ഉപാസന ഒന്നാം ഘട്ടം
ഉപാസന തുടങ്ങാന്‍ ആഗ്രഹിക്കുന്ന ആസ്തിക സ്വഭാവക്കാരായ വ്യക്തികള്‍ക്കും ജോലിത്തിരക്കുമൂലം ഉപാസനയ്‌ക്കായി അധികം സമയം ചെലവഴിക്കാനില്ലാത്ത വ്യക്തികള്‍ക്കും വേണ്ടി ഈ ഒന്നാം ഘട്ടത്തില്‍ കൊടുത്തിരിക്കുന്ന ഉപാസനാ പദ്ധതി ഉപയോഗപ്രദമാണ്. ഇതു ലളിതവും സമയക്കുറവുള്ളതും ഫലപ്രദവുമാണ്.
ഈ ഉപാസനാ പദ്ധതിക്കു അഞ്ചു ചരണങ്ങളുണ്ട്.
(1) സുഖാസനം
(2) ശാന്തമായ മനസ്സ്
(3) ആത്മീയഹൃദയം
(4) പ്രാര്‍ത്ഥന
(5) നാമജപം അഥവാ മന്ത്രജപം.
ഉപാസനാ വിധി
സുഖാസനത്തിലിരിക്കുക
(1) തറയിലോ, ബെഞ്ചിന്മേലോ, കസേരയിലോ, കിടക്കയിലോ, എവിടെയാണോ ഉപാസന ചെയ്യാന്‍ താങ്കള്‍ക്ക് സൗകര്യപ്പെടുന്നത്, അവിടെ സുഖപ്രദമായ ഇരിപ്പില്‍ ഇരിക്കുക.
(2) ശരീരത്തിന്റെ ഒരു ഭാഗത്തും കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാകാത്തവിധത്തില്‍ ഇരിക്കുക. അല്ലാത്തപക്ഷം മനസ്സു കൂടെക്കൂടെ ഉപാസനയില്‍ നിന്നും വിട്ടുമാറി അസ്വസ്ഥത അനുഭവപ്പെടുന്നിടത്തേക്ക് പൊയ്‌ക്കൊണ്ടിരിക്കും.
(3) നെഞ്ചു മുമ്പോട്ടു കുനിച്ച് ഇരിക്കരുത്.
(4) ഏതെങ്കിലും സുഖപ്രദമായ ഇരിപ്പില്‍ ഇരിക്കുക. കൈകള്‍ രണ്ടും മടിയില്‍ വയ്‌ക്കുക. കണ്ണുകള്‍ രണ്ടും ചെറുതായി അടയ്‌ക്കുക. ഇതാണു സുഖാസനം.
മനസ്സു ശാന്തമാക്കുക
മനസ്സിനെ അങ്ങുമിങ്ങും അലയാന്‍ അനുവദിക്കാതെ ശാന്തമാക്കി വയ്‌ക്കുകയും ഉപാസനയാണ്. അതിനാല്‍ ധൃതിവയ്‌ക്കാതെ സാവധാനം ഇങ്ങനെ ചിന്തിക്കുക ഈ സമയത്ത് ശരീരത്തെയും ധനത്തെയും പറ്റി ഞാന്‍ ചിന്തിക്കുകയില്ല. അതിനാല്‍ മനസ്സേ! നീ ശാന്തമാകൂ…. ശാന്തമാകൂ…. ഈ സമയത്ത് ഞാനും എന്റെ ഈശ്വരനും…..ഞാനും എന്റെ ഈശ്വരനും…… മറ്റാരുമില്ല.
ഇങ്ങനെ ചിന്തിക്കാന്‍ അര മിനിറ്റെടുക്കുക. സൗമ്യമായി തന്നോടു തന്നെ മേല്പറഞ്ഞ കാര്യം നിര്‍ദ്ദേശിക്കുക. എന്തു പരിണാമം ഉണ്ടായി എന്നതിനു പ്രാധാന്യം നല്‍കരുത്. ക്ഷമയോടെ ചെയ്തുകൊണ്ടിരിക്കുക. നിത്യേനയുള്ള അഭ്യാസം കൊണ്ടു മനസ്സു ക്രമേണ ശാന്തമാകും.
ആത്മീയഭാവം വളര്‍ത്തുക.
ഈശ്വരന്‍ എത്രയുമധികം പ്രിയങ്കരനും ഉറ്റവനും ആണെന്നു അനുഭവപ്പെടുന്നുവോ അത്രകണ്ടു താങ്കളുടെ ഉപാസനയും പ്രഭാവപൂര്‍ണ്ണമായികൊണ്ടിരിക്കും. അതിനാല്‍ കണ്ണടച്ചിരുന്നു ഭാവനിര്‍ഭരമായി ഇപ്രകാരം ഈശ്വരനെ സ്മരിക്കുക ദൈവമേ! അങ്ങ് കാണപ്പെടുന്നില്ലെങ്കില്‍ കാണപ്പെടേണ്ട. അതു അങ്ങയുടെ ഇഷ്ടം. പക്ഷേ അങ്ങു സര്‍വ്വവ്യാപി ആണല്ലോ. അതിനാല്‍ എന്റെ സമീപത്താണ്. ദൈവമേ! കഴിഞ്ഞ ജന്മങ്ങളിലെ ധനസമ്പത്തുക്കളും, ചിന്തകളും, പ്രിയജനങ്ങളുമെല്ലാം മാറിപ്പോയി. മേലിലും ഇതെല്ലാം മാറിക്കൊണ്ടിരിക്കും. പക്ഷേ അവിടുന്ന് ഒരിക്കലും മാറുന്നില്ല. എല്ലാ ജന്മങ്ങളിലും എന്റെ ദൈവമായി വാണു. ഇനി മേലിലും വാഴും. ഞാനും അങ്ങും തമ്മിലുള്ള ബന്ധം അഭേദ്യമാണ്. ശാശ്വതമായ ബന്ധുവും ആത്മീയനും അങ്ങുമാത്രമാണ്……അങ്ങുമാത്രമാണ്.
ഭാവനിര്‍ഭരമായ ഈ സ്മരണമൂലം എത്രമാത്രം ആത്മീയത ഉളവായി എന്നതു ഗൗനിക്കരുത്. താങ്കള്‍ക്കു വേണമെങ്കില്‍ സ്വന്തം ഭാവവാക്യങ്ങളും തയ്യാറാക്കി അവ അര്‍പ്പിക്കാം. കുറെ ദിവസം ശീലിക്കുമ്പോള്‍ ഇതു സുഗമമായി വശമായിത്തീരും. ഇത്രയും ചെയ്യുന്നതിനു ഒന്നു രണ്ടു മിനിറ്റോ, അല്ലെങ്കില്‍ താങ്കള്‍ക്കു ഇഷ്ടമുള്ള അത്രയും സമയമോ എടുക്കുക.
പ്രാര്‍ത്ഥന
ഭാവോദ്ദീപനം മുഖേന താങ്കളുടെ ഉള്ളില്‍ പൊടിച്ചുയര്‍ന്ന വിശ്വാസവും ആത്മീയതയും അതേ പടി നിലനിര്‍ത്തുക. ഇനി കൈകൂപ്പി അല്ലെങ്കില്‍ മാനസികമായി ഈശ്വരനെ വണങ്ങി താഴെ കൊടുത്തിരിക്കുന്ന പ്രാര്‍ത്ഥന ചൊല്ലുക. പ്രാര്‍ത്ഥനാ പദങ്ങള്‍ ഉച്ചരിക്കുകയോ മനസ്സില്‍ ചൊല്ലുകയോ ചെയ്യുന്നതു അധികം വേഗത്തിലാകരുത്. ഉച്ചരിക്കുന്നതെന്താണെന്നു മനസ്സിലാക്കിക്കൊണ്ടുമിരിക്കുക.
ദൈവമേ നിന്‍ കൃപാവര്‍ഷം ഞങ്ങളില്‍ ചൊരിയേണമേ,
ദോഷ ബുദ്ധി മാറ്റി ഞങ്ങള്‍ക്കേകണേ സല്‍ഭാവന!
ഞങ്ങള്‍ നിന്റെ പുത്രരായി വാണീടട്ടെ സര്‍വ്വദാ, നിന്നില്‍ നിന്നും നേടിടട്ടെ സര്‍വ്വദാ സല്‍പ്രേരണ!
പുണ്യകര്‍മ്മം ചെയ്ത് ഞങ്ങള്‍ വാണീടട്ടെ നിത്യവും,
പാപകര്‍മ്മങ്ങളില്‍ ഞങ്ങള്‍ പെട്ടീടാതെ കാക്കണേ!
ദുഃഖങ്ങളില്‍ പങ്കുകൊള്ളാന്‍ സുഖത്തില്‍ പങ്കെടുപ്പിക്കാന്‍,
സന്മനസ്സേകണേ ഞങ്ങള്‍ക്കെപ്പോഴും കരുണാനിധേ!
നല്‌പെഴുന്ന സ്വഭാവശുദ്ധി ഞങ്ങളില്‍ വളരേണമേ, ഉജ്വലമാം ഭാവി ഞങ്ങള്‍ക്കാകെയും നല്‍കേണമേ!
(1) പ്രാര്‍ത്ഥനയില്‍ താല്പര്യം വര്‍ദ്ധിക്കുമ്പോള്‍ ഇതു ഒന്നിലധികം പ്രാവശ്യം ചൊല്ലുക.
(2) പ്രാര്‍ത്ഥനയുടെ അവസാനത്തില്‍ കൈകൂപ്പിയോ മാനസികമായോ ഈശ്വരനെ നമിക്കുക.
നാമജപം, മന്ത്രജപം
ഈശ്വരന്റെ ഏതെങ്കിലും പേരോ അഥവാ മന്ത്രമോ ഭക്തിയോടും ആത്മീയഭാവത്തോടും വീണ്ടും വീണ്ടും ആവര്‍ത്തിക്കുക, ഇതാണ് ജപം.
ജപത്തിന്റെ വിധി
ഈശ്വരന്റെ നമുക്കിഷ്ടമുള്ള ഏതെങ്കിലും പേരോ മന്ത്രമോ തിരഞ്ഞെടുക്കുക. തങ്ങളുടെ ഭക്തിയും ആത്മീയതയും നിലനിര്‍ത്തുക. പ്രാര്‍ത്ഥന അവസാനിച്ചു കഴിഞ്ഞു നാമമോ, മന്ത്രമോ ചെറിയ വേഗത്തില്‍ ചൊല്ലാനാരംഭിക്കുക.
ഞാനും എന്റെ ഭഗവാനും മാത്രം എന്നു ഇടയ്‌ക്കിടെ തന്നെത്തന്നെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. എപ്പോള്‍ വരെ മനസ്സു മുഴുകിയിരിക്കുന്നുവോ അതുവരെ, അല്ലെങ്കില്‍ താങ്കളുടെ പക്കല്‍ എത്ര സമയമുണ്ടോ അതുവരെ നാമമോ മന്ത്രമോ ജപിച്ചുകൊണ്ടിരിക്കുക. ഒടുവില്‍ കൈകൂപ്പിയോ, അഥവാ മാനസികമായോ ഈശ്വരനെ വണങ്ങി പ്രസന്നതയോടെ എഴുന്നേല്ക്കുക. താങ്കളുടെ ഉപാസന കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: