പുതുക്കാട്: വരന്തരപ്പിള്ളി കുന്നത്തുപാടത്തെ ഷാജുവിന്റെ പറമ്പില്‍ വിദേശിയും സ്വദേശിയുമായ 27 ഇനം വ്യത്യസ്തമായ സസ്യവര്‍ഗങ്ങളാണ് നട്ടുവളര്‍ത്തുന്നത്. ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്ത് നാട്ടില്‍ അപൂര്‍വമായി മാത്രം വളരുന്ന കര്‍പ്പൂരം, കായം, കാട്ടുകുന്തിരിക്കം, കായാമ്പൂ തുടങ്ങിയവയും ഷാജുവിന്റെ പറമ്പിലുണ്ട്. കിവി, ഡ്രാഗണ്‍ ഫ്രൂട്ട്, ജംബോട്ടിക്ക എന്നറിയപ്പെടുന്ന മരമുന്തിരി, കൊളോനിയം, ലാഗോണ്‍, ബുള്‍ബുള്‍, ചൈനീസ് ഓറഞ്ച്, വെല്‍വറ്റ് ആപ്പിള്‍, അവക്കാഡോ, സീതപ്പഴം തുടങ്ങി 20 ഇനം ഫലവൃക്ഷങ്ങള്‍ തന്നെയുണ്ട് ഷാജുവിന്റെ ശേഖരത്തില്‍.
കുന്നത്തുപാടം തയ്യാലയ്‌ക്കല്‍ ഷാജു പത്ത് വര്‍ഷത്തോളമായി നാട്ടില്‍ കൃഷിയുമായി ജീവിതം നയിക്കുന്നു. ക്രൂഡോയില്‍ പൈപ്പ് ലൈന്‍ വെല്‍ഡറായി നിരവധി രാജ്യങ്ങളില്‍ ജോലി ചെയ്തിട്ടുള്ള ഷാജു വിദേശ രാജ്യങ്ങളില്‍ കണ്ടറിഞ്ഞ അപൂര്‍വ വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചാണ് കൃഷി തുടങ്ങിയത്. അതില്‍ ബ്രസീല്‍, കസാഖിസ്ഥാന്‍, ആംഗോള, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളിലെ അപൂര്‍വ ഫലവൃക്ഷങ്ങളുമുണ്ട്.
ഭാര്യ ഷിജിയും കൃഷിക്ക് പൂര്‍ണ പിന്തുണയായി ഷാജുവിനൊപ്പമുണ്ട്. മക്കളായ സാന്ദ്രയും സോണറ്റും വിദേശത്ത് ഉപരിപഠനം നടത്തുകയാണ്. മുന്‍ പഞ്ചായത്തംഗമായിരുന്ന ഷാജു പത്ത് വര്‍ഷം മുമ്പ് രാജി വെച്ചാണ് വിദേശത്ത് പോയത്. വിദേശത്തു കണ്ട അപൂര്‍വയിനം വൃക്ഷ – സസ്യയിനങ്ങള്‍ നാട്ടിലെ വിവിധയിടങ്ങളില്‍ നിന്നാണ് ഷാജു കണ്ടെത്തി നട്ടുവളര്‍ത്തിയത്.
കായാമ്പൂ പൂത്തു നില്‍ക്കുന്ന മുറ്റത്ത് അത്യപൂര്‍വമായ ദ്വാരമുള്ള രുദ്രാക്ഷം വളര്‍ത്താനുള്ള ശ്രമത്തിലാണ് ഷാജു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: