്ടിപ്പ് നടത്തി വ്യാജരേഖ ചമച്ച് ഉദ്യോഗം നേടിയ വനിതയെ സംരക്ഷിക്കുമ്പോഴാണ് സത്യസന്ധമായി ജോലി ചെയ്തതിന് ഒരു മാധ്യമപ്രവര്‍ത്തകയെ ദ്രോഹിക്കുന്നതെന്ന കാര്യം വിസ്മരിച്ചുകൂടാ.
മാധ്യമങ്ങളോടും മാധ്യമപ്രവര്‍ത്തകരോടുമുള്ള സിപിഎമ്മിന്റെ സമീപനത്തെക്കുറിച്ച് ആരും ഒരു വ്യാമോഹവും വച്ചുപുലര്‍ത്തേണ്ടതില്ല. അത് മുഖ്യമന്ത്രി പിണറായി വിജയന് അസന്ദിഗ്ധമായി പ്രഖ്യാപിച്ച ‘കടക്ക് പുറത്ത്’ എന്നതാണ്. ഇതിനു മുന്‍പും ശേഷവും ഇതുതന്നെയായിരുന്നു സിപിഎം നയം. സിപിഎമ്മിനെതിരെ വാര്‍ത്ത നല്‍കിയതിനും ലേഖനമെഴുതിയതിനും മറ്റും ആക്രമിക്കപ്പെടുകയും വധഭീഷണി നേരിടുകയും നാടുവിടുകയും ചെയ്യേണ്ടി വന്ന നിരവധി പേരുണ്ട്. ഇതൊക്കെ അനുഭവിക്കേണ്ടി വന്നിട്ടും സിപിഎമ്മിന്റെ വിശാല താല്‍പ്പര്യം സംരക്ഷിക്കുകയും, പിണറായിയെ അധികാരത്തിലേറ്റാന്‍ പാടുപെടുകയും ചെയ്തവര്‍ ധാരാളമുണ്ട്. ‘ഞങ്ങടെ പാര്‍ട്ടി ഞങ്ങളെ തല്ലിയാല്‍ നിങ്ങള്‍ക്കെന്താ’ എന്ന മനോഭാവം പുലര്‍ത്തുന്ന ഇത്തരക്കാരെ പല പത്രങ്ങളിലും ചാനലുകളിലും കാണാം. രാജ്യദ്രോഹക്കേസില്‍ പ്രതിയായ സിദ്ദിഖ് കാപ്പനുവേണ്ടി വാദിക്കുന്ന ഇവര്‍ ധീരമായി മാധ്യമപ്രവര്‍ത്തനം നടത്തുന്നവരെ തള്ളിപ്പറയും. മോദിയെപ്പോലെയാണ് പിണറായിയും മാധ്യമങ്ങളെ നേരിടുന്നതെന്ന് ഇക്കൂട്ടര്‍ പച്ചക്കള്ളം പറയും. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായിരുന്നിട്ടും നരേന്ദ്ര മോദി കേരളത്തിലെ പല മാധ്യമപ്രവര്‍ത്തകര്‍ക്കും മുഖ്യശത്രുവാണ്. വാര്‍ത്താവതരണ വേളയിലും മറ്റും അവസരം വന്നാല്‍, അവസരം സൃഷ്ടിച്ചും ഇവര്‍ വിഷം ചീറ്റും. തങ്ങളിലൊരാളെ മാര്‍ക്സിസ്റ്റ് ഫാസിസം ചവിട്ടിമെതിച്ചാല്‍ കഴിയാവുന്നത്ര ഇവര്‍ നിശ്ശബ്ദത പാലിച്ച് രാഷ്ട്രീയ യജമാനന്മാരോടുള്ള കൂറു തെളിയിക്കും. സിപിഎമ്മിന് ഇത് നന്നായറിയാം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സിപിഎമ്മിന്റെ കുതിരകേറ്റം അവസാനിക്കണമെങ്കില്‍ മാധ്യമപ്രവര്‍ത്തകരുടെ ഈ മനോഭാവം മാറണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: