ഭോപ്പാല്‍: അറുപത്തിആറാമത് ദേശീയ സ്‌കൂള്‍ അണ്ടര്‍ 19 അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഹരിയാനയ്‌ക്ക് ഓവറോള്‍ കിരീടം. 9 സ്വര്‍ണവും 7 വെള്ളിയും 4 വെങ്കലവുമടക്കം 140 പോയിന്റുമായാണ് ഹരിയാന ഓവറോള്‍ ചാമ്പ്യന്മാരായത്. അഞ്ച് വീതം സ്വര്‍ണവും വെള്ളിയും മൂന്ന് വെങ്കലവുമടക്കം 86 പോയിന്റുമായി ഉത്തര്‍പ്രദേശ് രണ്ടാം സ്ഥാനവും 6 സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമടക്കം 82 പോയിന്റുമായി മഹാരാഷ്‌ട്ര മൂന്നാം സ്ഥാനവും നേടി. 4 സ്വര്‍ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 76 പോയിന്റ് നേടിയ കേരളം നാലാമതാണ്.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹരിയാന 98 പോയിന്റുമായി ഒന്നാമതും പെണ്‍കുട്ടികളില്‍ 54 പോയിന്റുമായി മഹാരാഷ്‌ട്രയുമാണ് ഒന്നാമത്. ആണ്‍കുട്ടികളില്‍ 52 പോയിന്റുമായി ഉത്തര്‍പ്രദേശാണ് രണ്ടാമത്. 44 പോയിന്റുമായി കേരളം മൂന്നാമതും.
പെണ്‍കുട്ടികളില്‍ 48 പോയിന്റുമായി പശ്ചിമബംഗാള്‍ രണ്ടാമതും 42 പോയിന്റുമായി ഹരിയാന മൂന്നാമതുമാണ്. 32 പോയിന്റുമായി ആറാമതാണ് കേരളം.
മീറ്റിലെ മികച്ച പുരുഷ താരമായി ഉത്തര്‍പ്രദേശിന്റെ ദേവേന്ദ്രകുമാര്‍ പാണ്ഡെയെയും പെണ്‍കുട്ടികളില്‍ മഹാരാഷ്‌ട്രയുടെ ശ്രവാണി സന്‍ഗ്ലെയെയും തെരഞ്ഞെടുത്തു.
മീറ്റിന്റെ അവസാന ദിനമായ ഇന്നലെ കേരളത്തിന് രണ്ട് വെള്ളിയും വെങ്കലവുമടക്കം നാല് മെഡലുകള്‍ കൂടി ലഭിച്ചു. ആണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ തിരുവനന്തപുരം ജി.വി. രാജ സ്പോര്‍ട്സ് സ്‌കൂളിലെ സി.വി. അനുരാഗ് വെള്ളി മെഡല്‍ നേടി. 6.96 മീറ്റര്‍ ചാടിയാണ് താരം വെള്ളി നേടിയത്. പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ കേരളത്തിനായി എസ്. മേഘ വെള്ളി നേടി. പാലക്കാട് കൊടുന്തിരപ്പള്ളി പുളിയപറമ്പ് എച്ച്എസ്എസിലെ എസ്. മേഘ 25.99 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് വെള്ളി മെഡല്‍ നേടിയത്. കഴിഞ്ഞ ദിവസം മേഘ 100 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്നു.
ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ ആന്റോ ആന്റണി കേരളത്തിനായി വെങ്കലം നേടി. ഇടുക്കി പെരുവനന്താനം സെന്റ് ജോസഫ് എച്ച്എസ്എസിലെ ആന്റോ ആന്റണി 1:55.92 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് വെങ്കലം നേടിയത്. പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ അരുമാനൂര്‍ എംവിഎച്ച്എസ്എസിലെ ഷീബ. ഡി 5.45 മീറ്റര്‍ ചാടി വെങ്കലം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: