ഭോപ്പാല്‍ : ഹനുമാന് ആദിവാസിയാണെന്ന കോണ്‍ഗ്രസ് എം എല്‍ എയുടെ പരാമര്‍ശം വിവാദത്തില്‍. ഗോത്രവര്‍ഗ നേതാവ് ബിര്‍സ മുണ്ടയുടെ 123-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ നടന്ന പരിപാടിക്കിടെയാണ് ഉമംഗ് സിംഗ്ഹാര്‍ എം എല്‍ എ ഇക്കാര്യം പറഞ്ഞത്.
രാമായണത്തില്‍ കുരങ്ങന്മാരെന്ന് വിശേഷിപ്പിക്കപ്പെടുന്നവര്‍ ആദിവാസികളാണെന്ന് ഉമംഗ് സിംഗ്ഹാര്‍ പറഞ്ഞു. ‘കാട്ടില്‍ താമസിച്ചിരുന്ന ആദിവാസികള്‍ ശ്രീരാമനെ ലങ്കയിലെത്താന്‍ സഹായിച്ചു. ചിലര്‍ അവരെ വാനര്‍സേന എന്ന് വിളിക്കുന്നു. എന്നിരുന്നാലും, ഇവയൊക്കെ വെറും കഥകള്‍ മാത്രമാണ്. ഹനുമാനും ഒരു ആദിവാസി ആയിരുന്നു.ഹനുമാന്റെ പിന്തുടര്ച്ചക്കാരാണ് തങ്ങളെന്നും എം എല്‍ എ പറഞ്ഞു.
എം എല്‍ എയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ശക്തമായ പ്രതികരണവുമായി ബി ജെ പി രംഗത്ത് വന്നു.
ഭഗവാന് ഹനുമാനെ അവര്‍ ദൈവമായി കാണുന്നില്ല. ഹനുമാനെ ആരാധിക്കുന്നില്ലെന്നും അതിനാലാണ് എം എല്‍ എ ഇങ്ങനെ പറഞ്ഞതെന്നും ബി ജെ പി വക്താവ് ഹിതേഷ് ബാജ്പേയി ആരോപിച്ചു.
ഇതാണോ ഹനുമാനെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ നിലപാടെന്ന് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനെയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെയും ടാഗ് ചെയ്ത് ഹിതേഷ് ബാജ്പേയി ചോദിച്ചു.
ആദിവാസികളെ അപമാനിക്കുകയും സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തുകയും ചെയ്തതിന് മാപ്പ് പറയണമെന്ന ആവശ്യവുമുയര്‍ന്നിട്ടുണ്ട്.
എന്നാല്‍ ആദിവാസികളെ ഹനുമാന്റെ പിന്‍ഗാമികള്‍ എന്ന് വിളിക്കുന്നത് അപമാനിക്കാനല്ലെന്ന് കോണ്‍ഗ്രസ് എം എല്‍ എ പറഞ്ഞു..
കഴിഞ്ഞ മാസം, സിയോനി ജില്ലയില്‍ കമല്‍നാഥിന്റെ സാന്നിധ്യത്തില്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെ മറ്റൊരു ആദിവാസി കോണ്‍ഗ്രസ് എംഎല്‍എ അര്ജുന് സിംഗ് കക്കോഡിയയും സമാന പ്രസ്താവന നടത്തിയിരുന്നു. ലോകം രക്ഷിക്കാന്‍ കാളകൂടവിഷം കുടിച്ച ശിവന് ആദിവാസിയാണെന്നാണ് എം എല്‍ എ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: