മുംബൈ: പിന്‍വലിക്കാനിരിക്കുന്ന 2000 രൂപ നോട്ടുകളുടെ 50 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ഏകദേശം 1,80,000 കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് ഇതുവരെ തിരിച്ചെത്തിയത്. ഇത് മാര്‍ച്ച് 31 ന് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ ഏകദേശം 50 ശതമാനമാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി.
ആ നോട്ടുകളില്‍ 85 ശതമാനവും ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപമായി തിരിച്ചെത്തികഴിഞ്ഞു. ഒരു ബാങ്കിലും തിരക്ക് ഉണ്ടായിട്ടില്ല എന്നതാണ് സന്തോഷമുണ്ടാക്കുന്ന കാര്യം. വരും ദിവസങ്ങളിലും പരിഭ്രാന്തരായി ബാങ്കുകളിലേക്ക് തിരക്കുകൂട്ടരുതെന്നും അദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ബാങ്ക് ശാഖകളില്‍ അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. മെയ് 19ന് 2000 രൂപ മൂല്യമുള്ള കറന്‍സി നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കാന്‍ ആര്‍ബിഐ തീരുമാനിച്ചെങ്കിലും അത് നിയമപരമായ ടെന്‍ഡറായി തന്നെ തുടരും. അതേസമയം, 2000 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നത് അടിയന്തരമായി നിര്‍ത്തണമെന്ന് ആര്‍ബിഐ നേരത്തെ തന്നെ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആളുകള്‍ക്ക് അവരുടെ 2000 രൂപ നോട്ടുകള്‍ ബാങ്ക് ശാഖകളിലും ആര്‍ബിഐയുടെ പ്രാദേശിക ശാഖകളിലും മാറ്റാനോ നിക്ഷേപിക്കാനോ കഴിയും. അക്കൗണ്ട് ഇല്ലാത്ത ഒരാള്‍ക്ക് 2000 രൂപ നോട്ടുകള്‍ ഒരു സമയം 20,000 രൂപ വരെ ഏത് ബാങ്ക് ശാഖ വഴിയും മാറ്റാം.
സമയബന്ധിതമായി തീരുമാനം പൂര്‍ത്തിയാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് മതിയായ സമയം നല്കുന്നതിനുമായി നിലവില്‍ സെപ്റ്റംബര്‍ 30 ആണ് അവസാന തീയതിയായി തീരുമാനിച്ചിരിക്കുന്നത്. 1934 ലെ ആര്‍ബിഐ നിയമത്തിലെ സെക്ഷന്‍ 24(1) പ്രകാരം 2016 നവംബറില്‍ 2000 രൂപ മൂല്യമുള്ള ബാങ്ക് നോട്ട് അവതരിപ്പിച്ചത് അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന എല്ലാ 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ക്ക് നിയമപരമായ ടെണ്ടര്‍ പദവി പിന്‍വലിച്ചതിന് ശേഷം സമ്പദ്വ്യവസ്ഥയുടെ കറന്‍സി ആവശ്യകതകള്‍ വേഗത്തില്‍ നിറവേറ്റുന്നതിനായിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: