തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
സസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കും. വ്യാഴാഴ്ചയാണ് കാലവര്‍ഷം കേരളത്തിലെത്തിയത്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രഖ്യാപിച്ചതില്‍ നിന്നും ഒരാഴ്ചയ്ക്ക് ശേഷമാണ് കാലവര്‍ഷം സംസ്ഥാനത്ത് എത്തിയത്. കാറ്റിന്റെ ഗതി എതിര്ദിശയിലായതാണ് കാലവര്‍ഷം എത്താന്‍ വൈകിയതിന് കാരണം. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.
അതേസമയം കാലവര്‍ഷം തുടങ്ങിയതോടെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നേക്കും. മഴ കനത്താല്‍ ആറ് ഷട്ടറുകള്‍ ഒരു മീറ്റര്‍ വരെ ഉയര്‍ത്തി സെക്കന്‍ഡില്‍ 234 ക്യുമെക്സ് വെള്ളം പുറത്തേക്കൊഴുക്കാനാണ് തീരുമാനം. തൊടുപുഴ, മൂവാറ്റുപുഴയാറുകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടറും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 39.62 മീറ്ററാണ് നിലവിലെ ജലനിരപ്പ്. 42 മീറ്ററാണ് പരമാവധി സംഭരണ ശേഷി. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തമായതും മൂലമറ്റം പവര്‍ ഹൗസില്‍ നിന്നും കൂടുതല്‍ ജലമെത്തുന്നതും പരിഗണിച്ചാണ് ഷട്ടറുകള്‍ ഉയര്‍ത്താന്‍ ആലോചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: