കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഉപാധ്യക്ഷയായി ചുമതലയേറ്റ പ്രൊഫ. (ഡോ) കുമുദ് ശര്‍മ്മ 2006 മുതല്‍ ദല്‍ഹി സര്‍വകലാശാലയില്‍ ഹിന്ദി വിഭാഗത്തില്‍ പ്രൊഫസറാണ്. ആധുനിക ഹിന്ദി സാഹിത്യം, ബഹുജന മാധ്യമങ്ങള്‍ എന്നീ വിഷയങ്ങളിലാണ് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത്. ഭോപ്പാലിലെ അടല്‍ബിഹാരി ഹിന്ദി യൂണിവേഴ്സിറ്റിയുടെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം, യുജിസിയുടെ വിവിധ സമിതികളില്‍ അംഗം, എന്‍സിഇആര്‍ടി തുടങ്ങിയ വിദ്യാഭ്യാസ സമിതികളില്‍ അംഗം തുടങ്ങി അക്കാദമിക്, ഭരണ നിര്‍വഹണ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ്.
കേന്ദ്ര സാഹിത്യ അക്കാദമി സമിതിയിലേക്ക് ജനറല്‍ പദവിയിലേക്ക് മത്സരിച്ച് വിജയിച്ചയാളെന്ന നിലയില്‍ കുമുദ് ശര്‍മ്മ ഏറെ ശ്രദ്ധ നേടി. തപസ്യ കലാ സാംസ്കാരിക വേദിയുടെ പാലക്കാട്ടു നടന്ന 47 ാം വാര്‍ഷികത്തിന്റെ ഉദ്ഘാടനത്തിനെത്തിയ കുമുദ് ശര്‍മ്മ ‘ജന്മഭൂമി’ക്കുവേണ്ടി സുദീര്‍ഘം സംസാരിച്ചു. അഭിമുഖത്തില്‍നിന്ന്:
അക്കാദമിയിലേക്ക് നടന്ന തെരഞ്ഞെടുപ്പും വിജയവും ചിലരുടെ പരാജയവും അതിനെ തുടര്‍ന്നുള്ള വിവാദവും ഒന്നും ചര്‍ച്ചയാകരുത് എന്നു പറഞ്ഞായിരുന്നു തുടക്കം. ചുമതലയേറ്റ് ആദ്യ യോഗമെങ്കിലും കഴിയാതെ ഭരണ-നിവര്ഹണ കാര്യങ്ങളെക്കുറിച്ച് പറയുന്നത് ശരിയല്ലെന്ന നിലപാടും പറഞ്ഞു. കൃത്യമായ കാര്യപദ്ധതിയുള്ളവര്ക്കേ അങ്ങനെ വ്യക്തമായ നിലപാട് പറയാന്‍ തോന്നൂ. വിവാദങ്ങള്‍ക്കല്ല, സംവാദങ്ങള്‍ക്കാണ് സമയം ചെലവഴിക്കേണ്ടതെന്ന അഭിപ്രായവും പറഞ്ഞ് അക്കാദമിയെക്കുറിച്ച് തുടങ്ങി.
ഏത് പ്രാദേശിക ഭാഷയിലെയും അടിസ്ഥാന രചനകള്‍ക്ക് സമാന സ്വഭാവമുണ്ട്, സംസ്കാരമുണ്ട്. അത് നമ്മുടെ ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും മറ്റും ജീവിത കഥകളില്‍ ആധാരിതമാണ്. ഇതാണ് നമ്മുടെ രാജ്യത്തിന്റെ സഞ്ചിതമുദ്ര. സാംസ്കാരിക ഏകത. ഈ സാംസ്കാരികതയെ സാഹിത്യവും കലയുമാണ് സംരക്ഷിക്കുകയും നയിക്കുകയും ചെയ്യുന്നത്; സംസ്കാരത്തിന്റെ പ്രവാഹം നിലനിര്‍ത്തുന്നത്. ഇതിഹാസവും പുരാണവും ഉപനിഷത്തും വേദങ്ങളും നമുക്ക് നല്കിയ സ്വത്ത് ഇവിടെയുണ്ട്. അവയുടെ വിനിമയം ഉപയോഗത്തിലൂടെയും പ്രയോഗത്തിലൂടെയുമാണ് തലമുറകളിലേക്ക് തുടരുന്നത്. ആ തുടര്‍ച്ചയുടെ ഒഴുക്ക് നിയന്ത്രിക്കലാണ് കലയും സാഹിത്യവും ചെയ്യുന്നത്. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ സ്പര്ശമില്ലാത്താതായി ഏത് നാടന്‍ കലകളും ക്ലാസിക്കുകളും ആധുനിക കലാസാഹിത്യങ്ങളുമാണുള്ളത്?
- ഈ പ്രവര്‍ത്തനത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമിയും മറ്റു സംവിധാനങ്ങളും എന്തുചെയ്യുന്നു, എന്താണതിന്റെ ഫലം എന്നു വിശദീകരിച്ചാല്‍?
കേന്ദ്ര സാഹിത്യ അക്കാദമിയ്ക്ക് ഭാഷയും സാഹിത്യവും പോഷിപ്പിക്കുകയെന്ന ധര്‍മ്മമാണ് മുഖ്യം. അത് സാംസ്കാരികമായ പ്രവര്‍ത്തനമാണ്. ഒരേസമയം, ആനുകാലിക സാഹിത്യ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ ഒരു കോണില്‍ നടക്കുന്നത് മറ്റെല്ലായിടങ്ങളിലും എത്തിക്കുകയെന്ന ധര്‍മ്മവും സമാനമായ സാഹിത്യ സംരംഭങ്ങളിലൂടെ നവോത്ഥാന-സാമൂഹ്യപരിവര്‍ത്തന പ്രക്രിയകള്‍ രാജ്യത്തെമ്പാടും നടന്നിരുന്നു, നടക്കുന്നുവെന്ന് അറിയിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ട ചുമതലയുമുണ്ട്. പരിഭാഷകളിലൂടെ ആ ധര്‍മ്മം നിര്‍വഹിക്കുന്നു. മലയാളത്തില്‍ കുമാരനാശാന്, ഉള്ളൂര്‍, വള്ളത്തോള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സാഹിത്യത്തിലെ ആധുനികകാല പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമായ സാഹിത്യ സംരംഭങ്ങള്‍ മറ്റു ഭാഷകളിലും ഉണ്ടായിട്ടുണ്ട്. ഇത് പരസ്പരം അറിയണം, അറിയിക്കണം. അത്തരം പ്രവര്‍ത്തനങ്ങളില്‍ അക്കാദമി വ്യാപൃതമാണ്.
- പക്ഷേ, അക്കാദമിയുടെ ഭാഗമായിരുന്നവര്ക്കു പോലും ഭാരതീയമായവയോട് പുച്ഛവും അകല്‍ച്ചയുമാണ്. അവര്‍ വൈദേശിക സാഹിത്യത്തെ മഹത്തെന്ന് പ്രശംസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍വന്നിട്ടുണ്ടോ?
ഉവ്വ്. ശരിയാണ്. ഭാരതീയമായത് സാഹിത്യമായാലും കലയായാലും അത് പിന്തിരിപ്പനാണെന്നും ഇംഗ്ലീഷ് പോലെ വിദേശഭാഷകളില്‍ വരുന്ന സാഹിത്യരചനകള്‍ മികച്ചതാണെന്നുമുള്ള ധാരണ ചിലര്‍ പരത്തുന്നുണ്ട്. അത് ശരിയല്ല. നമുക്ക് ഇതര ഭാഷകളില്‍നിന്നും ഇതര രാജ്യങ്ങളില്‍നിന്നും സര്‍ഗസാഹിത്യം സ്വീകരിക്കാം. ആ ഭാഷകളേയും സംസ്കാരത്തേയും തിരിച്ചറിയാം. പക്ഷേ അതിനെന്തിനാണ് നമ്മുടേത് മോശമെന്ന് പറയുന്നത്. നമ്മുടെ സംസ്കാരത്തെ, സാഹിത്യത്തെ തള്ളിക്കളഞ്ഞ് മറ്റൊന്നിനെ സ്വീകരിക്കുകയല്ല വേണ്ടത്. നമുക്ക് എല്ലാം സ്വീകാര്യമാണ്, സ്വാംശീകരിക്കാനുള്ള കഴിവ് നമുക്കുണ്ട്. മികച്ചത് നിലനില്ക്കും, മികച്ചതേ നിലനില്‍ക്കൂ. നമ്മള് ഒന്നിനേയും തകര്‍ക്കുന്നവരല്ല, പലതിനെ ചേര്‍ക്കുന്നവരാണ്. തകര്ക്കുന്നവരുണ്ടെങ്കില് അവരെ ചെറുക്കുകയെന്ന വെല്ലുവിളിയും നമുക്കുണ്ട്.
എല്ലാ വിഷയത്തിലും പരിഹാരം നമ്മുടെ സാഹിത്യ രചനകളിലുണ്ട്. വ്യക്തികളുടെ പ്രശ്നങ്ങള്‍, സമൂഹത്തിന്റെ വിഷയങ്ങള്‍, അത് പരിസ്ഥിതിയാവട്ടെ, ശാസ്ത്രമാകട്ടെ, ജീവിത പ്രശ്നങ്ങളാകട്ടെ, സാമൂഹ്യജീവിതമാകട്ടെ, സകലതിനും പരിഹാരചര്ച്ചയും നിര്‍ദ്ദേശവും നമ്മുടെ സാഹിത്യത്തിലുണ്ട്.
- താങ്കളുടെ പുസ്തകങ്ങളില്‍ ഒന്ന് ആഗോളവല്ക്കരണവും മാധ്യമങ്ങളും എന്നതാണ്. അതിലെ നിഗമനം ആഗോളവല്‍ക്കരണം സാംസ്കാരിക രംഗത്ത് വന്നേക്കുമെന്ന് കരുതിയ ഭീഷണിയെ ഭാരതം അതിജീവിക്കുകയും ലോകത്തെ സാംസ്കാരികമായി സ്വാധീനിക്കുകയും ചെയ്തുവെന്നാണ്. ഏറെച്ചുരുക്കി അത് വ്യക്തമാക്കിയാല്‍ എങ്ങനെ പറയാം?
എന്തായിരുന്നു ആദ്യകാലത്ത് ആഗോളവല്‍ക്കരണത്തെക്കുറിച്ചുള്ള വിമര്‍ശനം, കാഴ്ചപ്പാട്. അത് വൈവിധ്യമാര്‍ന്ന ലോക സംസ്കാരങ്ങളെ ഇല്ലാതാക്കി ഒറ്റ സംസ്കാരത്തിലേക്ക് ഒതുക്കുമെന്നായിരുന്നു ഒരു വാദം. ഒരു ലോകം, ഒരു ചിന്ത, ഒരു ഭാഷ മാത്രമാകും എന്നൊക്കെ ആയിരുന്നു പലരും പരത്തിയ ധാരണ ആദ്യം. പക്ഷേ 1991 ല്‍ ആഗോളവല്‍ക്കരണം തുടങ്ങിയപ്പോള്‍ ഉണ്ടായ ആ ചിന്തകളും ഉത്കണ്ഠകളും ഒക്കെ ഇന്ന് മാറിയില്ലേ? കമ്പ്യൂട്ടര്‍ വന്നതോടെ ഭാഷാ വൈവിധ്യം ഇല്ലാതാകും, ഇന്ത്യന്‍ ഭാഷകളില്ലാതാകുമെന്ന് പ്രചാരണം നടന്നില്ലേ? ലോകം മുഴുവന്‍ ഒരേയൊരു ഭാഷയാകും ഇംഗ്ലീഷ് മാത്രമേ കമ്പ്യൂട്ടറില്‍ സാധിക്കൂ എന്നെല്ലാം പലരും ഉത്കണ്ഠപ്പെട്ടു. പക്ഷേ ഇന്നോ? ഓരോ പ്രാദേശിക ഭാഷയും കമ്പ്യൂട്ടറുപയോഗത്തിന് സാധ്യമാകുന്നു. സാങ്കേതികതയുമായി യോജിച്ചു പോകുകയേ വേണ്ടൂ. അതാണ് പാഠം. ഇനി സംസ്കാരത്തിന്റെ കാര്യം നോക്കൂ. യോഗ നമ്മുടെ ഭാരതീയമായ സംസ്കാരമായിരുന്നു. അത് ഇപ്പോള്‍ ലോകം മുഴുവന്‍ സ്വീകരിക്കുന്നു. പലരും പറഞ്ഞിരുന്നത് വിദേശ സംസ്കാരം നമ്മെ വിഴുങ്ങുമെന്നായിരുന്നു. പക്ഷേ നമ്മുടെ സംസ്കാരം ലോകവ്യാപകമായി എന്നതാണ് ആഗോളവല്‍ക്കരണത്തിന്റെ മറുവശം.
എന്നാല്‍ ചെറുഭാഷകള്‍ നശിക്കുന്നുമില്ലേ. ഉണ്ട്. അത് തടയണം. അതിന് അക്കാദമി പലതും ചെയ്യുന്നുണ്ട്. നമുക്ക് എത്രയെത്ര ഭാഷകളുണ്ട്. ഓരോ ഗോത്രത്തിനും ഭാഷകളുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പോയാല്‍ അവിടങ്ങളില്‍ ഭാഷാവൈവിധ്യം ഏറെയാണ്. അവയെ സംരക്ഷിക്കണം. നമ്മുടെ സംസ്കാരവും ഭാഷയും തമ്മില്‍ ഏറെ ബന്ധിതമാണ്. ഭാഷ സംരക്ഷിച്ചാല്‍ സംസ്കാരവും നിലനില്ക്കും. അതിന് അക്കാദമി പ്രതിബദ്ധമാണ്. ഇതിന് പുത്തന്‍ ആശയങ്ങളും ആവിഷ്കരിക്കേണ്ടതുണ്ട്.
- ബഹുജന മാധ്യമ മേഖലയെക്കുറിച്ചാണ് താങ്കള്‍ ഏറെ പഠിച്ചിരിക്കുന്നത്. ഈ മേഖലയില്‍ സാംസ്കാരിക അധിനിവേശവും അതുണ്ടാക്കിയ മാറ്റവും ഒടുവില്‍ അവ സ്വയമേവ ഇവിടത്തെ കാഴ്ചക്കാരുടെ താല്പര്യത്തിന് മാറിയതും ഒരു പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. അതെക്കുറിച്ച് പറഞ്ഞാല്‍?
നമ്മുടെ മാധ്യമലോകത്ത് ബഹുരാഷ്ട്ര കമ്പനികള്‍ ധാരാളം വന്നു. അവ വരുന്നതിന് മുന്‍പ് ടെലിവിഷനില്‍ ഒട്ടേറെ ഹിന്ദി സീരിയലുകള്‍ ഉണ്ടായിരുന്നു. ഏറ്റവും ജനപ്രിയമായിമാറിയ ‘ബുനിയാദ്’ ഒരു വന്‍ പരമ്പരയായിരുന്നു. അതേപോലെ ‘ഹംലോഗ്,’ ‘മഹാഭാരതം,’ ‘രാമായണം’ ഒക്കെ സീരിയലുകളായി. അവയെല്ലാം ഇന്ത്യന്‍ സാഹചര്യത്തിലെ കുടുംബജീവിതങ്ങളും ജീവിത മൂല്യങ്ങളുമൊക്കെ വിഷയമാക്കി. എന്നാല്‍ ബഹുരാഷ്ട്ര കുത്തകകള്‍ വന്നതോടെ പരസ്യത്തിന്റെ മാര്‍ക്കറ്റ് പോലെയായി സീരിയലുകളും ടെലിവിഷന്‍ പരിപാടികളും. ഇടയ്ക്കിടെ വാണിജ്യ ഇടവേളകള്‍ വന്നു. അവയുടെ ആധിക്യമായി. ആ സീരിയലുകള്‍ മനുഷ്യജീവിതമായിരുന്നു. ഏറെക്കുറെ യഥാതഥമായ ജീവിതം. അതില്‍ സംഘര്‍ഷങ്ങള്‍, വിഷമതകള്‍, സന്തോഷങ്ങള്‍, പ്രശ്നപരിഹാരങ്ങള്‍ ഒക്കെയായി കുടുംബത്തിന്റെ അന്തരീക്ഷമായിരുന്നു.
പക്ഷേ അത്തരം പരിപാടികള്‍ക്കിടയില്‍ പരസ്യക്കമ്പനികളുടെ ‘വലിയ താല്‍പ്പര്യങ്ങള്‍’ വന്നപ്പോള്‍ വിലകൂടിയ വാഹനത്തിന്റെയും വിവിധ ആര്ഭാടങ്ങളുടെയും മറ്റും പരസ്യങ്ങള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. അപ്പോള്‍ അതനുസരിച്ചുള്ള പരിപാടികള്‍ വേണമെന്നു വന്നു. അതനുസരിച്ച് കുടുംബം, ഒന്നിച്ചുപോകല്‍ തുടങ്ങിയ ആശയങ്ങളില്‍നിന്ന് മാറി കുടുംബ ബന്ധങ്ങളുടെ തകര്‍ച്ച, സഹോദരങ്ങള്‍ തമ്മിലുള്ള മത്സരം, അനാവശ്യ ആര്‍ഭാടം, വ്യക്തികളുടെ പകതീര്‍ക്കല്‍ തുടങ്ങിയ കഥകളായി ഇതിവൃത്തം. വിജയിക്കുന്ന ജീവിതത്തിനു പകരം പരാജയങ്ങളുടെ കഥകളായി. പരസ്യം നല്കുന്ന കമ്പനികള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന സ്ഥിതി വന്നു. അതനുസരിച്ച് ഉള്ളടക്കം അവര്‍ നിശ്ചയിക്കുന്ന തരത്തിലായി.
പക്ഷേ ഇന്ത്യയിലെ മാര്‍ക്കറ്റില്‍ എത്തിച്ചേരാന്‍ ഇന്ത്യന്‍ സംസ്കാരം സ്വീകരിക്കണമെന്ന് പയ്യെപ്പയ്യെ ഈ വന്‍കിട കോര്‍പ്പറേറ്റുകള്‍ തിരിച്ചറിഞ്ഞു. അങ്ങനെ പരസ്യത്തില്‍പ്പോലും നമ്മുടെ സംസ്കാരം കടന്നുവന്നു. ഉദാഹരണത്തിന് ചോക്ലേറ്റിന്റെ പരസ്യത്തിന് ‘കുച്ഛ് മീഠാ’ എന്ന പരസ്യവാചകം വന്നു. അത് ആഘോഷവേളകളില്‍ മധുരം എന്ന നമ്മുടെ സംസ്കാരമാണ്; ആഘോഷത്തിന് മദ്യം എന്നല്ല. ‘ദില്‍ മാം ഹേ മോര്’ എന്ന പരസ്യ വാക്യം ആ സാംസ്കാരിക സ്വാധീനമാണ്. ആശയവിനിമയത്തിന്റെ അടിസ്ഥാന സങ്കല്‍പ്പംതന്നെ അങ്ങനെയാണ്. ആരെയാണോ നിങ്ങള്‍ സ്വാധീനിക്കാന്‍ ആഗ്രഹിക്കുന്നത്. അവരുടെ ഭാഷയില്‍, സംസ്കാരത്തിലവരോട് സംവദിക്കുകയെന്നതാണ്. മാറ്റം വ്യക്തമാണ്. പരസ്യങ്ങള്‍ നിരീക്ഷിച്ചാല്‍ നിങ്ങള്‍ക്കറിയാം. സീരിയലുകള്‍ നോക്കൂ, അതിലും ഇന്ത്യന്‍ സംസ്കാരത്തിലേക്കുള്ള മാറ്റം കാണാനാകുന്നുണ്ട്. അതായത് ഭയന്ന തരത്തില്‍ അപകടമുണ്ടായിട്ടില്ല.
- താങ്കളുടെ ഒരു പുസ്തകം ആധുനിക കവിതയെക്കുറിച്ചുള്ള നിരീക്ഷണവും വിലയിരുത്തലുമാണ്. കവിതയില്‍ ദേശീയതയുടെ പങ്കാണ് ചര്‍ച്ച ചെയ്യുന്നത്. കവിതയിലെ കാലികമായ മാറ്റം വിലയിരുത്തിയാല്‍?
കവിത സ്വാതന്ത്ര്യത്തിനുശേഷം എന്ന വിഷയത്തിലാണ് ഞാന്‍ പഠനം നടത്തിയത്. സ്വാതന്ത്ര്യലബ്ധിയോടെ രാഷ്ട്രചേതന എന്ന സങ്കല്‍പ്പം കഴിഞ്ഞു, പുതിയ വിഷയങ്ങളും ഭാവുകത്വവും ഉള്ളടക്കവുമായി എന്നാണ് ചിലരുടെ പറച്ചില്. ചിലര്‍ അങ്ങനെ വേണമെന്ന് വാദിക്കുന്നു. പക്ഷേ രാഷ്ട്രത്തിന് ആത്മാവ് ഒരിക്കലും മാറുന്നില്ല; ദേശീയതയാണത്. സ്വാതന്ത്ര്യലബ്ധിവരെ അത് ഒരു രീതിയിലായിരുന്നു. ആ രീതി മാറി എന്നേ പറയാനാവൂ. ദേശീയതയുടെ മൂല്യം ഇല്ലാതാവുന്നില്ല. അതിന് ഓരോരോ കാലത്ത് വിഷയവും സ്വരൂപവും മാറുന്നുവെന്നയുള്ളൂ. അടിസ്ഥാനപരമായി ദേശീയതക്ക് ഒരു സ്വഭാവം തന്നെയാണ്.
- സാഹിത്യ അക്കാദമി ഹിന്ദിക്കുമാത്രമാണ് പ്രാമുഖ്യം കൊടുക്കുന്നതെന്നാണ് ചില ആക്ഷേപങ്ങള്‍. അതില്‍ കഴമ്പുണ്ടോ?
അങ്ങനെയല്ല. ഹിന്ദിക്കു മാത്രമല്ല എല്ലാ ഭാഷകള്‍ക്കും പ്രാധാന്യം കൊടുത്താണ് അക്കാദമി മുന്നോട്ടുപോകുന്നത്. എല്ലാ ഭാഷകളും സാഹോദര്യത്തോടെ നിലനില്ക്കും. അങ്ങനെ വളരണം അതാണ് താല്‍പ്പര്യം.
- അക്കാദമി അത് നിലവില്‍വന്ന കാലത്തെ സങ്കല്‍പ്പങ്ങളും മാനദണ്ഡങ്ങളുമൊക്കെയായി തുടരുകയാണെന്ന ആക്ഷേപങ്ങള്‍ പലകോണുകളില്നിന്നുയര്ന്നിട്ടുണ്ട്. വാസ്തവത്തില്‍ കാലികമായ പ്രവര്‍ത്തനങ്ങളില്‍ അക്കാദമിയുടെ പങ്കുണ്ടോ? എന്തായിരിക്കണം അക്കാദമിയുടെ ചുമതല?
ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടതേയുള്ളൂ. ചുമതലയേറ്റ് കാര്യങ്ങള്‍ പഠിച്ചിട്ടുവേണം ഈ വിഷയത്തില്‍ പറയാന്‍. പക്ഷേ ചില കാര്യങ്ങള്‍ എക്കാലത്തേയും യാഥാര്‍ത്ഥ്യമാണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ സങ്കല്‍പ്പമനുസരിച്ചുള്ള ശ്രേഷ്ഠഭാരതം വികസിത ഭാരതം എന്ന സ്ഥിതിയിലേക്ക് അക്കാദമിക്ക് ചെയ്യാനാവുന്നത് സാധ്യമാക്കും.
നമുക്ക് ഒരു പൈതൃകമുണ്ട്. അതില്‍നിന്ന് ആവുന്നത്ര ഗുണപരമായത് സ്വീകരിക്കണം. അതിനോട് ചേര്‍ന്നു നില്‍ക്കണം. ഒപ്പം ഇന്നിന്റെ സാങ്കേതികത ഉള്‍ക്കൊള്ളണം. അത് സാഹിത്യ-സര്‍ഗ്ഗ പ്രവര്‍ത്തനത്തിന് വിനിയോഗിക്കണം. അതേ സമയം ഈ സൃഷ്ടികള്‍ ഭാവിക്ക് ഗുണകരവും മാതൃകയുമാകണം. അതായിരിക്കണം സാഹിത്യപ്രവര്‍ത്തനം. ഊഞ്ഞാലിലെന്നപോലെ പിന്നോട്ടുപോകണം, ഇന്നിലൂടെ കടന്നു പോകണം, നാളെയിലേക്കും എത്തിച്ചേരണം.
സാഹിത്യം സമൂഹത്തിന്റെ കണ്ണാടി മാത്രമായിരിക്കരുത്. അത് ഭാവിയിലേക്കുള്ള വഴികൂടി കാട്ടുന്നതാവണം. തെറ്റെന്ത്, ശരിയെന്ത്, നാളത്തേക്ക് എങ്ങനെ എന്നും പറയുന്നതാകണം. സാഹിത്യം സത്യകഥ മാത്രമല്ല, ആകില്ല. സാഹിത്യം സൃഷ്ടിയാണ്, ഒപ്പം അതിന് ദൃഷ്ടിയുമുണ്ടാകണം. ശരിയായ ദൃഷ്ടിയില് നടത്തുന്ന സൃഷ്ടിയായിരിക്കണം സാഹിത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: