‘നിങ്ങള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസമില്ലാത്തതിനാല്‍ ജോലിയില്‍ പ്രൊമോഷന് ലഭിക്കുന്നില്ലേ… വരൂ ആറുമാസംകൊണ്ട് ഒറ്റ സിറ്റിംഗില്‍ ഡിഗ്രി പാസാകാം… ലോകത്തെവിടെയും പിജി ചെയ്യാം’ തുടങ്ങിയ ചില തട്ടിപ്പ് പരസ്യങ്ങള്‍ ധാരാളമുണ്ട്. ആ പരസ്യങ്ങളുടെ പിറകേ പോകുന്നതിനേക്കാള്‍ സംസ്ഥാനത്തെ ഏതെങ്കിലും ഒരു സര്‍ക്കാര്‍ നിയന്ത്രിത സര്‍വ്വകലാശാലയില്‍ ചേരുക. എന്തെങ്കിലും എവിടെനിന്നെങ്കിലും പകര്‍ത്തി എഴുതി നല്കിയാല് മതി. അതും ബുദ്ധിമുട്ടാണെങ്കില്‍ അധ്യപകര്തന്നെ എഴുതിത്തരും. പിഎച്ച്ഡി അല്ല, അതിനേക്കാള്‍ ഉയര്‍ന്ന ബിരുദം ഉണ്ടെങ്കില്‍ അതും നല്‍കും ‘കെ’ സര്‍വ്വകലാശാലകള്‍. പക്ഷെ ഒറ്റ നിര്‍ബന്ധം. ഒന്നുകില്‍ കുട്ടി സഖാവാകണം, അല്ലെങ്കില്‍ വലിയ സഖാവിന്റെ ഭാര്യയോ അടുത്ത ബന്ധുവോ ആകണമെന്നുമാത്രം.
കെ റെയില്‍, കെഫോണ്‍, കെ ചിക്കന്‍ അങ്ങനെ ഒരുപാട് ‘കെ’ കളുടെ കൂട്ടത്തില്‍ ഇപ്പോള്‍ ‘കെ’ സര്‍വ്വകലാശാലകളും ഇടം പിടിക്കുകയാണ്. ‘കെ’ സര്‍വ്വകലാശാലകളില്‍ പരീക്ഷ എഴുതാതെ ജയിക്കാം, തിസീസ് വയ്ക്കാതെ ഫെലോഷിപ്പ് നേടാം, തെറ്റുകളുടെ പ്രബന്ധത്തിന് പിഎച്ച്ഡി നേടാം, വ്യാജരേഖവച്ച് ജോലിനേടാം, മത്സരിച്ചില്ലെങ്കിലും കൗണ്‍സിലറാകാം, അങ്ങനെ നീളുന്നു ‘കെ’ സര്‍വ്വകലാശാലകളിലെ നമ്പര്‍വണ്‍ രീതികള്‍. പെട്ടന്ന് കേള്‍ക്കുമ്പോള്‍ ‘എന്റെ യൂണിവേഴ്സിറ്റി ഇങ്ങനെയല്ല’ എന്ന് തോന്നുമെങ്കിലും നേരോണം കലക്കി ഒന്നു ചിന്തിച്ചാല്‍ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ മനസിലേക്ക് ഓടിയെത്തും.
ഒരു സര്‍വ്വകലാശാലയില്‍ ഫെലോഷിപ്പിന് ചേരാന്‍ നൂറുകടമ്പ കടക്കണം. അതൊക്കെ കടന്ന് പ്രവേശനം കിട്ടിയാലോ ഗൈഡിനെ ദൈവത്തെപോലെ കണ്ട് അടിയാനെപ്പോലെ ഒപ്പം നടക്കണം. തിസീസ് തയ്യാറാക്കുമ്പോള്‍ വായിച്ചുപോലും നോക്കാതെ കീറിക്കളഞ്ഞ് ആവര്‍ത്തിച്ച് എഴുതിക്കും. ഫെലോഷിപ്പ് തുക കയ്യില്‍കിട്ടാന്‍ ഗൈഡിന് പുഷ്പാഭിഷേകം നടത്തണം. പക്ഷെ നിങ്ങളൊരു സഖാവാണെങ്കില്‍ ഹാജര്പോലുമില്ലാതെ ഫെലോഷിപ്പ് തുക പോക്കറ്റില്വരും. സംശയമുണ്ടെങ്കില്‍ ഡിവൈഎഫ്ഐ ദേശീയ സെക്രട്ടറി എ.എ.റഹിം എംപിയോട് ചോദിച്ചാല്‍ തിസീസ് വയ്ക്കാതെ ഫെലോഷിപ്പ് തുക കൈപ്പറ്റാനുള്ള പ്രത്യേക ‘ആക്ഷന്‍’ കൃത്യമായ പറഞ്ഞുതരും.
വര്‍ഷം 2011, ജനുവരിയിലെ തണുത്തകാലം. കുട്ടിസഖാവാണോ വലിയ സഖാവാണോ എന്ന് റഹിമിനുപോലും സംശയമുള്ളസമയം. കേരള സര്‍വ്വകലാശാലയുടെ ഇസ്ലാമിക് പഠന വിഭാഗത്തില്‍ എ.എ.റഹിമിന് ഫെലോഷിപ്പ് കിട്ടുന്നു. മതം കമ്മ്യൂണിസമായി കാണുന്ന റഹിം ‘ആധുനിക വിദ്യാഭ്യാസവും, അച്ചടി മാധ്യമങ്ങളും കേരളത്തിലെ മുസ്ലിം നവീകരണവും’ എന്ന വിഷയത്തിലാണ് ഗവേഷണം നടത്തുന്നത്. ഡോ. എസ്. ഷറഫുദീന്റെ മേല്‍നോട്ടത്തില്‍ ഗവേഷണം തുടങ്ങി. മൂന്നു വര്‍ഷത്തില്‍ ഗവേഷണം നടത്തി പ്രബന്ധം സമര്‍പ്പിക്കണം. അതിന് കഴിയാത്തവര്‍ക്ക് രണ്ട് വര്‍ഷം കൂടി നീട്ടി നല്‍കും. 2013 ല്‍ അവസാനിപ്പിക്കേണ്ട ഗവേഷണം റഹിമിന് 2015 മെയ് നാലുവരെ നീട്ടിനല്‍കി. അഞ്ച് വര്‍ഷം അവസാനിച്ചിട്ടും ഗവേഷണം എങ്ങും എത്താതെ വന്നതോടെ സ്വാധീനം ഉപയോഗിച്ച് രണ്ട് വര്‍ഷം കൂടി നേടി. എന്നിട്ടും ഗവേഷണം ആകാശത്തു തന്നെ. എങ്കിലും ഫെലോഷിപ്പ് തുകയായ 3,44,744 രൂപ പോക്കറ്റിലെത്തി. അതിനെന്താപ്രശ്നമെന്ന് ചോദിച്ചാല്‍ മുഴുവന്‍ സമയ ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ സമയം ഹാജര്‍ ഉണ്ടെങ്കിലേ ഫെലോഷിപ്പ് നല്‍കാവൂ. മുഴുവന്‍ സമയം ഗവേഷണം നടത്തുമ്പോഴാണ് 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ക്കലയില്‍ മത്സരിക്കുന്നതും ലോക്സഭാ തെരെഞ്ഞെടുപ്പിന് സജീവമായി പ്രചാരണ രംഗത്ത് ഉണ്ടായിരുന്നതും. പരാതി ഉയര്‍ന്നതോടെ രജസ്ട്രാര്‍ അന്വേഷിച്ചു. സഖാവിന്റെ ഹാജര്ബുക്ക് വീണ്ടെടുക്കാനാകാത്ത വിധം നശിച്ചുപോയെന്നാണ് വകുപ്പുമേധാവിയുടെ മറുപടി. അല്ലെങ്കിലും സഖാക്കള്‍ക്കെതിരെയുള്ള ചിലരേഖകള്‍ കത്തും, ചിലത് കാണാമറയത്ത് അപ്രത്യക്ഷമാകും. സ്വാഭാവികം മാത്രം.
ഇനി പിഎച്ച്ഡിയാണ് ലക്ഷ്യമെങ്കില്‍ രണ്ടുമൂന്നുപേരുണ്ട്. ആദ്യത്തെയാള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഡോ.കെ.ടി.ജലീലാണ്. ഡോക്ടറേറ്റ് നേടാന്‍ എങ്ങനെയാണ് തിസീസ് തയ്യാറാക്കേണ്ടതെന്ന് ജലീല്‍ സാഹിബിന്റെ അടുത്തുതന്നെ ശിഷ്യപ്പെടണം. തിസീസിലെ അക്ഷര തെറ്റുകള്‍ മാത്രം ചേര്‍ത്തുവച്ചാല്‍ മറ്റൊരു വലിയ പ്രബന്ധം പ്രസിദ്ധീകരിക്കാമെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മറ്റി കണ്ടെത്തിയത്. നൂറുകണക്കിന് ഉദ്ധരണികള്‍ അക്ഷരത്തെറ്റുകളോടെ പകര്‍ത്തിയെഴുതിയിട്ടുണ്ട്. അതിനാല്‍ പ്രബന്ധം വിദഗ്ധ സമിതിയെകൊണ്ട് പുനഃപരിശോധിക്കണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്കമ്മറ്റി ഗവര്‍ണര്‍ക്ക് പരാതി നല്കി. ഗവേഷകനായ മന്ത്രിയുടെ സ്വന്തം കുറിപ്പുകളില്‍ വ്യാകരണ പിശകുകളുടെ കൂമ്പാരമാണെന്നും പരാതിക്കാര്‍ ആരോപിച്ചു.
2006ല്‍ കേരള സര്‍വ്വകലാശാലയില്‍ സിന്‍ഡിക്കേറ്റ് നിലവിലില്ലാതിരുന്ന പ്രത്യേക കാലയളവില്‍ വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോ. എം.കെ.രാമചന്ദ്രന് നായര്‍ ഇടപെട്ട് തന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജലീലിനു ഡോക്ടറേറ്റ് നല്കിയതത്രേ. തെളിവുസഹിതം ലഭിച്ച പരാതിയില്‍ അന്വേഷണം നടത്താന്‍ ഗവര്‍ണര്‍ കേരള വി.സിയോട് ആവശ്യപ്പെട്ടു. പക്ഷെ എല്ലാം ശരിയാണെന്നും തെറ്റുകളേ ഇല്ലെന്നുമായിരുന്നു വി.സിയുടെ മറുപടി. കാരണം സഖാവ്… പിന്നെ മന്ത്രിയും. പ്രബന്ധം യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റില്‍ കണാന്‍പോലും കിട്ടാത്തതിനാല്‍ പരാതിക്കാര്‍ വിവരാവകാശ അപേക്ഷ നല്കിയാണത്രേ കണ്ടെത്തി പരിശോധിച്ചത്.
ഇനി നമ്മള് കാലങ്ങളായി കണ്ടും കേട്ടും വായിച്ചും പഠിച്ചതൊക്കെയും മാറ്റി ചരിത്രം സൃഷ്ടിക്കണമെങ്കില്‍ മറ്റൊരു സഖാവ് ചിന്താ ജെറോമിന്റെ പാത പിന്തുടരണം. അങ്ങനെയെങ്കില്‍ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ വാഴക്കുല എന്ന കവിതാ സമാഹാരം വൈലോപ്പിള്ളിയുടേതാണെന്ന് നിസംശയം പറയാം. വൈലോപ്പിള്ളിയുടെ പേരുപോലും അക്ഷരത്തെറ്റോടെ ‘വൈലോപ്പള്ളി’ എന്ന് രേഖപ്പെടുത്താം. ഗവഷണത്തിന് മേല്‍നോട്ടം വഹിച്ച കേരള സര്‍വ്വകലാശാല പ്രൊ വി.സി ഡോ. പി.പി. അജയകുമാറിനെപോലുള്ളവരും മൂല്യനിര്‍ണയ സംഘവും കണ്ണടച്ചോളും. വിവാദമാകുമ്പോള്‍ അജയകുമാര്‍ പറഞ്ഞപോലെ നോട്ടപ്പിശകാണെന്ന് കാട്ടി പ്രശ്നം പരിഹരിക്കുകയും ചെയ്യും. ഇനി കോപ്പിയടിക്കാനാണെങ്കില്‍ മറ്റൊരാളെക്കൂടി ബന്ധപ്പെടാം. സഖാവ് പി.കെ.ബിജുവിന്റെ ഭാര്യ വിജി വിജയന്. അവരുടെ പിഎച്ച്ഡി പ്രബന്ധവും കോപ്പിയടിച്ചതാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഇനി നിങ്ങള്‍ക്ക് പിഎച്ച്ഡി പ്രവേശനം ലഭിക്കുന്നില്ലെങ്കില്‍ കാലടി സര്‍വ്വകലാശാലയിലെ വ്യാജരേഖചമയ്ക്കല്‍ വിദഗ്ധ സഖാവ് കെ.വിദ്യയോട് ശിഷ്യപ്പെടണം. എസ്സി എസ്ടി ചട്ടം ഒക്കെ കാറ്റില്‍പറത്തി ഗവേഷണത്തിന് പ്രവേശനം ലഭിക്കാനുള്ള മാര്‍ഗ്ഗം പറഞ്ഞുതരും. ഇനി നിങ്ങള്‍ കൊലപാതക കുറ്റത്തിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിലാണെങ്കിലും പ്രശ്നമില്ല, മുഴുവന്‍ സമയ ഗവേഷണത്തിന് നിങ്ങള്‍ക്ക് പ്രവേശനം നല്‍കും. അത്തരം കാര്യങ്ങള്‍ക്ക് കേരള യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റിലെ സഖാക്കളെ ബന്ധപ്പെടണം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുന്‍ എസ്എഫ്ഐ നേതാവ് കെ. ധനീഷിന് ഗവേഷക രജിസ്ട്രേഷന് നല്കാന് കേരള രജിസ്ട്രാര്‍ക്ക് സിന്‍ഡിക്കേറ്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗവേഷണ രജിസ്ട്രേഷന്റെ രേഖകള്‍ കോടതിയിലും സര്‍ക്കാരിലും ഹാജരാക്കിയാല്‍ ഗവേഷണകാലമായ അഞ്ച് വര്‍ഷവും പരോളില്‍ പുറത്തു നില്ക്കാനാവും. ഇനി ഡിഗ്രിയോ പിജിയോ ഒക്കെ പരീക്ഷ എഴുതാതെ ജയിക്കാനാണെങ്കില്‍ എസ്എഫ്ഐയുടെ സ്റ്റേറ്റ് കമ്മറ്റിയുമായി ബന്ധപ്പെട്ടാല്‍ സംവിധാനം ഒരുക്കും. അദാലത്തോ സാങ്കേതിക തകരാറുവഴിയോ മാര്‍ക്ക് നല്കി വിജയിപ്പിച്ചോളും. പക്ഷെ എല്ലാത്തിനും ഒറ്റ നിബന്ധനമാത്രം…സഖാവോ സഖാവിന്റെ ഭാര്യയോ അടുത്തബന്ധുക്കളോ ആകണമെന്നുമാത്രം… കെ സര്‍വ്വകലാശാലകള്‍ എന്തിനും തയ്യാര്‍….
നാളെ…. ഒപ്പം നിന്നാല്‍ പൊന്നുമ്മ,
എതിര്‍ത്താല്‍…
പ്രതികരിക്കാൻ ഇവിടെ എഴുതുക: