പാരിസ്: കളമിണ് കോര്‍ട്ടിലെ വനിതാ ഗ്രാന്‍ഡ് സ്ലാം വിജയിയെ നിര്‍ണയിക്കുന്ന ദിവസമാണിന്ന്. ചാമ്പ്യന്‍പട്ടം നിലനിര്‍ത്താന്‍ ലോക ഒന്നാം നമ്പര്‍ താരം ഇഗ ഷ്യാങ്ടെക്ക് ഒരുവശത്ത്. ഫ്രഞ്ച് ഓപ്പണില്‍ അല്ഭുതകുതിപ്പോടെ കലാശപ്പോര് വരെ എത്തിനില്‍ക്കുന്ന കറുത്ത കുതിരയായി കരോലിന മുച്ചോവ എതിര്‍പക്ഷത്ത്.
കരോലിന മുച്ചോവ, ചെക്ക താരം, 26കാരി. ഫൈനല്‍ പ്രവേശത്തോടെ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുന്നു. ഫ്രഞ്ച് ഓപ്പണിന്റെ ചരിത്രത്തില്‍ കുറഞ്ഞ റാങ്കില്‍ നിന്നും ഫൈനല്‍ വരെ എത്തിയ താരമെന്ന ഖ്യാതി. ഷ്യാങ് ടെക്, യലേന ഒസ്ടാപെന്കോ, റെനേറ്റ ടൊമാനോവ എന്നിവരും ഇത്തരത്തില്‍ കുറഞ്ഞ റാങ്കില്‍ നിന്നും ഫൈനലിലെത്തിയിട്ടുള്ള താരങ്ങളാണ്. സെമിയില്‍ രണ്ടാം സീഡ് താരം അരൈന സബലെങ്കയെ തോല്‍പ്പിച്ചാണ് ഈ ചെക്കുകാരി മുച്ചോവയുടെ മുന്നേറ്റം.
ബെലാറൂസിയന്‍ താരം സബലെങ്ക തോറ്റതോടുകൂടി അടുത്ത റാങ്ക് പട്ടികയില്‍ ഇഗയ്ക്ക് വെല്ലുവിളി കാണില്ല, ഒന്നാം സ്ഥാനം ഉറപ്പ്. രണ്ടാം റാങ്കിലുള്ള അരൈന ഫൈനലിലെത്തിയെങ്കില്‍ മത്സരഫലത്തിന്റെ അടിസ്ഥാനത്തിലായിരുന്നേനേ കാര്യങ്ങള്‍.
മുച്ചോവയുടെ അല്ഭുതകുതിപ്പിന് വെല്ലുവിളിയായി ഫൈനലിലെത്തിയിരിക്കുന്നത് കരുത്തന് എതിരാളി തന്നെ. ലോക ഒന്നാം നമ്പര്‍ താരം ഇഗ ഷ്യാങ്ടെക് എന്ന 22കാരി. സെമിയില്‍ പരാജയപ്പെടുത്തിയത് ബ്രസീലില്‍ നിന്നെത്തിയ ഹദ്ദാദ് മായിയയെ ആണ്. ഈ ബ്രസീലിയന്‍ എതിരാളിക്കും കരിയറിലെ ഏറ്റവും മികച്ച മുന്നേറ്റമാണ് ഇത്തവണത്തെ ഫ്രഞ്ച് ഓപ്പണ്‍ സെമിവരെ മുന്നേറിയ മികവ്. സ്കോര്‍: 62, 76(97)നാണ് ഇഗ സെമി ജയിച്ചത്. വമ്പന്‍ താരത്തിന് മുന്നില്‍ രണ്ടാം സെറ്റ് മകച്ച പോരാട്ടം കാഴ്ചവച്ചാണ് മായിയയുടെ മടക്കം. ജയത്തോടെ ഇഗയ്ക്ക് കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ മൂന്നാം ഫൈനലിനാണ് യോഗ്യയായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: